ജൂൺ മുതൽ നവംബർ വരെ ജലമിച്ചം, പിന്നെ ജലക്കമ്മി
text_fieldsതിരുവനന്തപുരം: ജലലഭ്യതയും ഉപഭോഗവും കണക്കാക്കി തദ്ദേശ സ്ഥാപന അടിസ്ഥാനത്തിൽ രാജ്യത്ത് ആദ്യമായി ജലബജറ്റ് തയാറാക്കിയ സംസ്ഥാനമായി കേരളം. 14 ജില്ലകളിൽ തെരഞ്ഞെടുത്ത 15 ബ്ലോക്കുകളിലെ 94 ഗ്രാമപഞ്ചായത്തുകളെ ഉൾപ്പെടുത്തിയാണ് ജലബജറ്റ് തയാറാക്കിയത്. ഓരോ പ്രദേശത്തും ഓരോ കാലയളവിലും ലഭ്യമായ വെള്ളത്തിന്റെ അളവും വിവിധ ആവശ്യങ്ങൾ നിറവേറ്റുന്നതിന് വേണ്ട വെള്ളത്തിന്റെ അളവും കൃത്യതയോടും ശാസ്ത്രീയമായും ജനകീയമായും കണക്കാക്കി അവയിലെ അന്തരം നിർണയിച്ച് ഓരോ ചെറു കാലയളവിലും ജലമിച്ചമാണോ ജല ദൗർലഭ്യമാണോ എന്നു കണ്ടെത്തുന്ന പ്രവർത്തനമാണ് ജല ബജറ്റിലൂടെ നടന്നത്.
മിക്കവാറും എല്ലാ പ്രദേശത്തും ജൂൺ മുതൽ നവംബർ വരെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് ആവശ്യമായതിെനക്കാൾ കൂടുതൽ ജലം ലഭ്യമാണെന്നാണ് കണ്ടെത്തൽ. എന്നാൽ അതുകഴിഞ്ഞുള്ള മാസങ്ങളിൽ ജലകമ്മിയാണ്. ചുരുക്കം സ്ഥലങ്ങളിൽ ഒഴിച്ച് എല്ലായിടത്തും വേനൽമഴ ലഭിക്കുന്നുണ്ട്. ഓരോ പ്രദേശത്തും ലഭ്യമായ ജലത്തിന്റെ അളവ് ആവശ്യമുള്ളതിെനക്കാൾ കുറവാണെങ്കിൽ അതിനനുസരിച്ച് ലഭ്യത വർധിപ്പിക്കുന്നതിനും ഉപയോഗം ക്രമപ്പെടുത്തുന്നതിനുമുള്ള ഇടപെടലുകളും റിപ്പോർട്ടിൽ നിഷ്കർഷിക്കുന്നു. ജലസേചനവകുപ്പ്, മണ്ണ് പര്യവേക്ഷണ-മണ്ണ് സംരക്ഷണ വകുപ്പ്, ഭൂജല വകുപ്പ്, മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എന്നിവയുടെ പങ്കാളിത്തത്തോടെയായിരുന്നു ജലബജറ്റിങ് പ്രവർത്തനങ്ങൾ. ജല ആവശ്യങ്ങളെ കൃഷി, മൃഗസംരക്ഷണം, ഗാർഹികം, വ്യവസായികം, വ്യാപാരം, പൊതു സ്വകാര്യ സ്ഥാപനങ്ങൾ, വിനോദ സഞ്ചാരം, പാരിസ്ഥിതികം എന്നിങ്ങനെ തരംതിരിച്ചാണ് അളവ് കണ്ടെത്തിയത്. ജലക്കുറവ് മറികടക്കുന്നതിനുള്ള ആസൂത്രണം, ജലലഭ്യതക്കനുസരിച്ച് കൃഷി ആരംഭിക്കൽ, പുതിയ സംരംഭങ്ങൾക്ക് ആവശ്യമായ ജലം ലഭ്യമാണോ എന്ന പരിശോധന എന്നിവക്കെല്ലാം ജലബജറ്റ് ഉപകരിക്കും.
വീണ്ടെടുത്തത് 412 കിലോമീറ്റർ പുഴയും 60855 കിലോമീറ്റർ തോടും
പുഴകളും നദികളും ജലാശയങ്ങളും വീണ്ടെടുക്കാൻ ലക്ഷ്യമിട്ട ‘ഇനി ഞാനൊഴുകട്ടെ’ കാമ്പയിനിന്റെ രണ്ട് ഘട്ടങ്ങളിലായി 412 കിലോമീറ്റർ പുഴകളും 60855 കിലോമീറ്റർ തോടുകളും വൃത്തിയാക്കാനായി. 1,62,295 പേരാണ് വിവിധ ഇടങ്ങളിലായി ഇതിൽ പങ്കെടുത്തത്. മൂന്നാംഘട്ടത്തിൽ പശ്ചിമഘട്ട പ്രദേശത്തെ 230 ഗ്രാമപഞ്ചായത്തുകളിലെ നീർച്ചാൽ വീണ്ടെടുപ്പിന് ഊന്നൽ നൽകി സംസ്ഥാനത്തൊട്ടാകെയുള്ള നീർച്ചാൽ ശൃംഖല വീണ്ടെടുക്കലാണ് ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.