ആറളത്ത് 20 കാട്ടാനകളെ കാടുകയറ്റി
text_fieldsകേളകം: ആറളം ഫാമിനെ കാട്ടാനക്കൂട്ടങ്ങളുടെ പിടിയിൽനിന്ന് മോചിപ്പിക്കാനുള്ള ദൗത്യം വിജയത്തിലേക്ക്. നാലുമാസം മുമ്പ് തുടങ്ങിയ ഒാപറേഷൻ എലിഫന്റ് ദൗത്യത്തിലൂടെ ഫാമിൽനിന്ന് ആറളം വന്യജീവി സങ്കേത്തതിലേക്ക് തുരത്തിയത് 60ൽ അധികം ആനകളെയാണ്.
കഴിഞ്ഞ മൂന്നുദിവസമായി തുടരുന്ന ആനതുരത്തലിനിടയിൽ 20ഓളം ആനകളെയാണ് ഫാമിന്റെ കൃഷിയിടത്തിൽനിന്ന് വനത്തിലേക്ക് കയറ്റിയത്. നേരത്തെ നാലുഘട്ടങ്ങളിലായി 40ൽ അധികം ആനകളെ വനം കയറ്റിയിരുന്നു. ഫാമിന്റെ കൃഷിയിടത്തിലും പുനരധിവാസ മേഖലയിലുമായി കണ്ടെത്തിയ ആനകളെയാണ് മൂന്നുദിവസത്തെ ദൗത്യത്തിലൂടെ കാടുകയറ്റിയത്.
ആദ്യദിനം ഒരു കൊമ്പനേയും തുടർന്നുള്ള ദിവസങ്ങളിൽ ഒരു കുട്ടിയാന ഉൾപ്പെടെ 19 എണ്ണത്തെയുമാണ് തുരത്തിയത്. തുരത്തലിനിടെ ആനക്കൂട്ടം വനപാലകർക്കുനേരെ തിരിഞ്ഞത് മൂന്നുതവണയാണ്. ആനക്കൂട്ടത്തിന്റെ ആക്രമണത്തിൽനിന്ന് വനപാലക സംഘം അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.
ദൗത്യസംഘം സഞ്ചരിച്ച ട്രാക്ടർ കുത്തിമറിച്ചിടാൻ ശ്രമിച്ചു. വാഹനം സാഹസികമായി പിന്നോട്ടെടുത്തു മാറിയ ദൗത്യ സംഘം യന്ത്ര അറക്കവാൾ പ്രവർത്തിപ്പിച്ചും പടക്കം പൊട്ടിച്ചും ഏറെ ശ്രമകരമായാണ് കാട്ടാനകളെ അകറ്റിയത്.
ആറളം ഫാമിലെ കൃഷിയിടമായ ബ്ലോക്ക് മൂന്ന്, നാല്, ആറ് എന്നിവിടങ്ങളിലായി കണ്ടെത്തിയ കാട്ടാനകളെ നിരങ്ങൻപാറ, ഓടക്കാട്, വട്ടക്കാട്, താളിപ്പാറ വഴി കീഴ്പ്പള്ളി- പാലപ്പുഴ റോഡ് മുറിച്ചു കടത്തി കോട്ടപ്പാറ, പുളിംതട്ട് വഴിയാണു ആറളം വന്യജീവി സങ്കേതത്തിലേക്കു കയറ്റിവിട്ടത്. തിരിച്ചു വരാതിരിക്കാൻ വൈദ്യുതി വേലി ചാർജുചെയ്തു.
20 ആനകളിൽ ആറ് ആനകൾ ഫാം കൃഷിയിടത്തിലും 14 എണ്ണം പുനരധിവാസ മേഖലയിലും തമ്പടിച്ചവയായിരുന്നു. അവശേഷിച്ച ആനകളെ കൂടി ആറളം വന്യജീവി സങ്കേതത്തിലെത്തിച്ചു ഫാം കൃഷിയിടവും പുനരധിവാസ മേഖലയും പുർണമായും കാട്ടാന വിമുക്തമാക്കുകയാണ് ലക്ഷ്യം.
ആനതുരത്തലിന് ആറളം ഫാം അഡ്മിനിസ്ട്രേറ്റർ ഡോ. കെ.പി. നിധീഷ് കുമാർ, ആർ.ആർ.ടി ഡപ്യൂട്ടി റേഞ്ചർ എം. ഷൈനി കുമാർ, ഫോറസ്റ്റർമാരായ സി.കെ. മഹേഷ്, പ്രകാശൻ, ഫാം സെക്യൂരിറ്റി ഓഫിസർ ബെന്നി എന്നിവരുടെ നേതൃത്വത്തിൽ വനപാലകരും ഫാം തൊഴിലാളികളും സെക്യൂരിറ്റി ജീവക്കാരും ചെത്ത് തൊഴിലാളികളും ഉൾപ്പെടുന്ന 45 അംഗമാണ് പങ്കെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.