മികവ് അടിസ്ഥാനമാക്കി സ്കൂളുകൾക്ക് ഗ്രേഡിങ് പരിഗണനയിൽ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾക്ക് മികവിന്റെ അടിസ്ഥാനത്തിൽ ഗ്രേഡിങ് രീതി നടപ്പാക്കുന്നത് പരിഗണനയിൽ. ഇതിനുള്ള പരിഗണന ഘടകങ്ങൾ തയാറാക്കാൻ എസ്.സി.ഇ.ആർ.ടിയെ ചുമതലപ്പെടുത്തി. പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വിളിച്ചുചേർത്ത അധ്യാപക സംഘടന പ്രതിനിധികളുടെ യോഗത്തിൽ മന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്.
എന്നാൽ, നിർദേശം അശാസ്ത്രീയമാണെന്നും ഭൗതിക സാഹചര്യങ്ങൾ കുറവായ പൊതുവിദ്യാലയങ്ങളെ പിറകിലാക്കാൻ മാത്രമേ ഈ നടപടി സഹായിക്കൂവെന്നും പ്രതിപക്ഷ അധ്യാപക സംഘടനകൾ യോഗത്തിൽ നിലപാടറിയിച്ചു. മുഴുവൻ വശങ്ങളും പരിശോധിച്ച് മാത്രമേ ഗ്രേഡിങ് നടപ്പാക്കൂവെന്ന് മന്ത്രി മറുപടി നൽകി.
സ്കൂളുകൾക്ക് വിദ്യാഭ്യാസവകുപ്പ് തയാറാക്കുന്ന അക്കാദമിക് കലണ്ടറിന് പുറമെ തദ്ദേശസ്ഥാപനങ്ങളുമായി ചേർന്ന് പ്രാദേശിക കലണ്ടർ തയാറാക്കുന്നതിന്റെ സാധ്യത പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു. പ്രാദേശികമായി നടപ്പാക്കാവുന്ന പ്രവർത്തനങ്ങൾ അടങ്ങിയതായിരിക്കും പ്രാദേശിക കലണ്ടർ.
എന്നാൽ, സ്കൂളുകളിൽ തദ്ദേശസ്ഥാപന പ്രതിനിധികൾക്ക് അമിതാധികാര പ്രയോഗത്തിനും അനാവശ്യ ഇടപെടലുകൾക്കും ഈ നടപടി വഴിവെക്കുമെന്ന് നിർദേശത്തെ എതിർത്ത അധ്യാപക സംഘടനകൾ പറഞ്ഞു.
സ്കൂൾ പി.ടി.എ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. പ്രീപ്രൈമറി അധ്യാപകരുടെ മൂന്നുമാസത്തെ ശമ്പള കുടിശ്ശിക നൽകാൻ നടപടി സ്വീകരിക്കും. അവധിക്കാല അധ്യാപക പരിശീലനം നടത്തും. പ്രിൻസിപ്പൽമാരുടെ ജോലി ഭാരം കുറക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് അടുത്ത അക്കാദമിക വർഷം നടപ്പാക്കും. വിദ്യാഭ്യാസവകുപ്പ് ഓഫിസുകളിൽ വിജിലൻസ് ഇടപെടൽ കാര്യക്ഷമമാക്കും. ഭാഷാ ന്യൂനപക്ഷങ്ങളുടെയും കായികരംഗത്തെയും പ്രശ്നങ്ങൾ പരിഹരിക്കും. അവധിക്കാലത്ത് മിനി യുവജനോത്സവം നടത്തുന്നതിന്റെ സാധ്യത പരിശോധിക്കും. ഏപ്രിൽ 30നകം സെക്രട്ടേറിയറ്റിൽ വിദ്യാഭ്യാസ വകുപ്പിലെ കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കാൻ മന്ത്രി പിന്നീട് വിളിച്ച ജീവനക്കാരുടെ യോഗത്തിൽ നിർദേശം നൽകി. എയ്ഡഡ് സ്കൂളുകളിലെ നിയമനത്തിന് നിയമാനുസൃതം അംഗീകാരം നൽകാൻ നടപടിയെടുക്കണം. ഫയലുകൾ തീർപ്പാക്കാൻ പ്രിൻസിപ്പൽ സെക്രട്ടറിതലത്തിൽ ഫയൽ അദാലത് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥരുമായി ചേർന്ന് നടത്താൻ മന്ത്രി നിർദേശം നൽകി.
ഖാദർ കമ്മിറ്റി റിപ്പോർട്ട് പ്രകാരമുള്ള വിദ്യാഭ്യാസ ഏകീകരണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥ പുനർവിന്യാസം, സ്പെഷൽ റൂളുകൾ തയാറാക്കൽ, കെ.ഇ.ആർ ഭേദഗതി എന്നീ ജോലികൾ നിർവഹിക്കാൻ രൂപവത്കരിച്ച പ്രത്യേക സെല്ലിൽ ജീവനക്കാരെ നിയമിക്കാൻ നടപടി സ്വീകരിക്കാനും മന്ത്രി നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.