കെട്ടിടാവശിഷ്ടങ്ങൾ ജലാശയത്തിൽ തള്ളിയാൽ തടവും പിഴയും
text_fieldsതിരുവനന്തപുരം: കെട്ടിടാവശിഷ്ടങ്ങള്‍ ജലാശയങ്ങളിൽ തള്ളിയാല്‍ മൂന്നുവര്‍ഷം വരെ തടവോ രണ്ടു ലക്ഷം രൂപ വരെ പിഴയോ ശിക്ഷ ലഭിക്കും. കെട്ടിടാവശിഷ്ടങ്ങള്‍ മറ്റു മാലിന്യവുമായി കൂട്ടിക്കലര്‍ത്തിയാല്‍ 10,000 രൂപയും പൊതുസ്ഥലത്ത് നിക്ഷേപിച്ചാല്‍ 20,000 രൂപയുമാണ് പിഴ. കെട്ടിടം പൊളിച്ച് ഏഴു ദിവസത്തിനകം മാലിന്യം നീക്കം ചെയ്തില്ലെങ്കില്‍ ഓരോ ടണ്ണിനും 5000 രൂപ പിഴയിടാം. വേര്‍തിരിച്ച നിലയില്‍ കെട്ടിടാവശിഷ്ടം നല്‍കിയില്ലെങ്കിലും, നിയമാനുസൃതമല്ലാത്ത രീതിയിലാണ് വാഹനത്തില്‍ കൊണ്ടുവരുന്നതെങ്കിലും 10,000 രൂപയാണ് പിഴ. കെട്ടിടാവശിഷ്ടങ്ങള്‍ ലൈസൻസ് ഇല്ലാതെ കൈകാര്യം ചെയ്താലും 10,000 രൂപ പിഴയുണ്ട്. കുറ്റകൃത്യം ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിയാക്കാം.
കെട്ടിട നിർമാണ-പൊളിക്കല്‍ മാലിന്യം കൈകാര്യം ചെയ്യുന്നതിൽ സർക്കാർ പുറത്തിറക്കിയ മാര്‍ഗരേഖയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മാലിന്യം ശേഖരിക്കാനുള്ള സംവിധാനം എല്ലാ തദ്ദേശ സ്ഥാപനത്തിലും ഒരുക്കും. മാലിന്യ ശേഖരണ സംവിധാനം തദ്ദേശ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലും, വിവിധ തദ്ദേശ സ്ഥാപനങ്ങള്‍ കൂടിച്ചേര്‍ന്നും, പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയോ, പൂര്‍ണമായും സ്വകാര്യ ഉടമസ്ഥതയിലോ ആകാമെന്ന് മാർഗനിർദേശത്തിൽ പറയുന്നു.
രണ്ട് ടണ്ണില്‍ താഴെയുള്ള കെട്ടിടാവശിഷ്ടങ്ങള്‍ക്ക് കലക്ഷൻ ഫീസ് ഉണ്ടാകില്ല. രണ്ട് ടണ്ണിനും 20 ടണ്ണിനും ഇടയിലുള്ള മാലിന്യം ശേഖരിക്കാൻ കലക്ഷൻ ഫീസ് കെട്ടിട ഉടമ നല്‍കണം. ഇല്ലെങ്കില്‍ സ്വന്തം ചെലവില്‍ കലക്ഷൻ സെന്‍ററുകളില്‍ മാലിന്യം എത്തിക്കണം. 20 ടണ്ണിലധികം കെട്ടിടാവശിഷ്ടങ്ങള്‍ ഉണ്ടെങ്കില്‍, കെട്ടിട ഉടമ സ്വന്തം ചെലവില്‍ കലക്ഷൻ കേന്ദ്രങ്ങളില്‍ മാലിന്യം എത്തിക്കുകയും സംസ്കരണത്തിനുള്ള ഫീസ് അടക്കുകയും ചെയ്യണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.