ശബരിമല ദർശനം: 10 കേന്ദ്രത്തിൽ നാളെ മുതൽ സ്‌പോട്ട് ബുക്കിങ്
text_fieldsകൊച്ചി: ശബരിമല ദർശനത്തിന് 10 കേന്ദ്രത്തിൽ വ്യാഴാഴ്ച മുതൽ സ്‌പോട്ട് ബുക്കിങ് സൗകര്യം ഒരുക്കുമെന്ന് സർക്കാറും തിരുവിതാംകൂർ ദേവസ്വം ബോർഡും ഹൈകോടതിയിൽ. തിരുവനന്തപുരം, പത്തനംതിട്ട, എരുമേലി, കുമളി, നിലക്കൽ, കൊട്ടാരക്കര, പന്തളം വലിയകോയിക്കൽ കൊട്ടാരം, ചെങ്ങന്നൂർ, ഏറ്റുമാനൂർ, പെരുമ്പാവൂർ എന്നിവിടങ്ങളിലാണ് സ്‌പോട്ട് ബുക്കിങ് കേന്ദ്രങ്ങൾ തുറക്കുന്നത്.
വെർച്വൽ ക്യൂ മുഖേന മുൻകൂർ ദർശനത്തിന് കൂപ്പൺ ബുക്ക് ചെയ്യാനുള്ള സൗകര്യം നിലവിലുണ്ട്. ഇതിന് പുറമേയാണ് വെർച്വൽ ക്യൂ മുഖേന ദർശനത്തിന് ബുക്ക് ചെയ്തശേഷം റദ്ദാക്കുന്ന ഒഴിവുകളിലേക്ക് സ്പോട്ട് ബുക്കിങ് അനുവദിക്കുന്നത്. കനത്ത മഴയെത്തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ സ്‌പോട്ട് ബുക്കിങ് തുടങ്ങാൻ കഴിഞ്ഞില്ലെന്നും സർക്കാറും ബോർഡും വിശദീകരിച്ചു. ശബരിമലയിലെ വെർച്വൽ ക്യൂ സംവിധാനം പൊലീസിൽനിന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡിന് കൈമാറണമെന്ന ഹരജികളിലാണ് വിശദീകരണം.
സ്പോട്ട് ബുക്കിങ്ങിന് ആധാർ കാർഡ്, വോട്ടർ ഐ.ഡി കാർഡ് എന്നിവക്കുപുറെമ പാസ്പോർട്ടും തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാം. രണ്ട് ഡോസ് വാക്സിനുമെടുത്ത സർട്ടിഫിക്കറ്റോ 72 മണിക്കൂറിനുള്ളിലെടുത്ത ആർ.ടി.പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റോ ഹാജരാക്കണം. കഴിഞ്ഞ ദിവസങ്ങളിൽ ദർശനം അനുവദിക്കാതിരുന്ന സാഹചര്യത്തിൽ വെർച്വൽ ക്യൂ മുഖേന ബുക്ക് ചെയ്തവർക്ക് അടുത്ത ഏഴുദിവസങ്ങളിൽ പ്രത്യേക രജിസ്ട്രേഷനില്ലാതെ ദർശനം നടത്താമെന്നും ബോർഡ് അറിയിച്ചു.
ശബരിമല ദർശനവുമായി ബന്ധപ്പെട്ട് ശബരിമല സ്പെഷൽ കമീഷണർ വെള്ളിയാഴ്ച റിപ്പോർട്ട് നൽകാൻ നിർദേശിച്ച ദേവസ്വം ബെഞ്ച് ഹരജി അന്നുതന്നെ പരിഗണിക്കാൻ മാറ്റി. വെർച്വൽ ക്യൂ മുഖേന ശേഖരിക്കുന്ന വിവരങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും ഇക്കാര്യത്തിൽ കരാർ കമ്പനിയായ ടി.സി.എസ് ഇതുവരെ വിശദീകരണം നൽകിയിട്ടില്ലെന്നും ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.