മുണ്ടക്കൈ ദുരന്തത്തില്‍ മൃതദേഹങ്ങള്‍ കണ്ടെത്തി വിവരം നല്‍കിയത് ആദിവാസികള്‍
text_fieldsഎടക്കര: മുണ്ടക്കൈ ദുരന്തത്തില്‍ ചാലിയാറിലൂടെ ഒഴുകിവന്ന ഇരുപതോളം മൃതദേഹങ്ങള്‍ കണ്ടെത്തി അധികൃതര്‍ക്ക് വിവരം നല്‍കിയത് ആദിവാസികള്‍. ദുരന്തം നടന്ന ബുധനാഴ്ച പുലര്‍ച്ചെ രണ്ടിന് വാണിയംപുഴയിലെ ആദിവാസികളാണ് ഒഴുകിയെത്തിയ മൃതദേഹം ആദ്യം കണ്ടത്. ഇവർ തീവ്രവാദ വിരുദ്ധ സേസനയിലെ ഉദ്യോഗസ്ഥനെ അറിയിച്ചു. ഇദ്ദേഹമാണ് ചാലിയാറിലൂടെ മൃതദേഹങ്ങള്‍ ഒഴുകിയെത്തുന്നുണ്ടെന്ന വിവരം പുറംലോകത്തെ അറിയിച്ചത്.
മലവെള്ളപ്പാച്ചിലില്‍ ചാലിയാറിന്റെ തീരങ്ങളിലടിഞ്ഞ മത്സ്യങ്ങള്‍ പെറുക്കിയെടുക്കാന്‍ പോയവരായിരുന്നു മൃതദേഹം കണ്ടത്. തുടര്‍ന്ന് ഇവര്‍ പുഴയുടെ വിവിധ ഭാഗങ്ങളിലും മലവെള്ളം കയറിയൊഴുകിയ വനമേഖലയിലും തിരച്ചില്‍ നടത്തി നിരവധി മൃതദേഹങ്ങള്‍ കണ്ടെടുത്തു. തിങ്കളാഴ്ച പുഴയില്‍ കുളിക്കാനിറങ്ങിയ ആദിവാസി യുവാവ് ശരീരഭാഗം കണ്ടെത്തിയിരുന്നു.
ചൊവ്വാഴ്ച രാവിലെ കുമ്പളപ്പാറ നഗറിലെ ദേവന് പുഴയോരത്തെ മണല്‍തിട്ടയില്‍ നിന്ന് ഒരു കാലും കണ്ടെത്തി. എട്ട് ദിവസമായി നടക്കുന്ന തിരച്ചിലില്‍ മൃതദേഹങ്ങള്‍ കണ്ടെത്തി വിവരങ്ങള്‍ കൈമാറാന്‍ ഇരുട്ടുകുത്തി, തരിപ്പപ്പൊട്ടി, വാണിയംപുഴ, കുമ്പളപ്പാറ നഗറുകളിലെ ആദിവാസികള്‍ രക്ഷാപ്രവര്‍ത്തകരെയും ഉദ്യോഗസ്ഥരെയും വളരെയധികം സഹായിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.