ഇരിക്കൂറിൽ അതിഥി തൊഴിലാളിയെ സുഹൃത്ത് കൊന്നുകുഴിച്ചുമൂടി
text_fieldsഇരിക്കൂർ: രണ്ടുമാസം മുമ്പ് കാണാതായ അന്തർ സംസ്ഥാന തൊഴിലാളി അഷീഖുൽ ഇസ്ലാമിെൻറ തിരോധാനം കൊലപാതകം. 'ദൃശ്യം' സിനിമ മോഡലിലാണ് ഇരിക്കൂർ അൻസാർ മസ്ജിദിന് മുൻവശം കെ.വി. മുനീറിെൻറ നിർമാണ പ്രവർത്തനത്തിലുള്ള കെട്ടിടത്തിൽ ജോലി ചെയ്യുകയായിരുന്ന അഷീഖുൽ ഇസ്ലാമിനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയത്. കെട്ടിടത്തിലെ ശുചിമുറിയിൽ കുഴിച്ചിട്ട മൃതദേഹം വെള്ളിയാഴ്ച പുറത്തെടുത്തു. സംഭവത്തിൽ ഒന്നാം പ്രതി പശ്ചിമബംഗാളിലെ മുർഷിദാബാദ് ജില്ലയിലെ മതുരപൂർ പരീക്ഷ് നാഥിനെ(27) ഇരിക്കൂർ പൊലീസ് അറസ്റ്റ് ചെയ്തു. കൂട്ടുപ്രതിയും ഇയാളുടെ ഭാര്യാസഹോദരനുമായ ഗണേഷ് മണ്ഡൽ (53) ഒളിവിലാണ്. കേരളത്തിൽ വിവിധ ജില്ലകളിൽ പത്തുവർഷത്തോളമായി, പ്രതികളായ ഇരുവരും ജോലി ചെയ്തുവരുന്നു.
ഒരു വർഷത്തോളമായി എൻജിനീയർ സി.എച്ച്. മഹ്മൂദിെൻറ കീഴിൽ കെ.വി. മുനീറിെൻറ കടയുടെ കോൺക്രീറ്റ് പണി ചെയ്തുവരുകയാണ്. വാക്തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. പരീക്ഷ് നാഥ് (27) ചുറ്റികകൊണ്ട് തലക്കടിക്കുകയും ഗണേഷ് മണ്ഡൽ (53) വായ് മൂടിക്കെട്ടി കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് മൃതദേഹം ചാക്കിൽ കെട്ടി ശുചിമുറിയിൽ കുഴിച്ചിട്ട് കോൺക്രീറ്റ് ചെയ്തു. തുടർന്ന് വസീഖിെൻറ മൊബൈലും 7,000 രൂപയും മോഷ്ടിച്ച് ഇവർ മുംബൈയിലേക്ക് കടന്നു. വസീഖിനെ കാണാതായതോടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. പരീക്ഷ് നാഥ്, ഗണേഷ് മണ്ഡൽ എന്നിവരെ സംശയമുള്ളതായും പരാതിയിൽ വ്യക്തമാക്കിയിരുന്നു. പ്രാഥമിക അന്വേഷണത്തിൽ വിവരങ്ങൾ ഒന്നും ലഭിക്കാത്ത സാഹചര്യത്തിൽ മാസങ്ങൾക്കുശേഷം സൈബർ സെല്ലിെൻറ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് കേസിന് തുമ്പുണ്ടായത്. ഇരിക്കൂർ എസ്.ഐ എൻ.വി. ഷീജു, എ.എസ്.ഐ റോയി ജോൺ, സി.പി.ഒമാരായ കെ. ഷംഷാദ്, ശ്രീലേഷ് എന്നിവർ മുംബൈയിൽ എത്തിയാണ് അന്വേഷണം നടത്തിയത്.
മുംബൈ -ഗുജറാത്ത് അതിർത്തിയിലെ പാൽഗർ ജില്ലയിൽ നിന്നാണ് പരീക്ഷ് നാഥിനെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതകത്തെക്കുറിച്ച് ഇയാൾ മൊഴി നൽകിയത്. ഒന്നാം പ്രതിയുമായി വെള്ളിയാഴ്ച രാവിലെയാണ് കെട്ടിടത്തിൽ അന്വേഷണസംഘം എത്തിയത്. കണ്ണൂർ റൂറൽ എസ്.പി. നവനീത് ശർമ, ഇരിട്ടി ഡിവൈ.എസ്പി പ്രിൻസ് എബ്രഹാം, ഇരിക്കൂർ പഞ്ചായത്ത് പ്രസിഡൻറ് ടി.സി. നസിയത്ത്, ഇരിട്ടി സി.ഐ കെ.ജെ. വിനോയ്,ഉളിക്കൽ സി.ഐ സുധീർ, പേരാവൂർ സി.ഐ സജീവ്, ഇരിക്കൂർ എസ്.ഐ എൻ.വി. ഷീജു എന്നിവരുടെ നേതൃത്വത്തിലാണ് മൃതദേഹം പുറത്തെടുത്തത്. സംഭവമറിഞ്ഞ് രാഷ്ട്രീയ പ്രതിനിധികളും വൻ ജനക്കൂട്ടവും സ്ഥലത്ത് ഒഴുകിയെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.