സമരാഗ്നിയാത്രയിൽ ‘കെ. സുധാകരന് പകരം കെ. സുരേന്ദ്രൻ’; പേര് മാറി സ്വാഗതം ചെയ്ത് ആന്റോ ആന്റണി
text_fieldsപത്തനംതിട്ട: സമരാഗ്നി യാത്രക്ക് നൽകിയ സ്വീകരണത്തിനിടെ യാത്ര നയിക്കുന്ന കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരന് പകരം കെ. സുരേന്ദ്രന് സ്വാഗതം ചെയ്ത് കോൺഗ്രസ് നേതാവ് ആന്റോ ആന്റണി എം.പി. സമരാഗ്നി യാത്രക്ക് പത്തനംതിട്ടയിൽ നൽകിയ സ്വീകരണത്തിനിടെയാണ് ആന്റോ ആന്റണി കെ. സുധാകരനെ കെ. സുരേന്ദ്രൻ എന്ന് വിശേഷിപ്പിച്ചത്.
കെ.പി.സി.സി. അധ്യക്ഷൻ എന്ന് കൃത്യമായി പറഞ്ഞുവെങ്കിലും കെ. സുധാകരന് എന്നതിന് പകരം കെ. സുരേന്ദ്രൻ എന്ന് മാറിപ്പോവുകയായിരുന്നു. പിഴവ് മനസിലാക്കിയ ആന്റോ ആന്റണി ഉടൻ തന്നെ തിരുത്തുകയും ചെയ്തു.
‘സമരാഗ്നിയുടെ നായകൻ, കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷൻ ബഹുമാന്യനായ കെ. സുരേന്ദ്രൻ അവർകളേ...’ എന്നായിരുന്നു ആന്റോ ആന്റണി സ്വാഗതം ചെയ്തത്. പിഴവ് മനസിലാക്കിയ ആന്റോ ഉടൻ വേദിയിലേക്ക് തിരിഞ്ഞ് നോക്കി ‘കെ. സുധാകരൻ അവർകളേ...’ എന്ന് തിരുത്തി പറഞ്ഞു.
കെ. സുധാകരന്റെയും വി.ഡി. സതീശന്റെയും നേതൃത്വത്തിൽ ജനുവരി 21ന് കാസർകോട് നിന്ന് ആരംഭിച്ച സമരാഗ്നി ജനകീയ പ്രക്ഷോഭ യാത്ര ഇന്നലെയാണ് പത്തനംതിട്ട ജില്ലയിൽ പ്രവേശിച്ചത്. സമരാഗ്നിയോട് അനുബന്ധിച്ച് 26ന് രാവിലെ 10ന് പത്തനംതിട്ട അബാൻ ഓഡിറ്റോറിയത്തിൽ ജനകീയ ചർച്ച സദസ് നടക്കും.
സമൂഹത്തിന്റെ വിവിധ തുറകളിൽ പ്രശ്നങ്ങൾ നേരിടുന്ന സാധാരണ പൊതുജനങ്ങൾ, കർഷകർ, കർഷക തൊഴിലാളികൾ. വന്യമൃഗ ആക്രമണത്തിന്റെ ഇരകൾ, ക്ഷേമപെൻഷൻ ലഭിക്കാത്തവർ, വേതനം ലഭിക്കാത്ത സർക്കാർ ജീവനക്കാർ, ഓട്ടോ- ടാക്സി തൊഴിലാളികൾ, പ്രവാസികൾ, ചെറുകിട, വഴിയോര കച്ചവടക്കാർ, വ്യവസായികൾ, ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർ എന്നിവർ പങ്കെടുക്കും. ചർച്ച സദസ്സിൽ കെ.പി.സി.സി പ്രസിഡൻറ്, പ്രതിപക്ഷ നേതാവ് എന്നിവരും പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.