വടകരയിൽ കള്ളവോട്ട് തടയാൻ നടപടി വേണമെന്ന് ഷാഫി പറമ്പിൽ
text_fieldsകൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പിൽ വടകരയിൽ കള്ളവോട്ട് തടയാൻ നടപടി ആവശ്യപ്പെട്ട് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ ഹൈകോടതിയെ സമീപിച്ചു. ബൂത്തുകളിൽ കേന്ദ്ര സേനയെ വിന്യസിപ്പിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടു. ഷാഫിയുടെ തിരഞ്ഞെടുപ്പ് ഏജന്റായ അഡ്വ. കെ.പ്രവീൺ കുമാറാണ് ഹർജിയുമായി ഹൈകോടതിയെ സമീപിച്ചത്.
ഭയം കൂടാതെ വോട്ടു ചെയ്യാവുന്ന സാഹചര്യം ഉണ്ടാകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. ഇതിനായി വടകര മണ്ഡലത്തില്‍ കേന്ദ്ര സേനയെ വിന്യസിക്കണമെന്നും വോട്ടെടുപ്പ് നടപടികൾ ചിത്രീകരിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. തിരഞ്ഞെടുപ്പ് കമ്മിഷനോട് ഇക്കാര്യം ആവശ്യപ്പെട്ടെങ്കിലും അനുകൂല തീരുമാനം ഉണ്ടാകാതെ വന്നതോടെയാണ് കോടതിയെ സമീപിക്കുന്നതെന്നും ഹർജിയിൽ പറയുന്നു.
സി.പി.എം പ്രവർത്തകർ കള്ളവോട്ട് ചെയ്യുന്നതിനെതിരെ പ്രതികരിക്കാൻ പോലും ബൂത്തിൽ ഇരിക്കുന്നവർ സമ്മതിക്കാറില്ല. വടകര മണ്ഡലത്തിലെ പാനൂരാണ് ബോംബ് സ്ഫോടനം നടന്നത്. പൊലീസ് റിപ്പോർട്ട് അനുസരിച്ച് ബോംബ് നിർമാണത്തിനു പിന്നിൽ സി.പി.എം പ്രവർത്തകരാണ്. തിരഞ്ഞെടുപ്പ് സമയത്ത് എതിർ പാർട്ടി നേതാക്കളെ ആക്രമിക്കുകയായിരുന്നു അവരുടെ ലക്ഷ്യമെന്നും ഹർജിയില്‍ പറയുന്നു.
ബൂത്തിന്റെ ചുമതലക്കാരായ ഉദ്യോഗസ്ഥരിലും അവിടേക്കു നിയോഗിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരിലും ഭൂരിഭാഗം പേരും സി.പി.എമ്മിനോട് ആഭിമുഖ്യം പുലർത്തുന്നവരാണെന്ന് ഹർജിയില്‍ പറയുന്നു. ഇവർ കള്ളവോട്ടിന് സഹായം ചെയ്തു കൊടുക്കുന്നു. മണ്ഡലത്തിലെ മിക്ക ബൂത്തുകളും വളരെ സെൻസിറ്റീവാണ്. അതുകൊണ്ടു തന്നെ ഓരോ ബൂത്തുകളിലും വോട്ടിങ് നടപടികൾ വിഡിയോയിൽ ചിത്രീകരിക്കണമെന്നും ഷാഫി ആവശ്യപ്പെടുന്നു.
മുൻ വർഷങ്ങളിൽ മരിച്ചു പോയവരുടെയും വിദേശത്തും മറ്റു സ്ഥലങ്ങളിലുമുള്ളവരുടെയും പേരുകളിൽ സി.പി.എം കള്ളവോട്ട് ചെയ്തിട്ടുണ്ടെന്ന് ഷാഫി ഹർജിയിൽ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.