മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലെ പ്രതിഷേധം; അന്വേഷണം നിലച്ചു
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ പ്രതിഷേധിച്ചവർക്കെതിരായ കേസിന്റെ അന്വേഷണം നിലച്ചു. കേസെടുത്ത് ആറു മാസമായിട്ടും കുറ്റപത്രം നൽകാൻ നടപടിയായിട്ടില്ല. കുറച്ചുപേരുടെ മൊഴിയെടുക്കുകയും നാലുപേരെ അറസ്റ്റ് ചെയ്യുകയും മാത്രമാണ് ചെയ്തത്. വലിയൊരു സംഘത്തെയാണ് അന്വേഷണത്തിനായി നിയോഗിച്ചതെങ്കിലും പ്രവർത്തനം നിശ്ചലാവസ്ഥയിലാണ്.
യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്. ശബരീനാഥൻ ഉൾപ്പെടെ നാലുപേരെയാണ്പ്രതി ചേർത്തത്. തങ്ങളെ ആക്രമിച്ചെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നൽകിയ പരാതിയിൽ ഇ.പി. ജയരാജനെതിരെ വലിയതുറ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അദ്ദേഹത്തിന്റെ മൊഴി പോലുമെടുത്തിട്ടില്ല. പരാതിക്കാരുടെ മൊഴി കൊല്ലത്തുവെച്ച് രേഖപ്പെടുത്തുക മാത്രമാണ് ചെയ്തത്. സ്വർണക്കടത്ത് പ്രതിയുടെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളുടെ ഭാഗമായാണ് മുഖ്യമന്ത്രിക്കു നേരെ കഴിഞ്ഞ ജൂൺ 13ന് വിമാനത്തിൽ മുദ്രാവാക്യം മുഴക്കിയത്. യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാക്കളായ മട്ടന്നൂർ സ്വദേശി ഫർസീൻ മജീദ്, തലശ്ശേരി സ്വദേശി ആർ.കെ. നവീൻ എന്നിവരെ അപ്പോൾ തന്നെ അറസ്റ്റ് ചെയ്തിരുന്നു.
മൂന്നാം പ്രതി സുജിത് നാരായണനെയും മൊഴിയെടുക്കാൻ വിളിപ്പിച്ച കെ.എസ്. ശബരീനാഥനെയും പിന്നീട് അറസ്റ്റ് ചെയ്തു. മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചു, ഗൂഢാലോചന നടത്തി കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയത്. കാടിളക്കിയുള്ള അന്വേഷണമാണ് കേസിൽ ആദ്യമുണ്ടായത്. പൊലീസിന്റെ അതിവേഗ നടപടികള്‍ക്ക് കോടതിയില്‍ നിന്നുൾപ്പെടെ തിരിച്ചടിയേറ്റു. അറസ്റ്റിലായവർക്കെല്ലാം ജാമ്യവും ലഭിച്ചു.
ഗൂഢാലോചനക്കാരെയെല്ലാം പിടിക്കുമെന്ന് പറഞ്ഞെങ്കിലും ശബരീനാഥനടക്കം നാലുപേര്ക്കപ്പുറത്തേക്ക് പ്രതിപ്പട്ടിക നീണ്ടില്ല. യാത്രക്കാരും യൂത്ത് കോണ്‍ഗ്രസുകാരുമടക്കം നാല്പതോളം പേരുടെ മൊഴിയെടുത്തെന്ന് അന്വേഷണസംഘം അവകാശപ്പെടുന്നെങ്കിലും ഫലത്തിൽ അന്വേഷണം നിലച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.