ആശുപത്രിക്കിടക്കയിൽ; പിതാവിനൊപ്പം പെരുന്നാളെന്ന ആഗ്രഹം സഫലമാകാതെ മഅ്ദനി
text_fieldsകൊച്ചി: രോഗിയായ പിതാവിനൊപ്പം പെരുന്നാൾ ആഘോഷിക്കുകയെന്ന ആഗ്രഹം പൂർത്തീകരിക്കാനാകാതെ പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനി. മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലായിരുന്നു മഅ്ദനിയുടെ ബലിപെരുന്നാൾ. ഏറെ പ്രതീക്ഷയോടെയാണ് ജാമ്യ ഇളവിന്റെ ആനുകൂല്യത്തിൽ ജൂൺ 26ന് വൈകീട്ട് മഅ്ദനി ബംഗളൂരുവിൽനിന്ന് വിമാനം കയറിയത്. പിതാവിനെ സന്ദർശിക്കലും മരണപ്പെട്ട മാതാവിന്റെ ഖബറിടം സന്ദർശിക്കലുമായിരുന്നു പ്രധാനം. നെടുമ്പാശ്ശേരിയിലിറങ്ങി പിതാവിനെ കാണാനായുള്ള യാത്രക്കിടെയാണ് അസ്വസ്ഥതകൾ കലശലായി മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സ തുടർന്നതോടെയാണ് ബലിപെരുന്നാൾ പിതാവ് അടക്കമുള്ള കുടുംബാംഗങ്ങളോടൊപ്പം ആഘോഷിക്കാമെന്ന ആഗ്രഹം നടക്കാതിരുന്നത്.
പെരുന്നാൾ ദിനത്തിൽ ഭാര്യ സൂഫിയയും മകനുമാണ് ഒപ്പമുണ്ടായിരുന്നത്. പക്ഷാഘാതത്തെ തുടർന്ന് കൊല്ലം ശാസ്താംകോട്ടയിലെ കുടുംബവീട്ടിൽ അവശ നിലയിലാണ് പിതാവ് അബ്ദുൽ സമദ് മാസ്റ്റർ. ഇരുവരും അവസാനം കണ്ടത് 2018 നവംബർ അഞ്ചിനാണ്. അത്യാസന്ന നിലയിലായിരുന്ന മാതാവിനെ കാണാൻ കോടതി അനുമതിയോടെയാണ് അന്നും മഅ്ദനിയെത്തിയത്. പിതാവിനെ എറണാകുളത്തെത്തിക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹത്തിന്റെ ആരോഗ്യനിലയും അതിന് അനുകൂലമല്ലെന്നാണ് സൂചന.
കടുത്ത രക്തസമ്മർദവും ഇടക്കിടെയുള്ള സ്ട്രോക്കും ഉയർന്ന ക്രിയാറ്റിൻ അളവുമാണ് മഅ്ദനിയുടെ ആരോഗ്യ സ്ഥിതി ആശങ്കയിലാക്കുന്നത്. ആശുപത്രിയിലെത്തി അഞ്ച് ദിനം പിന്നിടുമ്പോഴും ആരോഗ്യനില വീണ്ടെടുത്തിട്ടില്ല.കഴിഞ്ഞ ഏപ്രിൽ 17നാണ് പിതാവിനെ കാണാൻ മൂന്ന് മാസത്തേക്ക് സുപ്രീംകോടതി മഅ്ദനിയുടെ ജാമ്യ വ്യവസ്ഥകളിൽ ഇളവ് നൽകിയത്. എന്നാൽ, അന്നത്തെ കർണാടക സർക്കാർ മഅ്ദനിയുടെ സുരക്ഷാ ചെലവിനത്തിൽ വൻ തുക നിശ്ചയിച്ചതോടെ യാത്ര അനിശ്ചിതത്വത്തിലായി.
ഇതിനൊടുവിലാണ് കർണാടകയിൽ ഭരണമാറ്റം സംഭവിച്ചത്. പുതിയ സർക്കാർ സുരക്ഷാ ചെലവിനത്തിൽ ഇളവ് അനുവദിച്ചതോടെയാണ് ഇളവ് തീരാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ മഅ്ദനി കേരളത്തിലെത്തിയത്.മഅ്ദനിയെ വെള്ളിയാഴ്ച രാവിലെ കോൺഗ്രസ് നേതാവ് വി.എം. സുധീരൻ സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.