ആലപ്പുഴയിൽ വഴിനീളെ ‘പച്ച’കൊടിതോരണം; ലീഗിനെ തോണ്ടി നെഹ്റുവും
text_fieldsആലപ്പുഴ: 65 വർഷം മുമ്പ് ആലപ്പുഴയിൽ നടന്ന മുസ്ലിം ലീഗ് സംസ്ഥാന സമ്മേളനം മറക്കാനാവാത്ത അനുഭവമാണെന്ന് ലീഗ് മുതിർന്ന നേതാവും ആലപ്പുഴ മുൻ നഗരസഭ ചെയർമാനുമായ എം. കൊച്ചുബാവ. 82 പിന്നിട്ട ഇദ്ദേഹം ആലപ്പുഴ സക്കരിയ ബസാർ പാലാമൂട്ടിൽ വീട്ടിലിരുന്നാണ് ലീഗിന്റെ പഴയകാല ചരിത്രം ഓർത്തെടുത്തത്. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയശേഷം സംഘടനയിലേക്ക് കടന്നുവന്നതിനാൽ ലീഗ് രൂപവത്കരണവും വിഭജനവുമെല്ലാം കേട്ടുകേൾവി മാത്രമാണ്. എന്നാൽ, ആലപ്പുഴക്ക് ഉണർവുണ്ടാക്കിയ മഹാസമ്മേളനത്തെക്കുറിച്ച് ചോദിച്ചാൽ നൂറുനാവാണ്.
1958ലാണ് മുസ്ലിം ലീഗ് സംസ്ഥാന സമ്മേളനത്തിന് ആലപ്പുഴ ലജ്നത്ത് നഗർ വേദിയാവുന്നത്. മധ്യകേരളം കണ്ട ഏറ്റവും വലിയ സമ്മേളനത്തിൽ നേതാക്കളായ അബ്ദുറഹിമാൻ ബാഫഖി തങ്ങൾ, ഇസ്മായിൽ സാഹിബ്, സി.എച്ച്. മുഹമ്മദ് കോയ അടക്കമുള്ളവർ പങ്കെടുത്തു. രണ്ടുദിവസമായി നടന്ന സമ്മേളനത്തിൽ രാഷ്ട്രീയ നിറംനോക്കാതെ വൻ ജനക്കൂട്ടം ഒഴുകിയെത്തി.
വഴിനീളെ പ്രചാരണത്തിനായി ‘പച്ച’ക്കൊടിയും കെട്ടിയിരുന്നു. ഈ സമയത്താണ് ആലപ്പുഴ റിക്രിയേഷൻ ഗ്രൗണ്ടിൽ കോൺഗ്രസ് സമ്മേളനവും നടന്നത്. അതിൽ മുഖ്യാതിഥിയായി പങ്കെടുക്കാൻ എത്തിയത് മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവും. പച്ച കൊടിതോരണങ്ങൾ നിറഞ്ഞ ലീഗ് സമ്മേളനവേദിയായ ലജ്നത്ത് നഗർ വഴിയായിരുന്നു നെഹ്റുവിന്റെയും യാത്ര. അന്ന് സ്വതന്ത്രമായി നിൽക്കുന്ന ലീഗിനെ യോഗത്തിൽ വിമർശിക്കാനും മറന്നില്ല. മുസ്ലിം ലീഗ് ചത്ത കുതിരയാണെന്ന് നെഹ്റു തുറന്നടിച്ചു. ചത്ത കുതിരയല്ല, ജീവിക്കുന്ന സിംഹമാണെന്നായിരുന്നു സി.എച്ച്. മുഹമ്മദ്കോയ നൽകിയ മറുപടി. പ്രചാരണവും വിവാദവും നിറഞ്ഞുനിന്ന ആ സമ്മേളനമാണ് ആലപ്പുഴയിൽ ലീഗിന്റെ പ്രവർത്തനങ്ങൾക്ക് ഉണർവേകിയത്.
ബാഫഖി തങ്ങൾ സംസ്ഥാന പ്രസിഡന്റായി ചുമതലയേറ്റ 1956ലാണ് കൊച്ചുബാവയും മുസ്ലിം ലീഗിലേക്ക് കടന്നുവരുന്നത്. അക്കാലത്തെ നേതാക്കളുടെ നിസ്വാർഥസേവനം കണ്ടാണ് ആലപ്പുഴയിലെ കുറെ ചെറുപ്പക്കാർ ഒത്തുചേർന്ന് ലീഗിന്റെ പ്രവർത്തനം തുടങ്ങിയത്. കൊല്ലത്ത് നടന്ന നബിദിന സമ്മേളനത്തിൽ പങ്കെടുക്കാൻ ബാഫഖി തങ്ങൾ പോകുന്ന വഴി ആലപ്പുഴ വൈ.എം.എം.എ സ്കൂളിൽ സ്വീകരണമൊരുക്കിയാണ് അംഗത്വമെടുത്തത്.
പിന്നീട് ബാഫഖി തങ്ങളുടെ ആലപ്പുഴയിലെ പര്യടനത്തിൽ നിഴലായി കൂടെനിന്നു. സി.എച്ച്. മുഹമ്മദ് കോയ, സീതി സാഹിബ്, പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ എന്നിവരുമായി അടുത്ത ആത്മബന്ധമുണ്ടായിരുന്നു. ആലപ്പുഴ നഗരസഭ ചെയർമാൻ, വൈസ് ചെയർമാൻ, സ്ഥിരംസമിതി അധ്യക്ഷൻ, ലീഗ് ജില്ല അസി. സെക്രട്ടറി, വൈസ് പ്രസിഡന്റ്, ട്രഷറർ, മുനിസിപ്പൽ പാർലമെന്ററി പാർട്ടി ലീഡർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. പ്രായാധിക്യത്തിൽ വിശ്രമത്തിലാണ്. പിതാവിന്റെ പാത പിന്തുടർന്ന് മകളും ആലപ്പുഴ നഗരസഭ മുൻ വൈസ് ചെയർമാനുമായ ബീന കൊച്ചുബാവ സജീവ രാഷ്ട്രീയത്തിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.