ഉമ തോമസിന്‍റെ ആരോഗ്യനിലയിൽ പുരോഗതി; ശ്വാസകോശത്തിന് ചതവുണ്ട്, അണുബാധ തടയാനുള്ള ചികിത്സയിലാണ്
text_fieldsകൊച്ചി: കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നൃത്തപരിപാടിക്കിടെ കെട്ടിയ താൽക്കാലിക സ്റ്റേജിൽനിന്ന് വീണ് ഗുരുതര പരിക്കേറ്റ തൃക്കാക്കര എം.എൽ.എ ഉമ തോമസിന്‍റെ ആരോഗ്യനിലയിൽ പുരോഗതിയെന്ന് മെഡിക്കൽ ബുള്ളറ്റിൻ. മകന്‍ വിഷ്ണുവിന്‍റെ നിര്‍ദേശങ്ങളോട് ഉമ തോമസ് പ്രതികരിച്ചെന്നും കലൂർ റിനൈ മെഡിസിറ്റി മെഡിക്കല്‍ ഡയറക്ടര്‍ ഡോ. കൃഷ്ണനുണ്ണി പോളക്കുളത്ത് മാധ്യമങ്ങളെ അറിയിച്ചു.
നിലവില്‍ വെന്‍റിലേറ്ററിലായ ഉമ തോമസ് ഗുരുതരാവസ്ഥയിൽ നിന്ന് മുക്തയല്ല. വെന്‍റിലേറ്റില്‍ നിന്ന് മാറ്റി 24 മണിക്കൂര്‍ കഴിഞ്ഞാലേ അപകടാവസ്ഥ തരണം ചെയ്തതായി പറയാന്‍ സാധിക്കൂവെന്നും ഡോക്ടർ വ്യക്തമാക്കി.
'രാവിലെ ആറു മണിയോടെ സെഡേഷന്‍ മരുന്നിന്‍റെ ഡോസ് കുറച്ചു. ഏഴു മണിയോടെ മകന്‍ വിഷ്ണു എം.എല്‍.എയെ അകത്തു കയറി കണ്ടു. വിഷ്ണു പറയുന്നതിനോട് അവര്‍ പ്രതികരിച്ചു. കണ്ണു തുറന്നു, കൈകാലുകള്‍ അനക്കി, ചിരിച്ചു, ഇതെല്ലാം തലച്ചോറിലുണ്ടായ ക്ഷതങ്ങളില്‍ പുരോഗതിയുണ്ടെന്നുള്ളതാണ് വ്യക്തമാക്കുന്നത്. അത് ആശ്വാസാവഹമാണ്.
ശ്വാസകോശത്തിന്‍റെ എക്‌സ്‌റേയിലും നേരിയ പുരോഗതിയുണ്ട്. എങ്കിലും ശ്വാസകോശത്തിലുള്ള ചതവുണ്ട്. ശ്വാസകോശത്തില്‍ രക്തം പോയിട്ടുണ്ട്. അതുകൊണ്ട് തന്നെ അണുബാധ ഒഴിവാക്കാനുള്ള ചികിത്സ തുടരുകയാണ്.'-മെഡിക്കല്‍ ഡയറക്ടര്‍ വ്യക്തമാക്കി.
അതിനിടെ, പരിപാടി സംഘടിപ്പിച്ച മൃദംഗ വിഷൻ എന്ന സംഘടനക്കെതിരെ പാലാരിവട്ടം പൊലീസ് കേസെടുത്തു. ഇവൻറ് മാനേജ്മെന്‍റ് ഏറ്റെടുത്ത ഓസ്കർ ഇവൻറ് മാനേജ്മെന്‍റ് ഗ്രൂപ് ഉടമ കൃഷ്ണകുമാറിനെ അറസ്റ്റ് ചെയ്തു. തുടർന്ന് ജാമ്യത്തിൽ വിട്ടയച്ചു.
ജീവൻ അപകടത്തിലാക്കുന്ന അശ്രദ്ധ, ക്രമസമാധാന ലംഘനം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്. സ്റ്റേജിന് മുൻവശം നടന്നുപോകാൻ വഴിയുണ്ടായിരുന്നില്ല, കൈവരി സ്ഥാപിച്ചില്ല, അശ്രദ്ധയോടെ സ്‌റ്റേജ് നിർമിച്ചു എന്നിങ്ങനെ വീഴ്ചകൾ എഫ്.ഐ.ആറിൽ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.