രവീന്ദ്രൻ പട്ടയം നാടെങ്ങും; സ്വന്തം ഭൂമിക്ക് പട്ടയം ദാ... ഇപ്പോൾ
text_fieldsതൊടുപുഴ: 'രവീന്ദ്രൻ പട്ടയ'മാണ് മൂന്നാറിലെ പാർട്ടി ഓഫിസിനും റിസോർട്ടുകൾക്കും വരെ. അനധികൃത പട്ടയമെന്ന പേരിൽ കുപ്രസിദ്ധി നേടിയ ഈ പട്ടയം സാധുവോ അസാധുവോ എന്ന് ഇപ്പോഴും തീർന്നിട്ടില്ല കൺഫ്യൂഷൻ. ദേവികുളത്ത് അഡീ. തഹസിൽദാരുടെ ചുമതല വഹിക്കവെ എം.ഐ. രവീന്ദ്രൻ നൽകിയവയാണ് പിന്നീട് രവീന്ദ്രൻ പട്ടയങ്ങൾ എന്നപേരിൽ വിവാദമായത്. രവീന്ദ്രെൻറ പേരിൽ നാടെങ്ങും പട്ടയമുണ്ടെങ്കിലും തെൻറ സ്വന്തം ഭൂമിക്ക് പട്ടയം കിട്ടാൻ ദേവികുളത്തെ മുൻ അഡീഷനൽ തഹസിൽദാർ എം.ഐ. രവീന്ദ്രൻ കാത്തിരുന്നത് 13 വർഷം.
കരിമണ്ണൂരിലെ ഭൂപതിവ് ഓഫിസിൽനിന്ന് രവീന്ദ്രൻ സ്വന്തം പട്ടയം ചൊവ്വാഴ്ച ഏറ്റുവാങ്ങും. തൊടുപുഴ പെരിങ്ങാശ്ശേരിയിൽ കുടുംബസ്വത്തായി ലഭിച്ച നാല് ഏക്കറിലെ 50 സെൻറ് ഭൂമിക്കാണ് ഒടുവിൽ പട്ടയം ലഭിക്കുന്നത്. ദേവികുളത്ത് അഡീഷനൽ തഹസിൽദാരുടെ ചുമതലയുണ്ടായിരുന്ന രവീന്ദ്രൻ 1999ൽ ലാൻഡ് അസൈൻമെൻറ് കമ്മിറ്റി ശിപാർശ പ്രകാരമെന്ന പേരിൽ ദേവികുളം താലൂക്കിലെ ഒമ്പത് വില്ലേജുകളിൽ 530 പട്ടയങ്ങളാണ് വിതരണം ചെയ്തത്.
കലക്ടറായിരുന്ന വി.ആർ. പത്മനാഭൻ പട്ടയം നൽകാൻ ചുമതലപ്പെടുത്തുകയായിരുന്നു. ഇത് നിയമപരമായ നടപടിക്രമങ്ങളോടെ അല്ലാതാകുകയും ലാൻഡ് അസൈൻമെൻറ് കമ്മിറ്റി ശിപാർശയിൽ വെള്ളംചേർത്തെന്ന് പരാതി ഉയരുകയും ചെയ്ത പശ്ചാത്തലത്തിലാണ് 'രവീന്ദ്രൻ പട്ടയ'ങ്ങൾ നിയമപരമല്ലെന്ന് വിലയിരുത്തലുണ്ടായത്.
കലക്ടറുടെ ഉത്തരവ്, സ്റ്റാറ്റ്യൂട്ടറി െറഗുലേറ്ററി ഓർഡർവഴി ഗസറ്റിൽ വിജ്ഞാപനം ചെയ്ത് സാധൂകരിക്കാൻ റവന്യൂ വകുപ്പ് നടപടിയെടുത്തിരുന്നില്ല. പട്ടയം ഒപ്പിട്ടുനൽകാൻ അധികാരം തഹസിൽദാർക്ക് മാത്രമാണെന്നാണ് ചട്ടം. രവീന്ദ്രൻ ഒപ്പിട്ട് വിതരണം ചെയ്ത പട്ടയങ്ങൾ ചട്ടവിരുദ്ധമാണെന്നുകണ്ട് റദ്ദാക്കാൻ മൂന്നാർ ദൗത്യസംഘം തലവനായിരുന്ന കെ. സുരേഷ്കുമാർ തീരുമാനിച്ചത് ഇതോടെയാണ്.
2007ൽ മൂന്നാർ കൈയേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ മൂന്നംഗ ദൗത്യസംഘത്തെ അയച്ചതോടെയാണ് എം.ഐ. രവീന്ദ്രൻ 'പട്ടയം രവീന്ദ്രനായി' മാറിയത്. 2003ൽ സർവിസിൽനിന്ന് വിരമിച്ചശേഷമാണ് പൈതൃക സ്വത്തായി ലഭിച്ച സ്വന്തം ഭൂമിക്ക് പട്ടയം ലഭിക്കണമെന്ന ആവശ്യവുമായി ഓഫിസുകൾ കയറിയിറങ്ങാൻ തുടങ്ങിയത്. 2020 ജൂൺ രണ്ടിന് ഇറങ്ങിയ ഉത്തരവിനെ തുടർന്നാണ് സർവേ നടപടി പൂർത്തിയാക്കി പട്ടയം തയാറായത്. ഇതിെൻറയടക്കം കരിമണ്ണൂർ മേഖലയിലെ പട്ടയ വിതരണം ചൊവ്വാഴ്ചയുണ്ടായേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.