ഇടവേളക്ക് ശേഷം വിശ്വാസ സംരക്ഷണം ആയുധമാക്കി എൻ.എസ്.എസ്
text_fieldsകോട്ടയം: ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സർക്കാറിനും സി.പി.എമ്മിനുമെതിരെ വിശ്വാസ സംരക്ഷണം ആയുധമാക്കിയ എൻ.എസ്.എസ്, ഇടവേളക്ക് ശേഷം വീണ്ടും സമാന വിഷയവുമായി പരസ്യപ്രതിഷേധത്തിനിറങ്ങുന്നതിന് പിന്നിൽ അവഗണനയും പ്രകോപനവും. ഹൈന്ദവ വിശ്വാസവുമായി ബന്ധപ്പെട്ട് നിയമസഭ സ്പീക്കർ എ.എൻ. ഷംസീറിന്റെ വിമർശനത്തിനെതിരെ എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ രംഗത്തെത്തിയപ്പോൾ അതിനെ സി.പി.എം നേതൃത്വം നിസ്സാരവത്കരിക്കുകയും അവഗണിക്കുകയും ചെയ്തതാണ് എൻ.എസ്.എസിന്റെ പ്രതിഷേധത്തിന് കാരണം. ഷംസീറിനെ പിന്തുണച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും കേന്ദ്ര കമ്മിറ്റിയംഗം എ.കെ. ബാലനും നടത്തിയ പ്രസ്താവനകളാണ് എൻ.എസ്.എസ് നേതൃത്വത്തെ പ്രകോപിപ്പിച്ചത്. അതിന്റെ ഭാഗമാണ് ബുധനാഴ്ചത്തെ വിശ്വാസസംരക്ഷണ ദിനാചരണം.
എൻ.എസ്.എസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിലും താലൂക്ക് യൂനിയൻ ഭാരവാഹികൾക്ക് അയച്ച സർക്കുലറിലും സി.പി.എം നിലപാടിനോടുള്ള കടുത്ത അതൃപ്തി പ്രകടമാണ്. കുറച്ചുനാളായി തങ്ങളുടെ നിലപാടുകൾക്ക് സി.പി.എം ഉൾപ്പെട്ട ഭരണപക്ഷം അർഹിക്കുന്ന പ്രാധാന്യം നൽകുന്നില്ലെന്ന വിലയിരുത്തൽ എൻ.എസ്.എസിനുണ്ട്. ശബരിമല യുവതീ പ്രവേശന വിഷയത്തിൽ എൻ.എസ്.എസിന്റെ നിലപാടും അതിനെതിരെ സ്ത്രീകളെ നിരത്തിയുള്ള പ്രതിഷേധങ്ങളുമെല്ലാം ഒന്നാം പിണറായി സർക്കാറിന് വെല്ലുവിളി ഉയർത്തിയിരുന്നു. സംഘ്പരിവാർ ഷംസീറിനെതിരെ പ്രകോപന പ്രസംഗങ്ങൾ നടത്തിയതിന് പിന്നാലെയാണ് എൻ.എസ്.എസ്, പ്രതിഷേധവുമായി വന്നത്. എന്നാൽ ജന. സെക്രട്ടറിയുടെ പ്രതികരണത്തെ സി.പി.എം അവഗണിച്ചെന്ന് മാത്രമല്ല ഷംസീറിന് പിന്തുണ ആവര്ത്തിച്ച് എം.വി. ഗോവിന്ദന് രംഗത്തെത്തുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.