അപ്പർ കുട്ടനാട്ടിൽ മില്ലുകാർ നെല്ലെടുത്തത് ഇരുപത് ശതമാനം കിഴിവിൽ; കർഷകർക്ക് ഇരുട്ടടി
text_fieldsചെങ്ങന്നൂർ: വർഷത്തിലൊരു കൃഷിയെ മാത്രം ആശ്രയിക്കുന്ന അപ്പർ കുട്ടനാടൻ കാർഷിക മേഖലയായ മാന്നാർ കുരട്ടിശ്ശേരി, നാലുതോട് പാടശേഖരത്തിലെ നെല്ലെടുത്തത് മില്ലുകാർ ഇരുപത് ശതമാനം കിഴിവിൽ. നേരത്തെയുണ്ടാക്കിയ ധാരണ പ്രകാരം 15 ശതമാനമായിരുന്നു. മഴ മുതലെടുത്തു മില്ലുകാർ കർഷകരെ ചൂഷണം ചെയ്തു അഞ്ചു ശതമാനം കൂടി കിഴിവുണ്ടെങ്കിലേ നെല്ലെടുക്കൂ എന്ന നിലപാട് സ്വീകരിക്കുകയായിരുന്നു. ഇതോടെ പ്രതിസന്ധിയിലായ കർഷകർ തങ്ങളുടെ ഉൽപ്പന്നങ്ങൾ എങ്ങനെയും കയറ്റി വിടേണ്ട അവസ്ഥയിലായി.
ഇരുപതിനായിത്തോളം രൂപയുടെ ചാക്കുകൾ വാങ്ങി അതിൽ കൂലികൊടുത്ത് നിറപ്പിക്കുകയും അവ ചെറുവാഹനങ്ങളിലും മറ്റുമായി ഇവിടെത്തന്നെയുള്ള വിവിധ സ്ഥലങ്ങളിലായി സൂക്ഷിക്കേണ്ട ചിലവും അവർ താങ്ങേണ്ടിവന്നു.
നാലുതോട് പാടശേഖരത്തിലെ 252 ഏക്കറിലാണ് ഇക്കുറി നെൽകൃഷിയുണ്ടായിരുന്നത്. ഉഷ്ണതരംഗത്താൽ വിളവു കുറവായിരുന്നു. ഈ മാസം എട്ടിനാണ് കൊയ്ത്താരംഭിച്ചത്. വിളവെടുപ്പാരംഭിച്ച് പത്തുനാൾക്കു ശേഷമാണു സപ്ലൈകോയ്ക്കായി മില്ലുകാർ സംഭരണമാരംഭിച്ചത്. ഉഷ്ണതരംഗത്താൽ വിളവ് കുറഞ്ഞതിനൊപ്പം നെല്ലിന് അമിത കിഴിവു കൂടി നൽകിയതോടെ കർഷകർക്ക് വൻ തിരിച്ചടിയാണ് ഇത്തവണ ഏൽക്കേണ്ടിവന്നത്. വായ്പയും-കൈവായ്പയും , സ്വർണ പണയവും , പലിശക്കെടുത്തും , കടം വാങ്ങിയും വളരെ പ്രതീക്ഷകളോടെ കാർഷിക വൃത്തിക്കിറങ്ങിയവർക്ക് ഇരുട്ടടിയാണ് ലഭിച്ചത്.
എല്ലാവർഷവും 50 ലോഡ് നെല്ല് ഉണ്ടാവാറുണ്ട്. എന്നാൽ, ഇത്തവണ പത്ത് ലോഡ് മാത്രമേ കിട്ടിയുള്ളൂ. കഴിഞ്ഞ 16ന് കിഴിവിന്റെ പേരിൽ കർഷകർ കൃഷി ഓഫിസറെയും പഞ്ചായത്ത് അംഗത്തെയും പാടത്ത് തടഞ്ഞതോടെയാണ് കൃഷി, പാഡി ഉദ്യോഗസ്ഥർ നാലുതോട്ടിലെ പ്രശ്നത്തിലിടപെട്ടത്. 18 മുതലാണ് നെല്ലെടുപ്പാരംഭിച്ചത്. അന്ന് പത്ത് ശതമാനം കിഴിവിൽ മൂന്നും പിന്നീട് പതിനഞ്ചാക്കി ഉയർത്തി മൂന്നും ലോഡു വീതമെടുത്തു. അവസാനം ഇരുപത് ശതമാനത്തിനാണ് നാലുതോട്ടിലെ നെല്ലെടുത്തത്. മഴകനത്താൽ ഒരു മണി നെല്ലു പോലും ലഭിക്കില്ലെന്നു ബോധ്യമായതോടെയാണു മില്ലുകാരുടെ പിടിവാശിക്കു മുന്നിൽ വഴങ്ങേണ്ടിവന്നത്. ലക്ഷങ്ങൾ മുതലിറക്കിയ കർഷകർക്കു കൊയ്ത്തുമെതിയന്ത്രത്തിന്റെയും,ചുമട്ടുകൂലിയും മാത്രമാണു ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.