യു.പി.യിൽ ബി.ജെ.പിക്ക് തിരിച്ചടി; അയോധ്യ, വാരാണസി, മഥുര പഞ്ചായത്തുകളിൽ വൻ തോൽവി
text_fieldsലഖ്നൗ: ഉത്തർപ്രദേശിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വൻ തോൽവി. സംസ്ഥാനത്തെ പകുതിയിലേറെയും ജില്ലാ പഞ്ചായത്തുകൾ സ്വന്തമാക്കിയതായി സമാജ്വാദി പാർട്ടി അറിയിച്ചു.
അയോധ്യയിലെ 40 ജില്ലാ പഞ്ചായത്തുകളിൽ ആറു സീറ്റുകൾ മാത്രമാണ് ബി.ജെ.പിക്ക് നേടാനായത്. 24 സീറ്റുകൾ നേടി സമാജ്വാദി പാർട്ടിയാണ് അയോധ്യയിൽ വെന്നിക്കൊടി നാട്ടിയത്. രാമക്ഷേത്ര നിർമാണം ആരംഭിക്കാനിരിക്കേയാണ് ബി.ജെ.പിക്ക് അയോധ്യയിൽ തിരിച്ചടിയേൽക്കുന്നത്.
പ്രധാനമന്ത്രിയുടെ തട്ടകമായ വാരാണസിയിലെ ജില്ലാ പഞ്ചായത്തിൽ 40ൽ ഏഴു സീറ്റുകൾ മാത്രമാണ് ബി.ജെ.പിക്കുള്ളത്. 15 സീറ്റുകളിൽ സമാജ്വാദി പാർട്ടിയാണ് വിജയിച്ചത്. ഷാഹി മസ്ജിദിന്റെ പേരിൽ വിദ്വേഷം ഉയർത്തുന്ന മഥുരയിൽ ബി.ജെ.പിക്ക് എട്ടു സീറ്റുകൾ മാത്രമാണ് ജയിക്കാനായത്. ബി.എസ്.പി 12 സീറ്റുകളും ആർ.എൽ.ഡി ഒൻപത് സീറ്റുകളും ഇവിടെ നേടി.
ആകെയുള്ള 30,050 ജില്ലാ പഞ്ചായത്ത് വാർഡുകളിൽ 918 സ്ഥാനാർഥികൾ തങ്ങളുടേതായി വിജയിച്ചുവെന്നാണ് ബി.ജെ.പിയുടെ അവകാശവാദം. ഏപ്രിൽ 29നാണ് ഉത്തർ പ്രദേശിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടന്നത്. പാർട്ടി ചിഹ്നത്തിൽ മത്സരിക്കാതെ പാർട്ടികൾ തങ്ങളുടെ സ്ഥാനാർഥികളെ അണിനിരത്തുന്നതാണ് ഉത്തർ പ്രദേശിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പുകളുടെ രീതി. ഗ്രാമ പഞ്ചായത്തിലേക്കും േബ്ലാക് പഞ്ചായത്തിലേക്കും ജില്ല പഞ്ചായത്തിലേക്കുമായി 8.69 ലക്ഷത്തോളം സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ വോട്ടെണ്ണൽ ഇനിയും തീർന്നിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.