ക്രിമിനൽ കോടതിയലക്ഷ്യ ഹരജിയിൽ കെ. സുധാകരൻ ഹൈകോടതിയിൽ നേരിട്ട് ഹാജരായി
text_fieldsകൊച്ചി: ക്രിമിനൽ കോടതിയലക്ഷ്യക്കേസിൽ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ ഹൈകോടതിയിൽ നേരിട്ട് ഹാജരായി. നേരിട്ടെത്തി വിശദീകരണം നൽകാൻ ആവശ്യപ്പെട്ട പ്രകാരമാണ് സുധാകരൻ തിങ്കളാഴ്ച ഉച്ചക്കുശേഷം ജസ്‌റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്‌റ്റിസ് ജി. ഗിരീഷ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് മുമ്പാകെ ഹാജരായത്. വിശദീകരണത്തിന് കൂടുതൽ സമയം തേടിയതിനെ തുടർന്ന് നാലാഴ്ചക്കകം വിശദീകരണം സമർപ്പിക്കാനുള്ള നിർദേശത്തോടെ ഹരജി പിന്നീട് പരിഗണിക്കാൻ മാറ്റി.
കോൺഗ്രസ് പ്രവർത്തകനായ സുഹൈബ് 2018ൽ കണ്ണൂരിലെ മട്ടന്നൂരിൽ കൊല്ലപ്പെട്ട സംഭവത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി ഹൈകോടതി ഡിവിഷൻ ബെഞ്ച് തള്ളിയിരുന്നു. തുടർന്ന് നടത്തിയ പരാമർശത്തിനെതിരെ അഭിഭാഷകനായ ജനാർദന ഷേണായി നൽകിയ ഹരജിയിലാണ് കോടതിയലക്ഷ്യ നടപടികൾ സ്വീകരിച്ചത്. കേസിന്‍റെ അന്വേഷണം സി.ബി.ഐക്ക് വിട്ട് ആദ്യം സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു. എന്നാൽ, ഇതിനെതിരെ സർക്കാർ ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയും സംസ്ഥാന പൊലീസ് അന്വേഷിച്ചാൽ മതിയെന്ന് 2019 ആഗസ്റ്റ് രണ്ടിന് ഉത്തരവിടുകയുമായിരുന്നു.
ഈ ഉത്തരവ് വന്നതിന്‍റെ പിറ്റേന്ന് ചാവക്കാട് പൊലീസ് സ്‌റ്റേഷനിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ചിലെ പ്രസംഗത്തിലാണ് കോടതിയലക്ഷ്യ പരാമർശമുണ്ടായത്. കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സുധാകരൻ നേരത്തെ കോടതിയെ സമീപിച്ചെങ്കിലും തള്ളിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.