രണ്ടാംവരവിലും വിവാദ കേന്ദ്രം
text_fieldsകണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ ഏറ്റവും അടുപ്പക്കാരായ ഇ.പി. ജയരാജനെ എൽ.ഡി.എഫ് കൺവീനറാക്കിയതും പി. ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി നിയമിച്ചതും 2022 ഏപ്രിൽ 18ന് നടന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ. കഴിഞ്ഞ വെള്ളിയാഴ്ച നടന്ന സെക്രട്ടേറിയറ്റ് യോഗത്തിൽ ഇ.പിയെ മുന്നണി കൺവീനർ സ്ഥാനത്തുനിന്ന് നീക്കി.
ഈ വിവാദം 24 മണിക്കൂർ പിന്നിടുമ്പോഴേക്കും പി. ശശിക്കുനേരെയായി ആരോപണ ശരങ്ങൾ. ഇടത് സ്വതന്ത്ര എം.എൽ.എ പി.വി അൻവർ തൊടുത്തുവിട്ട അസ്ത്രങ്ങളെല്ലാം പതിക്കുന്നത് പൊളിറ്റിക്കൽ സെക്രട്ടറിയുടെ നേർക്കും. ഇദ്ദേഹത്തെ പൊളിറ്റിക്കൽ സെക്രട്ടറിയായി നിയമിക്കുന്ന വിവരം കേട്ടയുടൻ സംസ്ഥാന സമിതിയിൽ പി. ജയരാജൻ നീരസം പ്രകടിപ്പിച്ചിരുന്നു. പുതിയ വിവാദം കൂടി വന്നതോടെ കണ്ണൂരിലെ കരുത്തനായ മറ്റൊരു നേതാവിന്റെ കാര്യമെന്താവും എന്നായി ചർച്ചകൾ.
കണ്ണൂരിൽ നടക്കുന്ന സി.പി.എം ബ്രാഞ്ച് സമ്മേളനങ്ങളിൽ പി. ശശിക്കെതിരെ രൂക്ഷവിമർശനങ്ങളാണ് ഉയരുന്നത്. ആഭ്യന്തരവകുപ്പിനെതിരായ പരാതികളുടെയെല്ലാം ഉത്തരവാദിയെന്ന നിലക്കാണ് വിമർശനം. പാർട്ടിയിലെ ഏറ്റവും ശക്തരിൽ ഒരാളായാണ് പി. ശശി എന്നും അറിയപ്പെടുന്നത്. 1996 -2001ൽ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി നിയമിക്കപ്പെട്ടതും ഇങ്ങനെയാണ്.
അന്നും സർക്കാറിനെ നിയന്ത്രിക്കുന്നതിൽ മുഖ്യ റോൾ ഇദ്ദേഹത്തിന്. ലൈംഗികാരോപണത്തെ തുടർന്ന് 2011ലാണ് പാർട്ടിയിൽനിന്ന് പുറത്താക്കിയത്. അന്ന് അദ്ദേഹത്തിനെതിരെ പരാതി നൽകിയ ഡി.വൈ.എഫ്.ഐ വനിത നേതാവ് ഇപ്പോൾ പാർട്ടിയിൽ തന്നെയില്ല. മറ്റൊരു പരാതി നൽകിയ മുതിർന്ന നേതാവും എം.എൽ.എയും കൂടിയായ ആളും പാർട്ടിയിൽ ഒന്നുമല്ലാതായി. ഈ സ്ഥാനത്താണ് പി. ശശി പഴയ പൊളിറ്റിക്കൽ സെക്രട്ടറി പദവിയിൽ രണ്ടാം പിണറായി സർക്കാറിൽ തിരിച്ചെത്തിയത്. ലൈംഗികാരോപണ പരാതിയിൽ 2010 ഡിസംബർ 13ന് പാർട്ടി കണ്ണൂർ ജില്ല സെക്രട്ടറിയിൽനിന്ന് പെരളശ്ശേരി കീഴറ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് ശശിയെ തരംതാഴ്ത്തി. തുടർന്ന് 2011ൽ പാർട്ടിയിൽനിന്ന് പുറത്താക്കി.
കടുത്ത വിഭാഗീയത കത്തിനിന്ന വേളയിൽ പിണറായി പക്ഷമായി ഇദ്ദേഹം നിലകൊണ്ടു. പുറത്താക്കപ്പെട്ട ശേഷവും പാർട്ടിയിൽ ശശിയുടെ സ്വാധീനം വലുതായിരുന്നു. ടി.പി. ചന്ദ്രശേഖരൻ, കതിരൂർ മനോജ് വധക്കേസുകളിൽ പ്രതികളായ സി.പി.എം പ്രവർത്തകരുടെ അഭിഭാഷകനായി പ്രവർത്തിച്ചു. സി.പി.എം അനുകൂല അഭിഭാഷ സംഘടനയുടെ നേതാവായി. ഡി.വൈ.എഫ്.ഐ നേതാവ് ഉന്നയിച്ച കുറ്റങ്ങൾ ഹോസ്ദുർഗ് കോടതി തള്ളിയതിന് പിന്നാലെ 2018ലാണ് ശശി വീണ്ടും പാർട്ടിയിലെത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.