സംസ്ഥാനത്ത് ആയുർദൈർഘ്യം സ്ത്രീകൾക്കെന്ന് പഠനം
text_fieldsപാലക്കാട്: സംസ്ഥാനത്ത് ആയുർദൈർഘ്യം കൂടുതൽ സ്ത്രീകൾക്കെന്ന് പഠനം. 2020ൽ രജിസ്റ്റർ ചെയ്ത മരണങ്ങളിൽ പുരുഷന്മാരുടെ നിരക്ക് 55.12 ശതമാനം ആയിരുന്നപ്പോൾ സ്ത്രീകളുടേത് 44.88 ശതമാനം മാത്രമാണെന്ന് ഇക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിന്‍റെ വാർഷിക വൈറ്റൽ സ്റ്റാറ്റിസ്റ്റിക്‌സ് റിപ്പോർട്ടിൽ പറയുന്നു. രജിസ്റ്റർ ചെയ്ത 2,50,983 മരണങ്ങളിൽ 1,38, 331 പേർ പുരുഷന്മാർ ആയിരുന്നപ്പോൾ 1,12,640 പേർ മാത്രമാണ് സ്ത്രീകൾ.
35നും 44നും ഇടയിൽ പ്രായമുള്ളവരിൽ പുരുഷന്മാരുടെ മരണനിരക്ക് 2.36 ശതമാനവും സ്ത്രീകളുടേത് 0.92 ശതമാനവുമാണ്. 45-54 പ്രായത്തിൽ മരിക്കുന്നവരിൽ പുരുഷന്മാർ 5.50 ശതമാനവും സ്ത്രീകൾ 2.47 ശതമാനവുമാണ്. 55-64 പ്രായത്തിൽ മരിക്കുന്ന പുരുഷന്മാർ 10.47 ശതമാനവും സ്ത്രീകൾ 5.37 ശതമാനവുമാണ്. 65-69 പ്രായത്തിൽ പുരുഷ മരണനിരക്ക് 7.19 ശതമാനവും സ്ത്രീ മരണനിരക്ക് 4.29 ശതമാനവുമാണ്. അതേസമയം, 70ന് മുകളിൽ പ്രായമുള്ളവരിൽ സ്ത്രീകളുടെ മരണനിരക്കാണ് ഉയർന്നുനിൽക്കുന്നത് (30.47 ശതമാനം). ഈ പ്രായപരിധിയിൽ പുരുഷ മരണനിരക്ക് 26.86 ശതമാനമാണ്.
സംസ്ഥാനത്ത് മരണകാരണമായി രേഖപ്പെടുത്തപ്പെട്ട അസുഖങ്ങളിൽ മുന്നിൽ ഇപ്പോഴും ഹൃദയാഘാതമാണെന്ന് വൈറ്റൽ സ്റ്റാറ്റിസ്റ്റിക്‌സ് റിപ്പോർട്ട് വിരൽചൂണ്ടുന്നു. രജിസ്റ്റർ ചെയ്ത മരണങ്ങളിൽ 25.43 ശതമാനവും ഹൃദയാഘാതത്തെ തുടർന്നാണെന്ന് റിപ്പോർട്ട് പറയുന്നു. ഹൃദയാഘാതത്തെ തുടർന്ന് മരിക്കുന്നവരിൽ പുരുഷന്മാർ 15.36 ശതമാനവും സ്ത്രീകൾ 10.07 ശതമാനവുമാണ്.
ആസ്ത്മയാണ് മരണകാരണമാകുന്ന രണ്ടാമത്തെ അസുഖം. 2020ൽ സംസ്ഥാനത്ത് 8.89 ശതമാനം പേർ മരിച്ചത് ആസ്ത്മ ബാധിച്ചാണ്. 7.98 ശതമാനമാണ് അർബുദത്തെത്തുടർന്നുള്ള മരണം. ശരീരം തളർന്ന് 2.25 ശതമാനവും വൃക്ക തകരാറിനെത്തുടർന്ന് 2.16 ശതമാനവും ആളുകൾ മരിക്കുന്നു. 1.18 ശതമാനമാണ് പ്രമേഹ ബാധയെത്തുടർന്നുള്ള മരണം. അപകട മരണം 0.74 ശതമാനം.
മാതൃമരണങ്ങൾ ഏറ്റവും കൂടുതൽ നടക്കുന്നത് 35നും 39നും ഇടയിലും 45ന് മുകളിലുമുള്ള പ്രായത്തിൽ. 17.19 ശതമാനം മാതൃമരണവും ഈ പ്രായപരിധിയിലാണ് നടക്കുന്നതെന്ന് റിപ്പോർട്ട് പറയുന്നു.
ആത്മഹത്യ കൂടുതൽ പുരുഷന്മാരിൽ
സംസ്ഥാനത്ത് ആകെ രജിസ്റ്റർ ചെയ്ത മരണങ്ങളിൽ 2.07 ശതമാനം ആത്മഹത്യ മരണങ്ങളാണെന്ന് വൈറ്റൽ സ്റ്റാറ്റിസ്റ്റിക്‌സ് റിപ്പോർട്ട് പറയുന്നു. ആത്മഹത്യ ചെയ്യുന്നവരിൽ സ്ത്രീകളെക്കാൾ കൂടുതൽ പുരുഷന്മാരാണ്. പുരുഷന്മാരിൽ 1.65 ശതമാനവും സ്ത്രീകളിൽ 0.42 ശതമാനവുമാണ് ആത്മഹത്യ നിരക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.