അട്ടപ്പാടിയിൽ പട്ടയത്തിന് അപേക്ഷ നൽകിയതിൽ ഏറെയും പട്ടികയിതര വിഭാഗത്തിലുള്ളവർ
text_fieldsകോഴിക്കോട്: അട്ടപ്പാടിയിൽ പട്ടയത്തിന് അപേക്ഷ നൽകിയതിൽ ഏറെയും പട്ടികയിതര വിഭാഗത്തിലുള്ളവർ. പാലക്കാട് കലക്ടറുടെ അധ്യക്ഷതയിൽ നടന്ന അവലേകനയോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ലാൻഡ് ട്രൈബ്യൂണലിൽ അട്ടപ്പാടി ഭാഗത്തുള്ള പട്ടിക വർഗ വിഭാഗത്തിലുള്ള അപേക്ഷകർ കുറവാണ്. പട്ടയത്തിനായി പട്ടികയിതര വിഭാഗത്തിൽ ഉൾപ്പെട്ടവരുടെ അപേക്ഷകളാണ് കൂടുതലും ലഭിച്ചിക്കുന്നതെന്ന് അട്ടപ്പാടി ഭൂരേഖ തഹസിൽദാർ വ്യക്തമാക്കി. ലഭ്യമായ പട്ടിക വർഗത്തിൽ ഉൾപ്പെട്ടവരുടെ പട്ടയം അപേക്ഷകളിൽ ഉടൻ നടപടി സ്വീകരിക്കണമെന്ന് എൽ.ആർ ഡെപ്യൂട്ടി കലക്ടർ നിർദേശം നൽകി.
1999 ലെ പട്ടികവർഗ ഭൂനിയമത്തിന് ചട്ടങ്ങൾ നിലവിൽ വരാത്തതിനാൽ ആദിവാസി ഭൂമി അന്യാധീനപ്പെട്ട കേസുകൾ നടപ്പാക്കുന്നതിൽ ബുദ്ധിമുട്ടുണ്ടാകുന്നുവെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. സുപ്രീം കോടതിയുടെ വിധ്യന്യായം പ്രകാരം കാർഷികേതര ഭൂമിക്ക് 1975 ലെ നിയമം ബാധകമാണ്. ഈ സാഹചര്യത്തിൽ ഇതിനനുസൃതമായി 1999 ലെ നിയമത്തിൽ മാറ്റം വരുത്തുന്നതിന് ചട്ടങ്ങൾ തയാറാക്കണം. ലാൻഡ് റവന്യൂ കമീഷണറേറ്റിലെ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുന്നതിന് ബന്ധപ്പെട്ട ക്ലാർക്കുമാരെ ചുമതലപ്പെടുത്തി. ഇക്കാര്യത്തിൽ ഡെപ്യൂട്ടി കലക്ടർ തലത്തിൽ ചർച്ച നടത്തണമെന്നും യോഗത്തിൽ കലക്ടർ നിർദേശിച്ചു.
അട്ടപ്പാടി ഭൂമി സംബന്ധമായ പരാതികൾ പരിഹിക്കുന്നതിന് അട്ടപ്പാടിയിൽ ഭൂമി സർവേ ചെയ്ത് ആദിവാസി ഭൂമി കണ്ടെത്തേണ്ടത് അനിവാര്യമാണെന്നും ഇതുമായി ബന്ധപ്പെട്ട് ഒരു സർവേ ടീമിനെ രൂപികരിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും രണ്ട് മാസത്തിനകം സർവേ നടപടി പൂർത്തീകരിക്കണമെന്നും യോഗത്തിൽ തീരുമാനിച്ചു. അതിർത്തി നിർണയത്തിന് എസ്.ടി പ്രമോട്ടർമാരുടെ സഹായം തേടാവുന്നതാണെന്നും പട്ടിക വർഗ വിഭാഗങ്ങൾക്ക് കൈവശരേഖ (ആർ.ഒ.ആർ) നൽകുന്നതിനുള്ള നടപടി 15 ദിവസത്തിനകം ചെയ്യണം. 1977 ജനുവരി ഒന്നിന് മുമ്പ് വനഭൂമി കൈവശം വെച്ചുവരുന്നവരുടെ ഭൂമി സർവേ ചെയ്യുന്നതിന് മറ്റൊരു സർവേ ടീമിനെ രൂപികരിക്കണമെന്നും ഒരു മാസത്തിനകം സർവേ നടപടികൾ പൂർത്തീകരിക്കണമെന്നും കലക്ടർ നിർദ്ദേശം നൽകി.
സർവേ നടപടികൾ സംബന്ധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് തുടർനടപടികൾ സ്വീകരിക്കുന്നതിന് ഒറ്റപ്പാലം സബ് കലക്ടറെ ചുമതലപ്പെടുത്തി. അട്ടപ്പാടിയിലെ വില്ലേജ് ഓഫീസർമാർ ആദിവാസികൾക്ക് കാര്യങ്ങൾ വിശദമാക്കി കൊടുക്കാനും നന്നായി പെരുമാറാനും ശ്രദ്ധിക്കണമെന്നും കലക്ടർ നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.