ഇന്ധന സെസ് 34000 കോടിയുടെ നികുതി വരുമാനത്തിന് പുറമെ
text_fieldsകൊച്ചി: വൻ പ്രതിഷേധങ്ങൾക്ക് വഴിവെച്ച സംസ്ഥാനത്തെ ഇന്ധന സെസ് ഏർപ്പെടുത്തിയത് കഴിഞ്ഞ നാല് സാമ്പത്തിക വർഷത്തിൽ ലഭിച്ച 34,000 കോടിയുടെ നികുതി വരുമാനത്തിന് പുറമെ. 2019-20 സാമ്പത്തിക വർഷം മുതൽ 2022-23 കാലയളവുവരെ സംസ്ഥാന സർക്കാറിന് ഇന്ധന നികുതിയായി 34,000 കോടിയാണ് ലഭിച്ചത്. ഇതിൽ പെട്രോൾ നികുതിയായി 17,701.79 കോടി ലഭിച്ചപ്പോൾ ഡീസൽ വിൽപന നികുതിയായി 16,297.89 കോടിയും ലഭിച്ചു.
ശരാശരി 8,500 കോടി വാർഷിക നികുതി ഇനത്തിൽ ലഭിക്കുമ്പോഴാണ് സാമൂഹിക സുരക്ഷ സെസ് ഏർപ്പെടുത്തലിലൂടെ പെട്രോളിനും ഡീസലിനും രണ്ട് രൂപ വർധിപ്പിച്ചത്. രണ്ടാം പിണറായി വിജയൻ സർക്കാർ അധികാരത്തിൽ വന്ന ശേഷം പെട്രോൾ വിറ്റ വകയിൽ 10,753.93 കോടി നികുതിയായി ലഭിച്ചു. ഈ കാലയളവിൽ 9,438.44 കോടി ഡീസൽ വിറ്റ വകയിലും നികുതി ലഭിച്ചു. കൊച്ചിയിലെ പ്രോപ്പർ ചാനൽ പ്രസിഡന്റ് എം.കെ. ഹരിദാസിന് വിവരാവകാശ നിയമപ്രകാരം ജോയന്റ് ടാക്സ് കമീഷണറേറ്റ് നൽകിയ മറുപടിയിലാണ് കണക്കുകളുള്ളത്.
750 കോടിയുടെ അധിക വരുമാനം ലക്ഷ്യമിട്ടാണ് പെട്രോൾ, ഡീസൽ എന്നിവക്ക് ലിറ്ററിന് രണ്ട് രൂപ നിരക്കിൽ സാമൂഹിക സുരക്ഷ സെസ് ഏർപ്പെടുത്തിയിരിക്കുന്നത്. പ്രതിഷേധങ്ങൾക്കൊടുവിലും തീരുമാനത്തിൽനിന്ന് സർക്കാർ പിന്നോട്ടുപോയിട്ടില്ല. അതേസമയം, 2023-24ലെ ബജറ്റിൽ പെട്രോളിനും ഡീസലിനും സാമൂഹിക സുരക്ഷ സെസ് ഏർപ്പെടുത്തിയതിനെ തുടർന്ന് രണ്ട് രൂപ വർധിപ്പിച്ച ശേഷം ഏപ്രിൽ മാസം ലഭിച്ച അധിക നികുതിയുടെ കണക്ക് ഓഫിസിൽ ലഭ്യമല്ലെന്നാണ് വിവരാവകാശ മറുപടിയിൽ പറയുന്നത്.
ഇത്രയേറെ നികുതി വരുമാനം ലഭിക്കുമ്പോൾ ഇന്ധന നികുതി കുറച്ച് ജനങ്ങളെ നികുതി ഭാരത്തിൽനിന്ന് രക്ഷിക്കേണ്ട നടപടി ഉണ്ടായില്ലെന്നത് പ്രതിഷേധാർഹമാണെന്ന് എം.കെ. ഹരിദാസ് ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.