വാസ്തുദോഷം മാറ്റാൻ ടൂറിസം ഡയറക്ടറേറ്റിൽ 40 ലക്ഷത്തിന്റെ മോടിപിടിപ്പിക്കൽ
text_fieldsതിരുവനന്തപുരം: കോവിഡ് അടക്കമുള്ള പ്രതികൂല കാലാവസ്ഥയിൽ നിന്ന് മോചനമാകാതെ, ടൂറിസം മേഖല നട്ടംതിരിയുമ്പോൾ വാസ്തുദോഷം മാറ്റാൻ ടൂറിസം ഡയറക്ടറേറ്റിൽ 40 ലക്ഷം രൂപ ചെലവിട്ട് ഓഫിസ്, സന്ദർശക മുറികൾ ഫൈവ് സ്റ്റാർ സ്യൂട്ടാക്കി മോടിപിടിപ്പിക്കുന്നു. ടൂറിസം ഡയറക്ടറുടെ മുറി മനോഹരമാക്കുകയും അതിനുള്ള ഫണ്ട് ടൂറിസം കെട്ടിടങ്ങളുടെ മോടിപിടിപ്പിക്കൽ ഫണ്ടിൽ ഉൾപ്പെടുത്തി പണം അനുവദിക്കുകയും ചെയ്തു.
ടൂറിസം മന്ത്രിയുടെ അറിവോ അനുമതിയോ ഇല്ലാതെ സ്വന്തം നിലക്കാണ് ഡയറക്ടർ നടപടി കൈക്കൊണ്ടതെന്നും ആക്ഷേപമുണ്ട്. പ്രളയം, കോവിഡ് തുടങ്ങിയവ മൂലം ടൂറിസം മേഖലക്ക് ആയിരക്കണക്കിന് കോടിയുടെ നഷ്ടമുണ്ടായതായാണ് വിലയിരുത്തൽ. അതിന്റെ അടിസ്ഥാനത്തിൽ ടൂറിസം മേഖലയെ രക്ഷപ്പെടുത്താൻ വൈവിധ്യ പദ്ധതികളുമായി സർക്കാർ ശ്രമം തുടരുന്നതിനിടെയാണ് ടൂറിസം വകുപ്പ് ആസ്ഥാനത്തെ അധിക ചെലവ്. ടൂറിസം വകുപ്പ് ഡയറക്ടറുടെ ഓഫിസിൽ കാലാകാലങ്ങളായി ഡയറക്ടർമാർ ഇരിക്കുന്ന ദിശ ശരിയല്ലെന്ന ജ്യോത്സ്യന്റെ ഉപദേശ പ്രകാരമാണ് മുറിയുടെ ദിശ തന്നെ മാറ്റിയതെന്ന് വകുപ്പ് വൃത്തങ്ങൾ ആരോപിക്കുന്നു. ഊരാളുങ്കൽ സർവിസ് സൊസൈറ്റിയാണ് മോടിപിടിപ്പിക്കൽ ജോലികൾ ചെയ്തത്. ഓഫിസിന്റെ അകവും പുറവും മോടിപിടിപ്പിക്കാനുള്ള ഊരാളുങ്കലിന്റെ ശിപാർശ അംഗീകരിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ ജോലികൾ ചെയ്ത സൊസൈറ്റിക്ക് 40 ലക്ഷം രൂപ ടൂറിസം ഹെഡിൽനിന്ന് തന്നെ അനുവദിക്കണമെന്ന് ചൂണ്ടിക്കാട്ടി ഡയറക്ടർ ഉത്തരവും പുറപ്പെടുവിച്ചു. ഇത്രയും കാലം ഇരുന്ന ഡയറക്ടർമാർക്കില്ലാതിരുന്ന എന്ത് ദോഷമാണ് പുതിയ ഡയറക്ടർക്കെന്നാണ് ടൂറിസം രംഗത്തെ ചർച്ചാ വിഷയം. ടൂറിസം രംഗത്തെ പ്രതിസന്ധി മറികടക്കാൻ 10,000 രൂപ വെച്ച് നൽകാൻ സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ, അത് അനുവദിക്കുന്നതിന് ഗുണഭോക്താക്കളെ നട്ടംതിരിക്കുന്ന ഉദ്യോഗസ്ഥരാണ് ലക്ഷങ്ങൾ പൊടിച്ചുള്ള ആഡംബരത്തിന് പിന്നിലെന്ന് ടൂറിസം രംഗത്തുള്ളവർ കുറ്റപ്പെടുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.