എറണാകുളത്ത് 14ൽ 12ലും സിറ്റിങ് എം.എൽ.എമാർ മത്സരിക്കാൻ സാധ്യത
text_fieldsകൊച്ചി: എറണാകുളം ജില്ലയിലെ 14ൽ 12 നിയമസഭ മണ്ഡലത്തിലും സിറ്റിങ് എം.എൽ.എമാർ തന്നെ മത്സരിക്കാൻ സാധ്യതയേറി. യു.ഡി.എഫിെൻറ ഒമ്പതിൽ കളമശ്ശേരിയിൽ മാത്രമാണ് അവ്യക്തത. എൽ.ഡി.എഫിെൻറ അഞ്ച് സിറ്റിങ് സീറ്റിൽ വൈപ്പിനിൽ എസ്. ശർമ രംഗത്ത് ഉണ്ടാകില്ല.
യു.ഡി.എഫ് എം.എൽ.എമാരായ വി.ഡി. സതീശൻ (പറവൂർ), അൻവർ സാദത്ത് (ആലുവ), എൽദോസ് കുന്നപ്പിള്ളി (പെരുമ്പാവൂർ), റോജി എം. ജോൺ (അങ്കമാലി), അനൂപ് ജേക്കബ് (പിറവം), ടി.ജെ. വിനോദ് (എറണാകുളം), പി.ടി. തോമസ് (തൃക്കാക്കര), വി.പി. സജീന്ദ്രൻ (കുന്നത്തുനാട്) എന്നിവരാണ് വീണ്ടും മത്സരം ഉറപ്പിച്ചത്. എൽ.ഡി.എഫിൽ എൽദോ എബ്രഹാം (മൂവാറ്റുപുഴ), എം. സ്വരാജ് (തൃപ്പൂണിത്തുറ), കെ.ജെ. മാക്സി (കൊച്ചി), ആൻറണി ജോൺ (കോതമംഗലം) എന്നിവരും മത്സരിക്കാൻ സാധ്യതയേറി.
പാലാരിവട്ടം പാലം അഴിമതിക്കേസിൽ അറസ്റ്റിലായി ജാമ്യത്തിൽ ആശുപത്രിയിൽ കഴിയുന്ന മുസ്ലിംലീഗിലെ വി.കെ. ഇബ്രാഹീംകുഞ്ഞിനെ വീണ്ടും മത്സരിപ്പിക്കുന്നതിൽ പാർട്ടി തീരുമാനം എടുത്തിട്ടില്ല. അദ്ദേഹത്തിെൻറ സ്ഥാനാർഥിത്വം അഴിമതി പ്രചാരണ വിഷയമാക്കാൻ എൽ.ഡി.എഫിന് സഹായകമാകുമെന്ന് യു.ഡി.എഫിൽ അഭിപ്രായമുണ്ട്. അതേസമയം, ഇബ്രാഹീംകുഞ്ഞ് തന്നെ വേണമെന്നാണ് പ്രാദേശിക നേതാക്കൾ ലീഗ് നേതൃത്വത്തോട് ആവശ്യപ്പെട്ടത്. 2016ൽ ബാർ കോഴ കേസിൽപെട്ട കെ. ബാബു തൃപ്പൂണിത്തുറയിൽ വീണ്ടും മത്സരിച്ചപ്പോൾ എം. സ്വരാജിനെ ഇറക്കി സീറ്റ് പിടിച്ചെടുത്തപോലെ ഇബ്രാഹീംകുഞ്ഞ് സ്ഥാനാർഥിയായാൽ എ.എ. റഹീമിനെയോ മുഹമ്മദ് റിയാസിനെയോ രംഗത്തിറക്കുമെന്ന് പ്രചാരണമുണ്ട്. എന്നാൽ, പാർട്ടി പ്രാദേശിക നേതൃത്വം കെ. ചന്ദ്രൻപിള്ള, അഡ്വ. മുജീബ് റഹ്മാൻ എന്നിവരുടെ പേരാണ് നിർദേശിക്കുന്നത്.
ആറുതവണ എം.എൽ.എയായ എസ്. ശർമ ഇക്കുറി ഉണ്ടാകില്ലെന്ന് ഉറപ്പായിട്ടുണ്ട്. പകരം ജില്ല പഞ്ചായത്ത് ചെറായി ഡിവിഷനിൽനിന്ന് വിജയിച്ച എം.ബി. ഷൈനിക്കാണ് സാധ്യത. മഹിള അസോസിയേഷൻ വൈപ്പിൻ ഏരിയ സെക്രട്ടറിയും ജില്ല എക്സിക്യൂട്ടിവ് അംഗവുമാണ്. കുന്നത്തുനാട് ഇരുമുന്നണിക്കും ഭീഷണിയായ ട്വൻറി20യെ ലീഗ് നേതാവ് മുനവ്വറലി തങ്ങളും തുടർന്ന് ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരടങ്ങുന്ന കോൺഗ്രസ് സംഘവും സന്ദർശിച്ചിരുന്നു. യു.ഡി.എഫ് അനുകൂല നിലപാട് എടുക്കാൻ ട്വൻറി20ക്ക് മേൽ ചെലുത്തിയ സമ്മർദം ഫലിച്ചതായാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.