ആ പ്രിയ മാതാവ് ഇല്ല, സിദ്ദീഖ് കാപ്പനെ സ്വീകരിക്കാൻ...
text_fieldsവേങ്ങര(മലപ്പുറം): മരണം അരികിലെത്തുമ്പോഴും ആ ഉമ്മ ആഗ്രഹിച്ചിരുന്നത് കണ്ണെത്താ ദൂരെ കാരാഗൃഹത്തിൽ കഴിയുന്ന പ്രിയമോന്റെ സാമീപ്യമായിരുന്നു. പക്ഷേ, ചെയ്യാത്ത കുറ്റത്തിന് യോഗി ഭരണകൂടം അഴിക്കുള്ളിലടച്ച സിദ്ദീഖ് കാപ്പന് മുന്നിൽ നീതിയും ന്യായവും കുരുക്കുകൾ തീർത്തതോടെ ഇരുവർക്കും കണ്ടുമുട്ടാനായില്ല. ഇപ്പോൾ ഒടുവിൽ സുപ്രീം കോടതി ജാമ്യം അനുവദിച്ചപ്പോൾ പക്ഷേ, സിദ്ദീഖിനെ സ്വീകരിക്കാൻ പ്രിയമാതാവ് എട്ടുവീട്ടിൽ ഖദീജക്കുട്ടി ഇല്ല. 91 കാരിയായ അവർ സ്വപ്നം പൂവണിയാതെ 2021 ജൂൺ 18ന് ഈ ലോകത്ത് നിന്ന് യാത്രയായിരുന്നു.
ഉമ്മയുടെ മൃതദേഹം കാണാൻ പോലും കാപ്പന് അനുമതി ലഭിച്ചിരുന്നില്ല. മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ ജാമ്യത്തിന് അപേക്ഷിക്കാമെന്ന് അഭിഭാഷകൻ അറിയിച്ചെങ്കിലും വേണ്ടെന്നായിരുന്നു മറുപടി. എത്രയും വേഗം ഖബറടക്കം നടത്തുന്നതാണ് ഉമ്മയുടെ മയ്യിത്തിനോട് ചെയ്യുന്ന നീതിയെന്നായിരുന്നു സിദ്ദീഖിെൻറ അഭിപ്രായം. ഒന്നോ രണ്ടോ ദിവസത്തേക്ക് വീട്ടിൽ വന്നാൽ തിരിച്ചുപോവാൻ മനസ്സ് അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ജയിലഴികൾക്കുള്ളിലിരുന്നാണ് പ്രാർഥനയോടെ സിദ്ദീഖ് ഉമ്മയെ യാത്രയാക്കിയത്.
പ്രായത്തിന്റെ അവശതകൾക്കൊപ്പം മകന്റെ ജയിൽവാസവും കൂടിയായതോടെ ഏറെ ക്ഷീണിതയായ ഖദീജക്കുട്ടിയെ കാണാൻ 2021 ഫെബ്രുവരി 15നാണ് സിദ്ദീഖ് കാപ്പൻ ജയിലിൽനിന്ന് അവസാനമായി വീട്ടിലെത്തിയത്. കേരള പത്രപ്രവര്‍ത്തക യൂണിയന്റെ ഹര്‍ജി പരിഗണിച്ചുകൊണ്ടായിരുന്നു ജാമ്യം.
സുപ്രീംകോടതി അഞ്ച് ദിവസമാണ് കാപ്പന് അന്ന് ജാമ്യം അനുവദിച്ചിരുന്നത്. ആദ്യം വീഡിയോ കോണ്‍ഫറന്‍സ് വഴി കാണാനായിരുന്നു അനുമതി നല്‍കിയത്. എന്നാല്‍ പ്രായാധിക്യം മൂലം വീഡിയോ കോണ്‍ഫറന്‍സ് സാധ്യമല്ലെന്ന് ബോധ്യപ്പെടുത്തിയതിനെ തുടര്‍ന്ന് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. മാതാവല്ലാതെ മറ്റാരെയും കാണരുത്, മാധ്യമങ്ങളുമായി സംസാരിക്കരുത് തുടങ്ങിയ നിബന്ധനകളോടെയായിരുന്നു ജാമ്യം.
ചീഫ് ജസ്റ്റിസ് യു.യു ലളിത്, ജസ്റ്റിസ് എസ്. രവീന്ദ്ര ഭട്ട്, ജസ്റ്റിസ് പി.എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ചാണ് എഴുനൂറിലേറെ ദിവസം നീണ്ട ജയിൽവാസത്തിന് ശേഷം ഇന്ന് സിദ്ദീഖ് കാപ്പന് ജാമ്യം അനുവദിച്ചത്. 2020 ഒക്ടോബറിൽ ഹാഥറസിലേക്കുള്ള യാത്രയ്ക്കിടെയാണ് അദ്ദേഹം അറസ്റ്റിലായത്. ആറാഴ്ച ദില്ലിയിൽ കഴിയണമെന്നും അതുകഴിഞ്ഞ് കേരളത്തിലേക്ക് മടങ്ങാമെന്നും കോടതി അറിയിച്ചു. കേരളത്തിലെത്തിയാൽ ലോക്കൽ പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യണമെന്നും നിർദേശമുണ്ട്. അന്വേഷണം പൂർത്തിയായ ശേഷമേ ജാമ്യം അനുവദിക്കാവൂവെന്ന യു.പി സർക്കാറിന്റെ ആവശ്യം കോടതി തള്ളി. സിദ്ദീഖ് കാപ്പന് അലഹബാദ് ഹൈകോടതി നേരത്തെ കാപ്പന് ജാമ്യം നിഷേധിച്ചിരുന്നു. ഇതേ തുടർന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.