കണ്ണൂർ വി.സി നിയമന ഉത്തരവ് ഒപ്പിട്ട് ഇറക്കിയ ശേഷം തള്ളിപ്പറയുന്നത് ശരിേയാ..? –പിണറായി
text_fieldsകണ്ണൂർ: സർവകലാശാല വി.സി നിയമന വിഷയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി ഏറ്റുമുട്ടലിനില്ലെന്ന് വ്യക്തമാക്കിയും അതേസമയം, ഗവർണറുടെ ആരോപണങ്ങൾക്ക് എണ്ണിയെണ്ണി മറുപടി പറഞ്ഞും മുഖ്യമന്ത്രി പിണറായി വിജയൻ. ഗവർണർ ഒപ്പിട്ട് ഒരാളെ വി.സിയാക്കി ഉത്തരവിറക്കിയ തീരുമാനത്തെ അദ്ദേഹം തന്നെ പിന്നീട് തള്ളിപ്പറയുന്നുവെങ്കിൽ അതിനിടയാക്കിയ ചില ഇടപെടലുകൾ നടന്നുവെന്നാണ് സംശയിക്കേണ്ടതെന്നും കണ്ണൂരിൽ വാർത്തസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
ചാൻസലർ സ്ഥാനത്തോട് മോഹമില്ല. അത് ഏറ്റെടുക്കാൻ ഒരു നീക്കവും നടത്തിയിട്ടില്ല. ചാൻസലർ പദവി ഗവർണർക്ക് നിയമസഭ നൽകിയതാണ്. ചാൻസലറായി ഗവർണർ തന്നെ തുടരണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നത്. കേരളം ഒട്ടും മുന്നോട്ടുപോകരുതെന്ന് കരുതുന്ന നിഷേധചിന്തക്കാർക്ക് ഉത്തേജനം നൽകുന്ന പരസ്യപ്രസ്താവന ഗവർണറുടെ ഭാഗത്തുനിന്ന് ഉണ്ടായത് അങ്ങേയറ്റം ദുഃഖകരം. അത് അദ്ദേഹം മനസ്സിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു. പരാർമർശങ്ങളിൽ അദ്ദേഹം ഉറച്ചുനിൽക്കില്ലെന്ന് കരുതുന്നു.
ചാൻസലറുടെ അധികാരം കവർന്നെടുക്കാൻ ശ്രമിച്ചിട്ടില്ല. ശ്രമിക്കുകയില്ലെന്ന് ഉറപ്പും നൽകുന്നു. രാഷ്ട്രീയമായ കാര്യങ്ങൾ ചെയ്യാൻ ഗവർണറെ ഉപയോഗിക്കേണ്ട കാര്യം എനിക്കില്ല. ഗവർണർ അദ്ദേഹത്തിെൻറ മനഃസാക്ഷിക്ക് വിരുദ്ധമായി എന്തെങ്കിലും ചെയ്യണമെന്ന് സർക്കാർ ഒരു ഘട്ടത്തിലും ആവശ്യപ്പെട്ടിട്ടില്ല. വി.സിമാരുടെ നിയമനം കക്ഷിരാഷ്ട്രീയം നോക്കിയാണെന്ന ആക്ഷേപം യുക്തിസഹമല്ല. മികവ് തെളിയിച്ചവർ ഉൾപ്പെട്ട സേർച്ച് കമ്മിറ്റിയാണ് വി.സി പദവിയിലേക്ക് ആളുകളെ കണ്ടെത്തുന്നത്. ചാൻസലർ എന്ന നിലക്ക് ഗവർണർക്ക് അഭിപ്രായം രേഖപ്പെടുത്താൻ സ്വാതന്ത്ര്യമുണ്ട്.
എല്ലാം മുഖ്യമന്ത്രിയും മന്ത്രിമാരുമാണ് തീരുമാനിക്കുന്നത് എന്നു പ്രചരിപ്പിക്കുന്നത് ശരിയല്ല. ഗവർണറുമായി ഏറ്റുമുട്ടലിന് സർക്കാറില്ല. ഗവർണർ പരസ്യമായി ചില കാര്യങ്ങൾ പറഞ്ഞതു കൊണ്ടാണ് ഇപ്പോൾ ഇത്രയും പറയേണ്ടി വന്നത്. സി.പി.എം നേതാക്കളുടെ ബന്ധുക്കൾക്ക് സർവകലാശാലകളിൽ നിയമനം നൽകുന്നുവെന്ന ആരോപണത്തിൽ വസ്തുതയില്ല. യു.ഡി.എഫ് സർക്കാറിെൻറ കാലത്ത് അന്ന് ഗവർണറായിരുന്ന ഷീല ദീക്ഷിത് യു.ഡി.എഫ് നിയമിച്ചയാളെ വി.സി പദവിക്ക് യോഗ്യനല്ലെന്ന് കണ്ട് നീക്കം ചെയ്തത് ആരും മറന്നിട്ടില്ല. അവരാണ് ഗവർണർ കത്ത് നൽകിയത് കേരള ചരിത്രത്തിലാദ്യമാണെന്ന് വ്യാകുലപ്പെടുന്നതെന്നും മുഖ്യമന്ത്രി തുടർന്നു. ഗവർണറുമായി ബന്ധപ്പെട്ടു നടത്തിയ റസിഡൻറ് പരാമർശം ഗവർണറുടെ രാഷ്ട്രീയ വിമർശനത്തിനുള്ള രാഷ്ട്രീയ മറുപടിയായിരുന്നു. അത് വ്യക്തിപരമായി എടുക്കേണ്ടതില്ല - പിണറായി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.