എന്തൊരു ചൂട്...രാജ്യത്തെ ഏറ്റവും ഉയർന്ന ചൂട് കണ്ണൂരിൽ
text_fieldsകണ്ണൂർ: രാജ്യത്തെ ഏറ്റവും ചൂടൻ ജില്ലയായി വീണ്ടും കണ്ണൂർ. കേന്ദ്ര കാലാവസ്ഥ വകുപ്പ് സീസണിലെ ഏറ്റവും ഉയർന്ന ചൂടായ 37.7 ഡിഗ്രി സെല്‍ഷ്യസ് തിങ്കളാഴ്ച കണ്ണൂർ വിമാനത്താവളത്തിൽ രേഖപ്പെടുത്തി. കണ്ണൂർ സിറ്റിയിൽ 35.2 ഡിഗ്രി സെല്‍ഷ്യസാണ് റിപ്പോർട്ട് ചെയ്തത്. ഡിസംബറിലും ജനുവരിയിലും രാജ്യത്തെ ചൂടൻ പട്ടികയിൽ കണ്ണൂരെത്തിയിരുന്നു.
കേന്ദ്ര കാലാവസ്ഥവകുപ്പിന്റെ ഔദ്യോഗിക കണക്കു പ്രകാരം ഡിസംബറിലും രാജ്യത്തെ ഏറ്റവും ഉയർന്ന ചൂട് കണ്ണൂരിലായിരുന്നു. 36.6 ഡിഗ്രി സെൽഷ്യസ് ആണ് അന്ന് രേഖപ്പെടുത്തിയ താപനില. 30ന് കണ്ണൂർ സിറ്റിയിൽ 37.02 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി.
ജനുവരി അഞ്ചിന് 24 മണിക്കൂറില്‍ 34.4 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്. കണ്ണൂർ വിമാനത്താവളത്തിലെ വെതർ സ്റ്റേഷനിലാണ് റെക്കോഡ് രേഖപ്പെടുത്തിയത്. ജനുവരി രണ്ട്, 27, 28 തീയതികളിലും ചൂടിൽ കണ്ണൂരായിരുന്നു മുന്നിൽ. ഇതോടെ രാജ്യത്ത് ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തുന്ന സ്ഥലങ്ങളുടെ പട്ടികയിൽ ഇടക്കിടെ കണ്ണൂർ ഒന്നാമതായി.
ജില്ലയിൽ തുലാവർഷം ഡിസംബറോടെ തീർന്നെങ്കിലും ജനുവരിയിൽ പെയ്ത മഴ 23.41 ശതമാനം കൂടുതലായിരുന്നു. ഇതിന് പിന്നാലെയാണ് ഫെബ്രുവരിയിൽ കനത്ത ചൂട് അനുഭവപ്പെടുന്നത്. രാത്രി നല്ല തണുപ്പാണ് മലയോരമേഖയിലടക്കം.
അതേസമയം പകൽ പുറത്തിറങ്ങാനാവാത്ത അവസ്ഥയും. വരും ദിവസങ്ങളിലും ചൂട് വർധിക്കുമെന്നാണ് വിലയിരുത്തൽ. പുഴകളിൽ ജലനിരപ്പ് താഴ്ന്നുതുടങ്ങി. വർഷങ്ങൾക്കുശേഷം പഴശ്ശി പദ്ധതിയുടെ പ്രധാന കനാൽ വഴി വെള്ളമൊഴുക്കിയതിനാൽ കൃഷിക്കും മറ്റും ആശ്വാസമാണ്.
വെള്ളം കുടിച്ചില്ലെങ്കിൽ പണിയാവും
ചൂട് കൂടുന്ന സാഹചര്യത്തിൽ ധാരാളം വെള്ളം കുടിച്ചില്ലെങ്കിൽ വാടിത്തളരും. നിർജലീകരണം സംഭവിച്ച് മരണത്തിലേക്കു വരെ നയിക്കാം. അമിത ചൂടും വിയർപ്പും ശരീരത്തിലെ ലവണങ്ങളെ പുറന്തള്ളുന്നു. ചൂട് വർധിച്ച് സൂര്യാതപവും സൂര്യാഘാതവും ഉണ്ടാകാനും സാധ്യതയുണ്ട്.
തലവേദന, ത്വക്ക് വരളുക, മയക്കം, തലചുറ്റൽ, ഉത്സാഹക്കുറവ്, ശ്രദ്ധയില്ലായ്മ തുടങ്ങിയ പ്രശ്നങ്ങളിലേക്കും നയിക്കും. ഉച്ചവെയിലിൽ പുറത്ത് ജോലിയിൽ ഏർപ്പെടുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. പുറത്ത് പോകേണ്ടി വരുന്ന സാഹചര്യത്തിൽ കുട കരുതാം. ദിവസേന എട്ടു മുതൽ 10 ഗ്ലാസ് വരെയോ മൂന്ന് ലിറ്ററോ വെള്ളം കുടിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.