കേരളത്തിൽ വീണ്ടും തടങ്കൽപാളയങ്ങൾ വരുന്നു
text_fieldsതിരുവനന്തപുരം: കേന്ദ്ര നിർദേശമനുസരിച്ച് കേരളത്തിൽ തടങ്കൽപാളയങ്ങൾ നിർമിക്കാൻ സംസ്ഥാന സർക്കാർ വീണ്ടും നടപടി ആരംഭിച്ചു. തിരുവനന്തപുരത്തും തൃശൂരും തടങ്കൽപാളയങ്ങൾ ആരംഭിക്കാൻ സാമൂഹിക സുരക്ഷാ വകുപ്പ് ഡയറക്ടർ പുനർവിജ്ഞാപനം പുറപ്പെടുവിച്ചു.
ഒന്നരവർഷം മുമ്പ് വിവാദമായതോടെ നിർത്തിയ പ്രക്രിയയാണ് കോവിഡ് സമയത്ത് പുനരാരംഭിച്ചത്. സന്നദ്ധ സംഘടനകളുടെ സഹായത്തോടെ തടങ്കൽപാളയങ്ങൾ (ഡിറ്റൻഷൻ സെൻറർ) സ്ഥാപിക്കുമെന്ന് വിജ്ഞാപനത്തിൽ പറയുന്നു. 'അനധികൃതമായി രാജ്യത്ത് പ്രവേശിക്കുന്ന വിദേശികളെയും, പാസ്പോർട്ട്/വിസ കാലാവധി തീർന്ന ശേഷവും രാജ്യത്ത് തുടരുന്ന വിദേശികളെയും, ശിക്ഷാകാലാവധി പൂർത്തിയാക്കി അവരവരുടെ രാജ്യത്തേക്ക് തിരിച്ചുപോകാനുള്ള നിയമനടപടികൾ കാത്തുകിടക്കുന്ന വിദേശികളെയും അവർ രാജ്യം വിടുന്നതുവരെ നിരീക്ഷണത്തിൽ പാർപ്പിക്കാൻ സംസ്ഥാന തലത്തിൽ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ ഡിറ്റൻഷൻ സെൻറർ സ്ഥാപിക്കാൻ തീരുമാനിച്ചിരിക്കുന്നു' എന്നാണ് വിജ്ഞാപനം വിശദീകരിക്കുന്നത്.
ഒരു സമയം പരമാവധി 10 പേർക്ക് താമസിക്കാവുന്ന ഡിറ്റൻഷൻ സെൻററാണ് രണ്ട് ജില്ലകളിലും ആരംഭിക്കുന്നത്. താൽപര്യമുള്ള സംഘടനകൾ ഇൗ ജൂൺ 15ന് വൈകീട്ട് അഞ്ചിനു മുമ്പ് വിശദ നിർദേശം ലഭ്യമാക്കാനും ഡയറക്ടർ നിർദേശിക്കുന്നു. അടിസ്ഥാന സൗകര്യത്തിനു പുറമെ സി.സി.ടി.വി, മുള്ളുവേലിയടക്കം തടങ്കൽപാളയത്തിന് ഏർപ്പെടുത്തും. സംസ്ഥാന പൊലീസിനാകും സുരക്ഷ. തൃശൂർ പൂങ്കുന്നത്ത് ഡിറ്റൻഷൻ സെൻറർ പ്രവർത്തനം തുടങ്ങി.
ശിക്ഷാകാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയ രണ്ട് നൈജീരിയൻ പൗരന്മാരെയും ഒരു മ്യാന്മർ പൗരനെയും ഇവിടേക്ക് മാറ്റിയിട്ടുണ്ട്.
ദേശീയ പൗരത്വ രജിസ്റ്റർ (എൻ.ആർ.സി) നടപ്പാക്കുന്നതിെൻറ ഭാഗമായി തടങ്കൽപാളയങ്ങൾ നിർമിക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയ നിർദേശം നേരത്തേ വിവാദമായപ്പോൾ സംസ്ഥാനത്ത് തടങ്കൽപാളയങ്ങൾ നിർമിക്കില്ലെന്ന സർക്കാർ നിലപാടിൽ മാറ്റമില്ലെന്ന് 2020 ഫെബ്രുവരി 11ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. 2012 ൽ യു.ഡി.എഫ് സർക്കാർ ആരംഭിച്ച നടപടിക്രമങ്ങൾ നിർത്തിവെക്കാൻ ഉത്തരവിറക്കിയതായും അദ്ദേഹം അറിയിച്ചിരുന്നു.
എൻ.ആർ.സിയും പൗരത്വ ഭേദഗതിനിയമവും കേരളത്തിൽ നടപ്പാക്കില്ലെന്ന് കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ പ്രഖ്യാപിച്ചിരുന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരെ 2019 ഡിസംബർ 31ന് സംസ്ഥാന നിയമസഭ ഐകകണ്ഠ്യേന പ്രമേയവും പാസാക്കി. എന്നാൽ, തടങ്കൽപാളയം നിർമിക്കാനുള്ള പുനർവിജ്ഞാപനമിറങ്ങി ആഴ്ച തികയുേമ്പാഴും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമടക്കം ആരും ഇതുവരെ പ്രതികരിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.