ആനയെ പേടിച്ച് നാടുവിടുന്നവർ ദാ...ഇവിടെ
text_fieldsവന്യമൃഗങ്ങൾ മാങ്കുളത്തുകാരുടെ ഉറക്കം കെടുത്താത്ത രാത്രികളില്ല. കാട്ടാന, കാട്ടുപന്നി, കാട്ടുപോത്ത് തുടങ്ങിയവയായിരുന്നു ഇതുവരെ ഭീതി. അടുത്തനാളിൽ പുലിയും കടുവയുമൊക്കെ ജനവാസ കേന്ദ്രങ്ങളിലേക്ക് എത്തിത്തുടങ്ങി. ആനക്കുളം, വിരിപാറ, താളുംകണ്ടം, പാമ്പുംകയം, തൊണ്ണൂറ്റാറ്, കവിതക്കാട്, പെരുമ്പൻകുത്ത്, കോഴിയിളക്കുടി ഉൾപ്പെടെ പ്രദേശങ്ങൾ കാട്ടാനകളുടെ വിഹാരകേന്ദ്രങ്ങളാണ്. കഴിഞ്ഞ ദിവസങ്ങളിലും മാങ്കുളത്തിെൻറ വിവിധ മേഖലകളിൽ കാട്ടാനക്കൂട്ടം എത്തി വീടുകളും കൃഷികളുമടക്കം നശിപ്പിച്ചു.
വന്യമൃഗശല്യം കൂടിയതോടെ ഭൂമി വിറ്റും വിൽക്കാതെയും നിരവധി കുടുംബങ്ങൾ സമീപപ്രദേശങ്ങളിലേക്ക് താമസം മാറി. നേരത്തേ നാൽപതോളം കുടുംബങ്ങൾ താമസിച്ചിരുന്ന പാമ്പുകയം പ്രദേശത്ത് ഇപ്പോഴുള്ളത് അഞ്ച് കുടുംബം മാത്രം. മാങ്കുളം ടൗൺ ഉൾപ്പെടെ എല്ലാ മേഖലയിലും കാട്ടുപന്നി ശല്യവും രൂക്ഷമാണ്. കൂട്ടമായി എത്തുന്ന പന്നികൾ വാഴ, ചേന, ചേമ്പ് ഉൾപ്പെടെ തന്നാണ്ട് കൃഷികളാണ് വ്യാപകമായി നശിപ്പിക്കുന്നത്. ഇവ കൃഷിക്കാരെ ഉപദ്രവിക്കുന്നതും വർധിച്ചുവരുകയാണ്. കപ്പ, വാഴ തുടങ്ങിയ കൃഷികളിൽനിന്ന് കർഷകർ പിന്തിരിയേണ്ട സാഹചര്യമാണ് മാങ്കുളത്തുള്ളത്. ആനക്കുളം, വിരിപാറ, അമ്പതാം മൈൽ മേഖലകളിൽ കാട്ടുപോത്തിെൻറ ശല്യവും പ്രദേശവാസികളുടെ ഉറക്കംകെടുത്തുകയാണ്.
ഇത്തരം സാഹചര്യങ്ങൾ കർഷകർക്ക് വെല്ലുവിളി സൃഷ്ടിക്കുന്നതിനിടെയാണ് പുലിയും ജനവാസമേഖലകളിൽ ഇറങ്ങിത്തുടങ്ങിയത്. കൂടുതൽ പുലികൾ മാങ്കുളം വനമേഖലയിൽ ഉണ്ടെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ നിഗമനത്തിലെത്തിയതോടെ ജനം ഭീതിയുടെ കൊടുമുടിയിലാണ്. മൂന്നാറിൽനിന്ന് ഏഴു കി.മീ. അകലെ നയമക്കാട് എസ്റ്റേറ്റ് ഈസ്റ്റ് ഡിവിഷനിലും തേയിലത്തോട്ടത്തിലെ അരുവിക്ക് സമീപം കഴിഞ്ഞ ദിവസവും കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. കടുവ പട്ടാപ്പകൽ തോട്ടം തൊഴിലാളികൾക്ക് മുന്നിൽ പ്രത്യക്ഷപ്പെടുകയായിരുന്നു.
ജീവനിൽ പേടി; ഉറക്കം പാതി...
ഓരോ ദിവസവും കൃഷിയിടത്തിലേക്കെത്തുന്നത് നെഞ്ചിടിപ്പോടെയാണ്. വിളകൾ വന്യമൃഗങ്ങളിറങ്ങി നശിപ്പിച്ചിട്ടുണ്ടോ എന്നാണ് ആദ്യത്തെ നോട്ടം. മാസങ്ങളായി വന്യമൃഗശല്യം രൂക്ഷമാണ് ഹൈറേഞ്ചിലെങ്ങും. ജീവിക്കാൻ വേണ്ടിയാണ് കൃഷി ചെയ്യുന്നത്. എന്നാൽ, കൂട്ടമായി എത്തുന്ന കാട്ടാനയും കാട്ടുപന്നിയും കുരങ്ങുകളും അതിനനുവദിക്കുന്നില്ല.
ഒരായുസ്സ് മുഴുവൻ വിയർപ്പൊഴുക്കി നട്ടുനനച്ചു വളർത്തുന്ന വിളകൾക്കൊപ്പം ജീവിതവും ചവിട്ടിമെതിച്ചാണ് ഇവ തിരിച്ചുപോകുന്നത്. തങ്ങളുടെ വീടുകളും കൃഷിയുമടക്കം ആനകൾ നശിപ്പിക്കുന്നതിെൻറ വേദന പങ്കുവെക്കുകയാണ് കർഷകനായ മാങ്കുളം പാമ്പുംകയം കുരുവിള തോമസ്. ഇത്ര നാളും കൃഷി സംരക്ഷിക്കാനാണ് പാടുപെട്ടതെങ്കിൽ ഇപ്പോൾ ജീവനും ഭീഷണിയിലാണ്. മരത്തിൽ വിളയുന്നത് കുരങ്ങും മണ്ണിൽ മുളക്കുന്നത് കാട്ടുപന്നിയും കൊണ്ടുപോകുകയാണ്.
10ഉം 15ഉം ആനകൾ രാത്രികളിൽ കൃഷിയിടങ്ങളിലെത്തി വിളകൾ തിന്നും ചവിട്ടിയും നശിപ്പിക്കും. കൂടാതെ, വീടുകളുടെ അടുക്കളഭാഗങ്ങളിൽ എത്തി ഇവ ഭിത്തി തകർക്കും. ഇതോടെ ഉറക്കം ജീവനെടുത്തുപിടിച്ചായി. ഇവിടെ താമസിക്കാൻ ഭയമായതോടെ സമീപപ്രദേശങ്ങളിൽ വാടകക്കും മറ്റുമായി താമസിക്കുകയാണ് ഒട്ടേറെ കുടുംബങ്ങൾ. വ്യാഴാഴ്ച രാത്രിയെത്തിയ കാട്ടാനകൾ രണ്ട് വീടാണ് തകർത്തത്. വീടുകളും മറ്റും നശിപ്പിച്ചാൽ പിന്നീട് അതുണ്ടാക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻപോലും കഴിയില്ല.
അധികൃതരെ വിവരമറിയിച്ച് അപേക്ഷ നൽകിയാൽ ചെറിയ നഷ്ടപരിഹാരമാണ് ലഭിക്കുന്നത്. എന്നാൽ, ഇതുപോര. മുതിർന്ന ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് കാര്യങ്ങൾ മനസ്സിലാക്കണം. പ്രദേശത്ത് ആന ഇറങ്ങാത്ത രീതിയിൽ എന്തെങ്കിലും നടപടി കൈക്കൊള്ളണമെന്നും കുരുവിള പറയുന്നു. വന്യമൃഗശല്യത്തിെനതിരെ നടപടി സ്വീകരിക്കുമെന്ന പ്രഖ്യാപനങ്ങൾ പാഴ്വാക്കാകുന്ന കാഴ്ചയാണ്. മൃഗശല്യത്തിൽ പൊറുതിമുട്ടുന്ന മാങ്കുളത്തെ കൃഷിക്കാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് ഭരണാധികാരികൾ ഉണർന്നുപ്രവർത്തിക്കണെമന്നും ഇദ്ദേഹം പറഞ്ഞു.
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.