ഒമ്പതു വർഷത്തിനിടെ സംസ്ഥാനത്ത് 30,000 പോക്സോ കേസുകൾ
text_fieldsകൊച്ചി: ഒമ്പതുവർഷത്തിനിടയിൽ സംസ്ഥാനത്ത് പൊലീസ് രജിസ്റ്റർ ചെയ്തത് മുപ്പതിനായിരത്തിലധികം പോക്സോ കേസുകൾ. 2016 മുതൽ 2024 വരെ കാലയളവിലാണ് വിവിധ ജില്ലകളിലായി 30,332 കേസുകൾ രജിസ്റ്റർ ചെയ്തത്.
ഇതോടൊപ്പം റെയിൽവേ പൊലീസെടുത്ത 40 കേസുമുണ്ട്. കഴിഞ്ഞ ആഗസ്റ്റ് 31 വരെ രേഖപ്പെടുത്തിയ കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമ കേസുകളാണിത്. കേസുകളുടെ കാര്യത്തിൽ മുന്നിൽ തിരുവനന്തപുരമാണ് -3863 കേസുകളാണ് ജില്ലയിൽ പൊലീസിന് മുന്നിലെത്തിയത്. 3523 കേസുകളുമായി മലപ്പുറമാണ് തൊട്ടുപിന്നിൽ. കൊല്ലം, എറണാകുളം, തൃശൂർ, പാലക്കാട്, ഇടുക്കി, കോഴിക്കോട് അടക്കമുള്ള ജില്ലകളിലും വലിയ രീതിയിൽ കേസുകളുണ്ട്.
ഒമ്പതുവർഷത്തിനിടയിൽ പൊലീസിന് മുന്നിൽ ഏറ്റവും കൂടുതൽ കേസെത്തിയത് കഴിഞ്ഞ വർഷമാണ്. 4641 കേസാണുണ്ടായത്. 2022ൽ 4518 കേസുകൾ വിവിധ പൊലീസ് സ്റ്റേഷനുകളിലായെത്തി. ഇക്കാലയളവിൽ പോക്സോ കേസുകളിൽ കുറവ് രേഖപ്പെടുത്തിയത് 2016 ലാണ്. 2131 കേസാണ് ആ വർഷം രേഖപ്പെടുത്തിയത്. കോവിഡ് കാലയളവിലും കേസെണ്ണത്തിൽ കാര്യമായ കുറവുണ്ടായില്ല. ഈ വർഷം ആഗസ്റ്റ് 31 വരെ 2974 കേസാണുണ്ടായത്.
പൊലീസ് സ്റ്റേഷനുകളിൽ നേരിട്ടും കുടുംബശ്രീയുടെ സ്നേഹിത ജെൻഡർ ഹെൽപ് ഡെസ്ക് അടക്കമുള്ള വിവിധ സംവിധാനങ്ങളിൽനിന്ന് റഫർ ചെയ്തുമാണ് കേസുകൾ രജിസ്റ്റർ ചെയ്യപ്പെടുന്നത്. കുട്ടികൾക്കെതിരായ ചൂഷണങ്ങൾ ഭൂരിഭാഗവും നടക്കുന്നത് വീടുകളിൽനിന്ന് തന്നെയാണെന്നാണ് കേസുകൾ വ്യക്തമാക്കുന്നത്. ഭൂരിഭാഗം കേസുകളിലും പ്രതിസ്ഥാനത്ത് ബന്ധുക്കളോ അടുത്ത പരിചയക്കാരോ ആണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.