‘നിങ്ങൾക്കുവേണ്ടെങ്കിലും മുരളിയെ ഞങ്ങൾക്കുവേണം’
text_fieldsകോഴിക്കോട്: ‘നിങ്ങൾക്ക് വേണ്ടെങ്കിലും കേരള ജനത ഒറ്റക്കെട്ടായി പറയുന്നു, ഞങ്ങൾക്ക് വേണം ഈ നേതാവിനെ...’ വെള്ളിയാഴ്ച പുലർച്ചെ നഗരം കണ്ടുണർന്നത് കെ. മുരളീധരൻ എം.പി നെഞ്ചിൽ കൈവെച്ചു നിൽക്കുന്ന പടവുംവെച്ച് മേൽപറഞ്ഞ വാചകങ്ങൾ അച്ചടിച്ച ഫ്ലക്സ് ബോർഡുകളാണ്. ഉത്തരവാദിത്തം ‘കോൺഗ്രസ് പോരാളികൾക്ക്’ ആണെന്ന് ബോർഡിൽ പറയുന്നു.
കോൺഗ്രസ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് സംസ്ഥാന ജില്ല നേതൃത്വങ്ങളുമായി ഒരേപോലെ ഇടഞ്ഞാണ് മുരളീധരന്റെ നിൽപ്. ജില്ലയിലെ മറ്റു മുതിർന്ന നേതാക്കളായ എം.കെ. രാഘവനും മുല്ലപ്പള്ളി രാമചന്ദ്രനും കൂട്ടത്തിൽ ഇടഞ്ഞുനില്പുണ്ട്. കോൺഗ്രസിലെ ഇടഞ്ഞ കൊമ്പന്മാരെ ഒന്നിച്ചുചേർത്ത് കൊണ്ടുപോകാൻ ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺ കുമാർ ശ്രമം തുടങ്ങിയിട്ടും നാളുകളായി.
അതിനിടയിലാണ് ‘കോൺഗ്രസ് പോരാളികൾ’ മുരളീധരനെ പുകഴ്ത്തി ഫ്ലക്സ് ബോർഡുകളുമായി വന്നിരിക്കുന്നത്. ‘ആരെങ്കിലും വെച്ചതായിരിക്കും. അതിനിപ്പോ വലിയ പ്രാധാന്യമൊന്നും കൊടുക്കേണ്ട. മാത്രവുമല്ല, അതിലാരെയും കുറ്റപ്പെടുത്തിയിട്ടൊന്നുമില്ലല്ലോ... എന്നായിരുന്നു മുരളീധരന്റെ പ്രതികരണം. ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺകുമാറിനെ ബന്ധപ്പെട്ടെങ്കിലും അദ്ദേഹം ഫോൺ എടുത്തില്ല.
അതിനിടയിൽ മുതിർന്ന കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രവീൺ കുമാറുമായി ചർച്ച നടത്തി. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിൽ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെ ലാക്കാക്കി ഒളിയമ്പെയ്യാനും മുല്ലപ്പള്ളി മറന്നില്ല. താനാണ് വലിയവൻ എന്ന സമീപനത്തിന്റെ കാലം കഴിഞ്ഞിരിക്കുന്നുവെന്നായിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണം. കെ.പി.സി.സി പുനഃസംഘടനയിലും സ്വന്തം ജില്ലയിലെ സംഘടനാ കാര്യങ്ങളിലും തന്നോട് ആരും ഒന്നും കൂടിയാലോചിക്കുന്നില്ലെന്ന വ്യസനം മറച്ചുവെക്കാതെയായിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.