പൊതുപരീക്ഷകളിലെ വെള്ളം ചേർക്കൽ മലയാളി വിദ്യാർഥികളെ പിറകിലാക്കി
text_fieldsതിരുവനന്തപുരം: എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി മൂല്യനിർണയത്തിൽ വർഷങ്ങളായി നടക്കുന്ന വെള്ളംചേർക്കൽ ദേശീയ-സംസ്ഥാന മത്സര പരീക്ഷകളിൽ കേരളത്തിലെ വിദ്യാർഥികളെ പിറകോട്ടടിപ്പിച്ചെന്ന് കണക്കുകൾ. മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ്-യു.ജി, എൻജിനീയറിങ് പ്രവേശനത്തിനുള്ള ജെ.ഇ.ഇ, സംസ്ഥാന എൻജിനീയറിങ് പ്രവേശനത്തിനുള്ള കേരള എൻട്രൻസ് (കീം) എന്നിവയിൽ ഉൾപ്പെടെ സംസ്ഥാന സിലബസിൽ ഹയർസെക്കൻഡറി പൂർത്തിയാക്കിയ വിദ്യാർഥികളുടെ പ്രകടനം മോശമായി വരുന്നുവെന്നാണ് ഫലങ്ങൾ സൂചിപ്പിക്കുന്നത്. പരീക്ഷ മൂല്യനിർണയം സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ നടത്തിയ വിമർശനം ചർച്ചയാകുന്ന ഘട്ടത്തിലാണ് മലയാളി വിദ്യാർഥികൾ മത്സരപരീക്ഷകളിൽ പിറകോട്ടടിക്കുന്ന കണക്കുകൾ പ്രസക്തമാകുന്നത്. യോഗ്യത നേടുന്നവരുടെ എണ്ണത്തിൽ കുറവില്ലെങ്കിലും മികച്ച സ്ഥാപനങ്ങളിൽ പ്രവേശനത്തിന് വഴിയൊരുക്കുന്ന മുൻനിര റാങ്ക് നേട്ടത്തിൽ സംസ്ഥാന സിലബസിലുള്ള കുട്ടികൾ പിറകിലാണ്.
സംസ്ഥാന സർക്കാർ നടത്തുന്ന എൻജിനീയറിങ് പ്രവേശന പരീക്ഷയിൽ ഉൾപ്പെടെ സംസ്ഥാന സിലബസിലുള്ള കുട്ടികളുടെ പ്രകടനം പിറകിലാണ്. കഴിഞ്ഞ എൻജിനീയറിങ് പ്രവേശന പരീക്ഷയിൽ ആദ്യ 5000 റാങ്കുകാരിൽ 2790 പേരും സി.ബി.എസ്.ഇ സിലബസിൽ പഠിച്ചവരാണ്. സംസ്ഥാന സിലബസിൽ പഠിച്ചവർ 2043പേരും. സ്റ്റേറ്റ് സിലബസിൽ പഠിച്ച് പരീക്ഷ എഴുതുന്നവരുടെ പകുതി വിദ്യാർഥികൾ പോലും സി.ബി.എസ്.ഇ സിലബസിൽ പഠിച്ചവർ എൻട്രൻസ് പരീക്ഷ എഴുതുന്നില്ലിരിക്കെയാണ് ആദ്യ 5000 റാങ്കിൽ സി.ബി.എസ്.ഇ വിദ്യാർഥികൾ മുന്നിലെത്തുന്നത്. ഹയർസെക്കൻഡറി മാർക്ക് പരിഗണിക്കാതെ എൻട്രൻസ് സ്കോർ മാത്രം പരിഗണിച്ച് റാങ്ക് പട്ടിക തയാറാക്കിയാൽ ആയിരത്തോളം പേർ മാത്രമേ സംസ്ഥാന സിലബസിൽ പഠിച്ചവർ ആദ്യ 5000 റാങ്കിൽ ഉൾപ്പെടുകയുള്ളൂ.
കഴിഞ്ഞ നീറ്റ് -യു.ജി പരീക്ഷയിൽ ദേശീയതലത്തിലെ ആദ്യ 100 റാങ്കിൽ രണ്ടും 500 റാങ്കിൽ 23ഉം ആയിരത്തിൽ 49ഉം പേർ മാത്രമാണ് കേരളത്തിൽനിന്ന് ഇടംപിടിച്ചത്. ഇത് 2020ൽ യഥാക്രമം 13ഉം 71ഉം 165ഉം ആയിരുന്നു. കഴിഞ്ഞ പരീക്ഷയിൽ ആദ്യ 5000 റാങ്കിൽ 417ഉം പതിനായിരത്തിൽ 863 പേരും 20,000 റാങ്കിൽ 1648 പേരുമാണ് കേരളത്തിൽ നിന്ന് സ്ഥാനം പിടിച്ചത്. 2020ൽ ഇത് യഥാക്രമം 390ഉം 810ഉം 2067ഉം പേരായിരുന്നു. നീറ്റ് റാങ്ക് പട്ടികയിൽ മുൻനിരയിൽ വന്നാൽ മാത്രമേ എയിംസ്, ജിപ്മെർ ഉൾപ്പെടെ മികച്ച മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം ലഭിക്കൂ.
കഴിഞ്ഞ ഏതാനും വർഷമായി ഇത്തരം സ്ഥാപനങ്ങളിൽ പ്രവേശനം നേടുന്ന മലയാളി വിദ്യാർഥികളുടെ എണ്ണം കുറഞ്ഞുവരുകയാണ്. അഖിലേന്ത്യ ക്വോട്ടയിൽ പ്രവേശനം നേടുന്ന മലയാളി വിദ്യാർഥികളുടെ എണ്ണത്തിലും ഇതു കുറവുവരുത്തുന്നു. എൻജിനീയറിങ് പ്രവേശനത്തിനുള്ള ജെ.ഇ.ഇ പരീക്ഷയുടെ ഫലത്തിലും ഈ കുറവ് പരിധിവരെ പ്രകടമാണ്. ബിരുദപഠനത്തിന് മലയാളി വിദ്യാർഥികൾ കൂടുതലായി ആശ്രയിക്കുന്ന ഡൽഹി സർവകലാശാലയിൽ ഉൾപ്പെടെ പ്രവേശനത്തിന് സി.യു.ഇ.ടി നിലവിൽ വന്നതോടെയുണ്ടായ തിരിച്ചടികളുടെ കണക്കും പുറത്തുവന്നിട്ടുണ്ട്. സി.യു.ഇ.ടി വന്നതോടെ മുൻ വർഷങ്ങളെ അപേക്ഷിച്ച് ഡൽഹി ഉൾപ്പെടെ മുൻനിര കേന്ദ്രസർവകലാശാലകളിൽ പ്രവേശനം നേടുന്ന മലയാളി വിദ്യാർഥികളുടെ എണ്ണത്തിൽ വൻ കുറവുണ്ടായി. ഹയർസെക്കൻഡറിതലം വരെയുള്ള സ്കൂൾ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തിലേക്ക് കൃത്യമായ സൂചന നൽകുന്നതാണ് മത്സര പരീക്ഷകളിലെ മലയാളി വിദ്യാർഥി പ്രാതിനിധ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.