എറണാകുളം ജില്ലയിൽ അന്തർ സംസ്ഥാനക്കാരുടെ വിവരശേഖരണം സ്തംഭിച്ചു
text_fieldsകൊച്ചി: ലക്ഷ്യം നേടാനാകാതെ ജില്ലയിലെ അന്തർസംസ്ഥാന തൊഴിലാളികളുടെ വിവര ശേഖരണം. തൊഴിൽ വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച വിവരശേഖരണമാണ് സ്തംഭനാവസ്ഥയിലായത്. വകുപ്പിന്റെ അനാസ്ഥയും തൊഴിലുടമകളുടെയും തൊഴിലാളികളുടെയും നിസ്സഹകരണവുമെല്ലാം ഇതിന് കാരണമായിട്ടുണ്ട്. സംസ്ഥാനത്ത് ഏറ്റവുമധികം അന്തർസംസ്ഥാനക്കാർ പണിയെടുക്കുന്ന ജില്ലയാണ് എറണാകുളം. മുമ്പ് പലവട്ടം പ്രഖ്യാപിച്ച രജിസ്ട്രേഷൻ നടപടികൾ കഴിഞ്ഞ ആഗസ്റ്റ് മുതലാണ് വീണ്ടും സജീവമാക്കാൻ തീരുമാനിച്ചത്.
ആലുവയിൽ അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവമായിരുന്നു ഇതിന് കാരണം. എന്നാൽ, പ്രഖ്യാപനത്തിന് ശേഷം തുടർനടപടികൾ സ്വീകരിക്കുന്നതിൽ വകുപ്പിന് സംഭവിച്ച വീഴ്ചയാണ് ഇക്കുറിയും വിവര ശേഖരണം പാതിവഴിയിൽ നിലക്കാൻ കാരണം. അതിനിടെ, സമാന്തരമായി പൊലീസ് നടത്തിയ കാമ്പയിനിൽ ഒരു ലക്ഷത്തിലധികം പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കണക്കിൽ 1.15 ലക്ഷം തൊഴിലാളികൾ
അന്തർ സംസ്ഥാന തൊഴിലാളികൾക്കായി മൂന്ന് തരത്തിലാണ് തൊഴിൽ വകുപ്പ് രജിസ്ട്രേഷൻ നടപടികൾ നടത്തിയിരുന്നത്. ആവാസ്, കുടിയേറ്റ തൊഴിലാളി ക്ഷേമ പദ്ധതി, അതിഥി പോർട്ടൽ എന്നിവയാണവ. ഈ മൂന്ന് പദ്ധതികൾ വഴി നടത്തിയ രജിസ്ട്രേഷനിൽ 5,16,320 അന്തർസംസ്ഥാന തൊഴിലാളികൾ കേരളത്തിൽ തൊഴിലെടുക്കുന്നതായാണ് സർക്കാരിന്റെ ഔദ്യോഗിക കണക്ക്. എന്നാൽ, അനൗദ്യോഗികമായി ഇത് മുപ്പത് ലക്ഷത്തോളം വരുമെന്നാണ് വിലയിരുത്തൽ.
സർക്കാർ കണക്ക് പ്രകാരം 2,10,983 തൊഴിലാളികൾ ബംഗാളിൽ നിന്നും 87,087 തൊഴിലാളികൾ അസമിൽ നിന്നുമെത്തി കേരളത്തിൽ തൊഴിലെടുക്കുന്നുണ്ട്. ഈ കണക്ക് പ്രകാരം അന്തർ സംസ്ഥാന തൊഴിലാളികളുടെ എണ്ണത്തിൽ എറണാകുളം ജില്ലയാണ് മുന്നിൽ. 1.15 ലക്ഷം തൊഴിലാളികളാണ് ജില്ലയിലുള്ളത്. എന്നാൽ, യഥാർഥ കണക്ക് ഇതിന്റെ മൂന്നിരട്ടിയെങ്കിലും വരുമെന്നാണ് ഉദ്യോഗസ്ഥർ തന്നെ പറയുന്നത്.
വിവരശേഖരണം പ്രഖ്യാപനത്തിലൊതുങ്ങി
പെരുമ്പാവൂരിൽ നിയമ വിദ്യാർഥിനിയായിരുന്ന ജിഷയുടെ കൊലപാതകത്തിൽ അന്തർ സംസ്ഥാനക്കാരൻ പ്രതിയായതോടെയാണ് ഇവരുടെ വിവരശേഖരണ നടപടികൾ ഊർജിതമാക്കാൻ ഏഴ് വർഷം മുമ്പ് സർക്കാർ ആവാസ് പദ്ധതി ആരംഭിച്ചത്. പ്രാരംഭ ഘട്ടത്തിൽ കാര്യങ്ങൾ സജീവമായി നടന്നെങ്കിലും കോവിഡ് നിയന്ത്രണങ്ങളോടെ ഇതെല്ലം നിലച്ചു.
പിന്നീട് കഴിഞ്ഞ ജൂലൈയിൽ ആലുവയിൽ അഞ്ചുവയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തെ തുടർന്നാണ് നടപടികൾ പുനരാരംഭിച്ചത്. ഇതിന്റെ ചുവട് പിടിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ തൊഴിൽ വകുപ്പിന്റെ വിവര ശേഖരണ നടപടികൾ നടന്നെങ്കിലും പിന്നീട് നിലക്കുകയായിരുന്നു.
ഈ ഘട്ടത്തിൽ കേവലം ഇരുപത്തയ്യായിരത്തോളം പേർ മാത്രമാണ് രജിസ്റ്റർ ചെയ്തതെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണം. ഇതോടൊപ്പം പൊലീസ് നടത്തിയ തൊഴിലാളി രജിസ്ട്രേഷൻ ഇതിനേക്കാൾ കാര്യക്ഷമമായി നടന്നു. ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഒരു ലക്ഷത്തിലധികം പേർ ഇതിന്റെ ഭാഗമായി രജിസ്റ്റർ ചെയ്യുകയും ചെയ്തു.
ഇനിയും യാഥാർഥ്യമാകാതെ മൊബൈൽ ആപ്
തൊഴിലാളി രജിസ്ട്രേഷൻ എളുപ്പമാക്കാൻ സർക്കാർ പ്രഖ്യാപിച്ച മൊബൈൽ ആപും പൂർണാർഥത്തിൽ യാഥാർഥ്യമായിട്ടില്ല. ഇത് യാഥാർഥ്യമാകുന്നതോടെ തൊഴിലാളികൾക്ക് അവരുടെ മൊബൈലിൽ നിന്ന് തന്നെ രജിസ്റ്റർ ചെയ്യാൻ കഴിയുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ, ഏഴ് മാസം പിന്നിടുമ്പോഴും പ്രഖ്യാപനം യാഥാർഥ്യമായിട്ടില്ല.
അന്തർ സംസ്ഥാനക്കാർ പ്രതികളാകുന്ന ക്രിമിനൽ കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് യാതൊരു രേഖകളുമില്ലാതെ ഇവർ വിവിധ ഭാഗങ്ങളിൽ പണിയെടുക്കുന്നതായ ആക്ഷേപങ്ങളും ഉയരുന്നത്. ഇത്തരം സംഭവങ്ങളിൽ പ്രതികളിലേക്കെത്തുന്നതിനടക്കം സഹായകരമാകുമെന്നിരിക്കെയാണ് കൊട്ടിഘോഷിച്ചാരംഭിച്ച വിവരശേഖരണം ലക്ഷ്യം കാണാതെ നിൽക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.