മ്യാൻമറിൽ തടവിലായിരുന്ന വള്ളിക്കാപ്പറ്റ സ്വദേശികൾ തിരിച്ചെത്തി
text_fieldsമങ്കട: ഓൺലൈൻ വഴി ജോലിക്കായി തായ്ലൻഡിൽ എത്തുകയും പിന്നീട് മ്യാൻമറിലെ തട്ടിപ്പ് സംഘത്തിന്റെ തടവിലാകുകയും ചെയ്ത കൂട്ടിലങ്ങാടി പഞ്ചായത്തിലെ വള്ളിക്കാപ്പറ്റ സ്വദേശികൾ സുരക്ഷിതരായി തിരിച്ചെത്തി. വള്ളിക്കാപറ്റ കുറ്റീരി അബൂബക്കറിന്റെ മകൻ ശുഹൈബ്, കൂരിമണ്ണിൽ പുള്ളിക്കാമത്ത് സഫീർ എന്നിവരാണ് വെള്ളിയാഴ്ച രാവിലെ ബംഗളൂരു വഴി തിരിച്ചെത്തിയത്. ശുഹൈബിെൻറ കുടുംബം ബംഗളൂരുവിലാണുള്ളത് എന്നതിനാൽ ശുഹൈബ് അവിടെ തങ്ങുകയും സഫീർ വള്ളിക്കാപറ്റയിലെ വീട്ടിലെത്തുകയും ചെയ്തു. കഴിഞ്ഞ മാസം 28 ന് ഇവർ തട്ടിപ്പ് സംഘത്തിന്റെ പിടിയിൽ നിന്ന് രക്ഷപ്പെട്ടിരുന്നു. എന്നാൽ, നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൂന്നാഴ്ച തികയുമ്പോഴാണ് ഇവർ തിരിച്ചെത്തിയത്. കഴിഞ്ഞ മെയിലാണ് ഇവർ സംഘത്തിന്റെ പിടിയിലായതായി വിവരം ലഭിച്ചത്. മുമ്പ് ഗൾഫിൽ ജോലി ചെയ്തിരുന്ന ഇരുവരും ഓൺലൈൻ അഭിമുഖത്തിലൂടെയാണ് തായ്ലൻഡിലേക്ക് ജോലി ആവശ്യാർഥം പോയത്.
മെയ് 21നാണ് അവിടെ എത്തിയത്. തായ്ലൻഡിലെ വിമാനത്താവളത്തിൽ നിന്ന് ഫോട്ടോയെടുത്ത് ഇവർ ബന്ധുക്കൾക്ക് അയച്ചിരുന്നു. എന്നാൽ, ദിവസങ്ങൾക്ക് ശേഷം ഒരു വിവരവുമില്ലാതായി. പിന്നീട് ഇവർ തന്നെ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് തട്ടിപ്പ് സംഘത്തിന്റെ പിടിയിലകപ്പെട്ടതായറിഞ്ഞത്. ദുബൈയിൽ നിന്ന് വ്യാജ റിക്രൂട്ട്മെന്റ് ഏജന്റ് മുഖേനയാണ് ഇവർ തായ്ലൻഡിൽ എത്തിയതെന്നാണ് വിവരം. മോചനത്തിനായി ആക്ഷൻ കൗൺസിൽ രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് തായ്ലൻഡിൽ തന്നെയുള്ള ഒരു ഏജൻസിയെ മധ്യസ്ഥരാക്കി മോചനശ്രമം നടത്തിയത്. ശുഐബിനും സഫീറിനും പുറമെ മറ്റ് 19 പേരെക്കൂടി മ്യാൻമറിൽ നിന്നുള്ള സംഘം മോചിപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.