സമൂഹമാധ്യമങ്ങള്‍ വഴിയുള്ള കുറ്റകൃത്യങ്ങള്‍ക്ക് അഞ്ച് വർഷം വരെ തടവ്; പൊലീസ് ആക്ട് ഭേദഗതിയിൽ ഗവർണർ ഒപ്പിട്ടു
text_fieldsതിരുവനന്തപുരം: സമൂഹമാധ്യമങ്ങള്‍ വഴിയുള്ള കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷ ഉറപ്പാക്കിക്കൊണ്ട് പൊലീസ് ആക്ടില്‍ വരുത്തിയ ഭേദഗതിയിൽ ഗവർണർ ഒപ്പിട്ടു. കുറ്റകൃത്യങ്ങള്‍ക്ക് അഞ്ച് വർഷം വരെ തടവ് ലഭിക്കുന്ന രീതിയിലാണ് ഭേദഗതി വരുത്തിയത്.
സൈബര്‍ ആക്രമണങ്ങൾ ഉൾപ്പെടെയുള്ളവയെ നേരിടാൻ നിലവിലെ നിയമവ്യവസ്ഥകള്‍ അപര്യാപ്തമായ സാഹചര്യത്തിലാണ് ഭേദഗതി വരുത്താൻ മന്ത്രിസഭ യോഗം തീരുമാനിച്ചത്. അടുത്ത കാലത്ത് സൈബര്‍ വേദികള്‍ ഉപയോഗിച്ച് നടത്തിയ ചില കുറ്റകൃത്യങ്ങള്‍ സ്ത്രീ സമൂഹത്തിനിടയില്‍ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. സ്വകാര്യജീവിതത്തിനും സൈബര്‍ ആക്രമണങ്ങള്‍ വലിയ ഭീഷണിയായി.
നിലവിലെ പൊലീസ് ആക്ടില്‍ 118 എ എന്ന വകുപ്പ് കൂട്ടിച്ചേര്‍ക്കാനാണ് മന്ത്രിസഭ ശിപാര്‍ശ ചെയ്തത്. ഏതെങ്കിലും വ്യക്തിയെ ഭീഷണിപ്പെടുത്താനോ അപമാനിക്കാനോ അപകീര്‍ത്തിപ്പെടുത്താനോ ഉദ്ദേശിച്ച് ഏതെങ്കിലും തരത്തിലുള്ള വിനിമയ ഉപാധികളിലൂടെ ഉള്ളടക്കം നിര്‍മിക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവര്‍ക്ക് അഞ്ചുവര്‍ഷം വരെ തടവോ 10,000 രൂപ വരെ പിഴയോ, അല്ലെങ്കില്‍ രണ്ടും കൂടിയോ വിധിക്കുന്നതിനുള്ള വ്യവസ്ഥയാണ് കൂട്ടിച്ചേര്‍ക്കുന്ന വകുപ്പിലുള്ളത്.
2000ലെ ഐ.ടി ആക്ടിലെ 66 എ വകുപ്പും 2011ലെ കേരള പൊലീസ് ആക്ടിലെ 118 ഡി വകുപ്പും അഭിപ്രായസ്വാതന്ത്ര്യത്തിന് എതിരാണ് എന്നുകണ്ട് സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ഇതിനു പകരം മറ്റു നിയമവ്യവസ്ഥകളൊന്നും കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നിട്ടില്ല. ഈ സാഹചര്യത്തില്‍ സമൂഹമാധ്യമങ്ങള്‍ വഴി നടക്കുന്ന കുറ്റകൃത്യങ്ങള്‍ ഫലപ്രദമായി നേരിടാന്‍ പൊലീസിന് കഴിയാത്ത സാഹചര്യമാണ്. ഇതെല്ലാം കണക്കിലെടുത്താണ് നിയമത്തില്‍ ഭേദഗതി വരുത്താന്‍ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു.
അതേസമയം, പൊലീസിന് അമിതാധികാരം നൽകുന്നതാണ് പുതിയ ഭേദഗതിയെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ നാട്ടിൽ നിലനിൽക്കുന്ന വികാരത്തെ മുൻനിർത്തി വിമർശനങ്ങളെ അടിച്ചമർത്താനും അഭിപ്രായസ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടാനും മാധ്യമസ്വാതന്ത്ര്യം ഇല്ലാതാക്കാനുമുള്ള ഓർഡിനൻസുമായാണ് സർക്കാർ രംഗത്തുവരുന്നതെന്നാണ് ആരോപണം.
പുതിയ ഓർഡിനൻസ് സ്ത്രീകൾക്കെതിരായ സൈബർ ആക്രമണങ്ങളെ കുറിച്ചല്ല പറയുന്നത്. സൈബർ ഇടങ്ങളാവട്ടെ, അച്ചടി-ദൃശ്യ മാധ്യമങ്ങളാവട്ടെ, പോസ്റ്ററുകളോ ബോർഡുകളോ ആവട്ടെ ഏത് വഴിയിലും 'ഭീഷണിപ്പെടുത്താനോ അപമാനിക്കാനോ അപഖ്യാതി വരുത്താനോ ഉദ്ദേശിച്ച്' എന്തെങ്കിലും പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്ന ആർക്കെതിരെയും കേസെടുക്കാനും അഞ്ച് വർഷം വരെ തടവിലിടാനും പൊലീസിന് അധികാരം നൽകുന്നതാണ് പുതിയ ഭേദഗതി.
ഇതിനാവട്ടെ, ഏതെങ്കിലും പരാതിക്കാരെൻറ പരാതിയുടെ ആവശ്യമില്ല. പൊലീസിന് സ്വമേധയാ കേസെടുക്കാവുന്നതേയുള്ളൂ. ഭേദഗതിയിലെ മേൽവാചകങ്ങൾ ആർക്കും എങ്ങനെയും വ്യാഖ്യാനിക്കാവുന്നതേയുള്ളൂ. പൊലീസിെൻറ അമിതാധികാരത്തിനും നിയമത്തിെൻറ ദുരുപയോഗത്തിനുമുള്ള വലിയ സാധ്യതകൾ തുറന്നിടുന്നതാണ് ഈ ഭേദഗതി എന്നതിൽ സംശയമില്ലെന്നും ആക്ഷേപമുണ്ട്.
സൈബർ കുറ്റകൃത്യങ്ങളെ കൈകാര്യം ചെയ്യുന്ന ഐ.ടി ആക്ടിലെ 66-എയും കേരള പൊലീസ് ആക്ടിലെ 118-ഡിയും ഭരണഘടന വിരുദ്ധമാണെന്നു കണ്ട് സുപ്രീംകോടതി 2015ൽ റദ്ദ് ചെയ്തതാണ്. അന്ന് റദ്ദ് ചെയ്യപ്പെട്ട 118 ഡിയിലെ അതേ കാര്യങ്ങളാണ് കൂടുതൽ തീവ്രമായി ഇപ്പോൾ പുതിയ ഓർഡിനൻസിലും വരാൻ പോകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.