ക്ഷേമ പെൻഷനുകൾക്ക് രണ്ട് രൂപ സെസ് ചുമത്തൽ; ഖജനാവിലെത്തിയത് 260 കോടി; ഇന്ധന വിൽപന കുറഞ്ഞു
text_fieldsതിരുവനന്തപുരം: ക്ഷേമ പെൻഷനുകൾക്ക് വക കണ്ടെത്തുന്നതിനായി പെട്രോൾ-ഡീസൽ വിലയിൽ ഏർപ്പെടുത്തിയ രണ്ട് രൂപ സാമൂഹിക സുരക്ഷ സെസ് ഇനത്തിൽ ആദ്യ നാല് മാസം കൊണ്ട് ഖജനാവിലെത്തിയത് 260.56 കോടി. ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള കണക്ക് പ്രകാരമാണിത്. അതേ സമയം സെസ് തീരുമാനവും ഇലക്ട്രോണിക് വാഹനങ്ങളുടെ വർധന മൂലവും ഇന്ധന ഉപഭോഗത്തിൽ കുറവ് വന്നിട്ടുണ്ടെന്നും സർക്കാറിന്റെ തന്നെ കണക്കുകൾ അടിവരയിടുന്നു. 21.20 കോടിയായിരുന്നു ഏപ്രിലിൽ സംസ്ഥാനത്തെ പെട്രോൾ വിൽപന. ഡീസലാകട്ടെ 26.88 കോടി ലിറ്ററും. എന്നാൽ ജൂലൈയിലേക്കെത്തുമ്പോൾ പെട്രോൾ ഉപഭോഗം 20.07 കോടിയായും ഡീസൽ ഉപയോഗം 22.01 കോടിയായുമാണ് കുറഞ്ഞത്.
ചരക്കുവാഹനങ്ങളും അന്തർ സംസ്ഥാന ബസുകളും മറ്റും ഇതര സംസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നതും ഉപഭോഗക്കുറവിന് കാരണമായിട്ടുണ്ട്. ഇന്ധനസെസിലൂടെ ഈ സാമ്പത്തിക വർഷം 750 കോടിയാണ് ലക്ഷ്യമിടുന്നത്.
ഇതിന് പുറമേ ഇന്ധന ഇനത്തിലെ നികുതിയിലും കഴിഞ്ഞ രണ്ട് സാമ്പത്തിക വർഷങ്ങളിലും വരുമാന വർധനയായിരുന്നുവെങ്കിലും ഈ വർഷം മാന്ദ്യം പ്രകടമാണ്. 2021-2022ൽ 4954 കോടിയായിരുന്നു പെട്രോളിലെ മാത്രം നികുതി വരുമാനം. 2022-23ൽ ഇത് 6082 ആയി. ഈ സാമ്പത്തിക വർഷം ആദ്യ നാല് മാസത്തെ കണക്ക് പ്രകാരം പെട്രോളിൽ നിന്നുള്ള നികുതി വരവ് 1712 കോടിയാണ്.
ഈ കണക്കുകൾ പ്രകാരമാണെങ്കിൽ ഈ വർഷത്തെ വരുമാനം 5200 കോടിയിൽ നിൽക്കും. ഇ-വാഹനങ്ങളുടെ എണ്ണം പെരുകുന്ന പ്രവണത വർധിക്കുന്ന സാഹചര്യത്തിൽ വിശേഷിച്ചും. ഡീസൽ ഇനത്തിലെ നികുതി വരവും വ്യത്യസ്തമല്ല. ഡീസലിൽനിന്ന് 2021-2022 വർഷം കിട്ടിയത് 4463 കോടിയാണ്. 2022-23ൽ ഇത് 5451 കോടിയായി. ഇക്കുറി ജൂലൈ വരെയുള്ളത് 1412 കോടിയാണ്.
ഇന്ധന സെസ് ഏർപ്പെടുത്തിയതോടെ കെ.എസ്.ആർ.ടി.സിയുടെ അധികബാധ്യതയും വർധിച്ചു. 2.78 ലക്ഷം ലിറ്റർ ഡീസലാണ് കെ.എസ്.ആർ.ടി.സി വാങ്ങുന്നത്.
പൊതുജനത്തിന് നൽകുന്ന അതേ നിരക്കും നികുതിയുമാണ് കെ.എസ്.ആർ.ടി.സിക്കും. ഡീസലിന് രണ്ട് രൂപ കൂടിയതോടെ പ്രതിദിനം 5.56 ലക്ഷം രൂപ അധികമായി കണ്ടെത്തണം. ഇത്തരത്തിൽ പ്രതിമാസ അധിക ചെലവ് 1.68 കോടിയാണ്.
ഇക്കഴിഞ്ഞ നാല് മാസം കെ.എസ്.ആർ.ടി.സി സാമൂഹികസുരക്ഷ സെസ് ഇനത്തിൽ സർക്കാറിലേക്ക് നൽകിയത് 6.72 കോടിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.