ഒരേ സംഭവത്തിൽ രണ്ട് കേസ് നിയമവിരുദ്ധമെന്ന്;ശിവശങ്കർ ഹൈകോടതിയിൽ
text_fieldsകൊച്ചി: ഒരേ ആരോപണത്തിലാണ് തനിക്കെതിരെ വീണ്ടും കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ ഹൈകോടതിയിൽ. ഒരേ സംഭവത്തിന് രണ്ട് കേസ് രജിസ്റ്റർ ചെയ്യുന്നത് നിയമവിരുദ്ധമാണെന്നും വ്യക്തമാക്കി. ലൈഫ് മിഷൻ ഭവന പദ്ധതി കോഴക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്ത ശിവശങ്കർ നൽകിയ ജാമ്യഹരജിയിലെ വാദത്തിനിടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം, ഇ.ഡിക്കുവേണ്ടി അഡീ. സോളിസിറ്റർ ജനറലിന് ഹാജരാകാൻ കേന്ദ്ര സർക്കാറിന്‍റെ അഭിഭാഷകൻ സമയം തേടിയതിനെ തുടർന്ന് ഹരജി 27ന് വീണ്ടും പരിഗണിക്കാൻ ജസ്റ്റിസ് എ.ബദറുദ്ദീൻ മാറ്റി.
വളരെ ദുർബല ആരോപണങ്ങളാണ് കേസിനാസ്പദമെന്ന് ഹരജിക്കാരനുവേണ്ടി ഹാജരായ സുപ്രീം കോടതി അഭിഭാഷകൻ ജയ്ദീപ് ഗുപ്ത ചൂണ്ടിക്കാട്ടി. സമാന കേസിൽ 96 ദിവസം കസ്റ്റഡിയിലായിരുന്നു. ഈ കേസിൽ 36 ദിവസം കസ്റ്റഡിയിലാണ്. ശിവശങ്കറിന് പണം നൽകിയിട്ടില്ലെന്ന് സന്തോഷ് ഈപ്പൻ ചോദ്യം ചെയ്യലിൽ ഇ.ഡിക്ക് മൊഴി നൽകിയിട്ടുണ്ട്. ആരോഗ്യാവസ്ഥ മോശമായതിനാൽ ശിവശങ്കറിന് നേരത്തേ കോടതി ജാമ്യം അനുവദിച്ചിരുന്നെന്നും അഭിഭാഷകൻ അറിയിച്ചു. വടക്കാഞ്ചേരി മുനിസിപ്പാലിറ്റിയിലെ ലൈഫ് മിഷൻ പദ്ധതിക്കുവേണ്ടി യു.എ.ഇ റെഡ് ക്രസന്‍റ് നൽകിയ ഫണ്ടിൽനിന്ന് സാമ്പത്തികനേട്ടം ഉണ്ടാക്കിയെന്ന് ആരോപിച്ചാണ് ഇ.ഡി ഫെബ്രുവരി 14ന് ശിവ ശങ്കറിനെ അറസ്റ്റ് ചെയ്തത്. എറണാകുളം ജനറൽ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ വിദഗ്ധ ചികിത്സ ആവശ്യമുള്ള ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് കണ്ടെത്തിയതായി ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. അഡീ. സെഷൻസ് കോടതി ജാമ്യഹരജി തള്ളിയതിനെത്തുടർന്നാണ് ഹൈകോടതിയെ സമീപിച്ചത്.
യു.എ.ഇ റെഡ് ക്രസന്‍റ് നൽകിയ 19 കോടിയിൽ 4.5 കോടി രൂപ കോഴയായി നൽകിയാണ് സന്തോഷ് ഈപ്പന്‍റെ യൂനിടാക് കമ്പനി ലൈഫ് മിഷൻ പദ്ധതിയുടെ നിർമാണക്കരാർ നേടിയതെന്നാണ് ഇ.ഡി കേസ്. ശിവശങ്കറിന് കോഴയായി പണം നൽകിയെന്നും ഈ പണമാണ് സ്വപ്ന സുരേഷിന്‍റെ ബാങ്ക് ലോക്കറുകളിൽനിന്ന് കണ്ടെത്തിയതെന്നുമാണ് ആരോപണം. സ്വപ്നയുടെ എസ്.ബി.ഐയിലെ ലോക്കറിൽനിന്ന് 64 ലക്ഷവും ഫെഡറൽ ബാങ്ക് ലോക്കറിൽനിന്ന് 36.5 ലക്ഷവുമാണ് എൻ.ഐ.എ പിടിച്ചെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.