ഡ്രൈവറും ഡോക്ടറും പുരുഷൻ, സ്ത്രീകൾ നഴ്സുമാരും അധ്യാപകരും; 'സ്റ്റീരിയോടൈപ്പ്' പ്രോത്സാഹിപ്പിച്ച് അംഗൻവാടി പുസ്തകങ്ങൾ
text_fieldsകോഴിക്കോട്: സ്ത്രീകൾ നഴ്സുമാരും അധ്യാപകരും മാത്രമാണോ? ലിംഗ അസമത്വത്തിനെതിരായ പോരാട്ടത്തിൽ കേരളം ഒരുപടി മുന്നിൽ നിൽക്കുേമ്പാഴും കുഞ്ഞുങ്ങൾക്ക് നൽകുന്ന പ്രാഥമിക വിദ്യാഭ്യാസത്തിൽ ഈ അസമത്വങ്ങളുടെ പെരുമഴ കാണാം.
സംസ്ഥാന വനിത -ശിശു വികസന വകുപ്പ് (ഡബ്ല്യൂ.സി.ഡി) നിയോഗിച്ച അഞ്ചംഗ ജെൻഡർ ഓഡിറ്റ് കമ്മിറ്റിയുടേതാണ് കണ്ടെത്തൽ. പ്രീ പ്രൈമറി ഘട്ടം മുതൽ കുട്ടികളിൽ ലിംഗബോധം വളർത്താനായി അംഗൻവാടി പാഠപുസ്തകങ്ങളിൽ മാറ്റം വരുത്തണമെന്നാണ് സമിതിയുടെ ആവശ്യം. സംസ്ഥാന ജെൻഡർ അഡ്വൈസർ ഡോ. ടി.കെ. ആനന്ദിയുടെ നേതൃത്വത്തിലായിരുന്നു പഠനം.
സംസ്ഥാനത്ത് 33,000 അംഗൻവാടികളാണുള്ളത്. ഇതിൽ കുട്ടികൾക്കായി 'അങ്കണപൂമഴ' അധ്യാപകർക്ക് സഹായിയായി 'അങ്കണതൈമാവ്' എന്നീ പുസ്തകങ്ങളാണ് നൽകുന്നത്. ഇതിൽ അരികുവൽക്കരിക്കപ്പെട്ട വിഭാഗത്തെ അതേ രീതിയിൽ പാഠപുസ്തകത്തിൽ അവതരിപ്പിച്ച് പ്രോത്സാഹിപ്പിക്കുന്നുവെന്നും സമിതി പറയുന്നു.
സ്ത്രീകളെ അധ്യാപകരായും നഴ്സുമാരായും മാത്രം ചിത്രീകരിക്കുന്നു. പൊതുയിടങ്ങളിൽ പ്രത്യക്ഷപ്പെടുന്ന ഡോക്ടർ, ഡ്രൈവർ, കൃഷിക്കാർ തുടങ്ങിയവയിൽ പുരുഷൻമാരെയും ചിത്രീകരിക്കുന്നു. പൊതുയിടങ്ങളിൽ സ്ത്രീകളുടെ സാന്നിധ്യം കുറവായും ഇവിടെ പുരുഷൻമാർ ആധിപത്യം നേടുന്നതായും കാണിക്കുന്നു. അംഗൻവാടി കുട്ടികളുടെ പ്രവർത്തനങ്ങളിൽ സഹായിക്കാനായി അമ്മമാരെ മാത്രം ഉൾപ്പെടുത്തി ചത്രീകരിക്കുന്നു. അച്ഛൻമാരെ അതിൽനിന്ന് മാറ്റിനിർത്തുന്നു.
വന്യമൃഗങ്ങളായ സിംഹം, കടുവ തുടങ്ങിയവയെ പുരുഷൻമാരായും താറാവ്, കോഴി, തത്ത തുടങ്ങിയവയെ സ്ത്രീകളായും ചിത്രീകരിക്കുകയും പുരുഷാധിപത്യം ഉറപ്പിക്കുകയും ചെയ്യുന്നുവെന്നാണ് മറ്റൊരു കണ്ടെത്തൽ.
'രണ്ടു പുസ്തകങ്ങളിലും ഒരു സ്ത്രീ ഡ്രൈവറെയോ പൊലീസിനെയോ കർഷകയെയോ കണ്ടെത്താനാകില്ല. എന്നാൽ, സ്ത്രീകൾ എല്ലാ തൊഴിൽ മേഖലയിലും ഇപ്പോഴുണ്ടെന്ന് നമുക്കറിയാം. ഈ പുസ്തകങ്ങളിൽ ആൺകുട്ടി വിത്തുവിതക്കുന്നതും പെൺകുട്ടി അവനെ നോക്കിനിൽക്കുന്നതും കാണാം. പുരുഷൻ അധ്വാനികളാണെന്നും സ്ത്രീകൾ വിശ്രമം നയിക്കുന്നുവെന്നുമാണ് അവ നൽകുന്ന സന്ദേശം' -സമിതി അംഗം പറയുന്നു.
പുസ്തകത്തിൽ വാർപ്പ് മാതൃകകളായ നിരവധി ചിത്രീകരണങ്ങൾ കാണാനാകുമെന്നാണ് സമിതിയുടെ കണ്ടെത്തൽ. ഉദാഹരണത്തിന് ഒരു ചിത്രീകരണത്തിൽ പുരുഷനെ ചുമട്ടുെതാഴിലാളിയായും സൂപ്പർവൈസറായും മത്സ്യത്തൊഴിലാളിയായും കാണിക്കുന്നു. എന്നാൽ സ്ത്രീകളെ അതേ ചിത്രത്തിൽ മത്സ്യക്കുട്ടയും തലയിലേന്തി നിൽക്കുന്ന മീൻ വിൽപ്പനക്കാരിയായി ചിത്രീകരിക്കുന്നു. ഇതിൽ മീൻവിൽപ്പന മാത്രമാണ് സ്ത്രീകളുടെ ജോലിയെന്നും മറ്റുള്ളവയെല്ലാം പുരുഷൻമാരുടേതുമാണെന്ന സന്ദേശം നൽകുന്നു. ഇത്തരത്തിൽ ഒരുപാട് ചിത്രീകരണങ്ങൾ പുസ്തകങ്ങളിൽ കാണാനാകും -അവർ കൂട്ടിച്ചേർത്തു.
2014 മുതലാണ് ഈ പുസ്തകം പഠന സഹായിയായി ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ ലിംഗഭേദം ഒരു മാനദണ്ഡമായി കണക്കാക്കിയിട്ടില്ലെന്നും അവർ പറയുന്നു. 'ചെറിയ കുഞ്ഞുങ്ങളെ വീട്, പരിസരം എന്നിവ മനസിലാക്കി നൽകുന്നതിനുള്ള സഹായിയായി ഉപയോഗിക്കുന്ന ഈ പുസ്തകങ്ങൾ പരമ്പരാഗത മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ലിംഗബോധവൽക്കരണം ഒരു പ്രധാന ഘടകമായിരുന്നില്ല' -സമിതി അംഗം പറയുന്നു.
നിലവിലെ പാഠപുസ്തകങ്ങൾ പരിഷ്കരിക്കേണ്ട സമയമായെന്നും ഇതിൽ ലിംഗസമത്വം പ്രധാന മാനദണ്ഡമായി കണക്കാക്കണമെന്നും സമിതി ശിപാർശ ചെയ്യുന്നു. സമിതിയുടെ കണ്ടെത്തൽ ഉടൻ സർക്കാറിന് സമർപ്പിക്കുമെന്നും 'ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ്' റിപ്പോർട്ട് ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.