തളിക്കുളത്ത് യുവാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ പ്രതിക്ക് നാലുവർഷം തടവ്
text_fieldsചാവക്കാട്: തളിക്കുളത്ത് യുവാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ പ്രതിക്ക് നാലുവർഷം തടവും 25,000 രൂപ പിഴയും. തളിക്കുളം മുറ്റിച്ചൂർ ചേർക്കര വന്നേരി വീട്ടിൽ വിനീഷിനെയാണ് (33) ചാവക്കാട് അസിസ്റ്റൻറ് സെഷൻസ് കോടതി ശിക്ഷിച്ചത്. രണ്ടാം പ്രതിയായ വിനീഷിന്റെ സഹോദരനും ഒന്നാംപ്രതിയുമായ സുമേഷ് കേസിനിടെ ആത്മഹത്യ ചെയ്തു. തളിക്കുളം അസബ് ഫാർമസി ഉടമ ഇടശ്ശേരി അറക്കവീട്ടിൽ ബുനീദിനെ (47) വധിക്കാൻ ശ്രമിച്ച കേസിലാണ് ശിക്ഷ വിധിച്ചത്.
മരിച്ച സുമേഷിന്റെ ഭാര്യ ബുനീദിന്റെ ഫാർമസിയിലെ ജോലിക്കാരിയായിരുന്നു. സുമേഷ് കടയിൽ വന്നു വഴക്കുണ്ടാക്കിയെങ്കിലും ഭാര്യയെ തുടർന്നും ഫാർമസിയിൽ ജോലി ചെയ്യാൻ അനുവദിച്ചതിന്റെ വൈരാഗ്യത്തിലാണ് ഫാർമസിയുടെ ഉടമ ബുനീദിനെ പ്രതികൾ വധിക്കാൻ ശ്രമിച്ചത്.
2017 ഒക്ടോബർ ഒന്നിന് രാത്രി 8.45 ഓടെ കട പൂട്ടി പുറത്തിറങ്ങി ബൈക്കിൽ വീട്ടിലേക്ക് പോകാൻ നിൽക്കുമ്പോഴാണ് പ്രതികൾ ബുനീദിനെ ഇരുമ്പ് പൈപ്പ് കൊണ്ട് തലക്ക് അടിച്ചു വീഴ്ത്തിയത്. വീണ്ടും ആക്രമിക്കുമ്പോൾ ആളുകൾ ഓടിക്കൂടുന്നതിനിടയിലാണ് പ്രതികൾ ഓടി രക്ഷപ്പെട്ടത്. പിഴ സംഖ്യ മുഴുവൻ പരിക്കുപറ്റിയ ബുനീദിന് നൽകാൻ വിധിയിൽ പ്രത്യേക പരാമർശമുണ്ട്. പ്രോസിക്യൂഷന് വേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ കെ.ആർ രജിത്കുമാർ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.