Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ട്രെയിലറുകളുടെ ചുരം കയറ്റം; ഒരുക്കിയത് വൻ സന്നാഹം
cancel

വൈത്തിരി (വയനാട്): മാസങ്ങളുടെ കാത്തിരിപ്പിനൊടുവിൽ കൂറ്റൻ യന്ത്രങ്ങളുമായി രണ്ട് ട്രെയിലറുകളുടെ വയനാട് ചുരം കയറ്റത്തിന് ഒരുക്കിയത് വൻ സന്നാഹം.

കോഴിക്കോട്, വയനാട് ജില്ല ഭരണകൂടങ്ങളുടെ അനുമതി ലഭിച്ചതോടെയാണ് യന്ത്രനീക്കത്തിന് പാതയൊരുങ്ങിയത്. നെസ്ലെ കമ്പനിയുടെ നഞ്ചൻകോട് പ്ലാന്റിലേക്കുള്ള വ്യവസായിക ഫില്‍ട്ടര്‍ ഇന്റര്‍ ചേംബര്‍ യന്ത്രങ്ങൾ ദക്ഷിണ കൊറിയയിൽനിന്ന് കപ്പൽ മാർഗം ചെന്നൈയിൽ എത്തിക്കുകയായിരുന്നു.

തുടർന്ന് റോഡ് മാർഗം അടിവാരം വരെ ഇവയുമായെത്തിയ ട്രെയിലറുകൾക്ക് കോഴിക്കോട് ജില്ല ഭരണകൂടം ചുരംകയറാനുള്ള അനുമതി സെപ്റ്റംബർ 10ന് നിഷേധിച്ചു.

വയനാട് ചുരത്തിന് ബദൽപാതയായി കൊയിലാണ്ടി-മംഗളൂരു റോഡ് നിർദേശിച്ചെങ്കിലും മൂരാട് പാലംവഴി പോവാനാവില്ലെന്നതിനാൽ യാത്ര മുടങ്ങി. പേരാമ്പ്ര, നാദാപുരം വഴി കണ്ണൂർ-മംഗളൂരു പാതയിൽ പ്രവേശിക്കാനുള്ള നീക്കവും പ്രായോഗിക പ്രശ്നങ്ങളാൽ ഒഴിവാക്കേണ്ടിവന്നു. പിന്നീടാണ് തുടർയാത്ര സാധ്യത പഠിക്കാൻ കോഴിക്കോട് ജില്ല ഭരണകൂടം സമിതിയെ നിയോഗിച്ചത്. ഒക്ടോബർ 27നാണ് സമിതി റിപ്പോർട്ട് സമർപ്പിച്ചത്. ഒടുവിൽ 104 ദിവസത്തെ കാത്തിരിപ്പിനൊടുവിൽ ഡിസംബർ 22ന് രാത്രി ട്രെയിലറുകൾക്ക് ചുരം കയറാൻ അനുമതി നൽകുകയായിരുന്നു.

ട്രെയിലറിലും അകമ്പടി വാഹനങ്ങളിലുമായി 14 ജീവനക്കാരുണ്ടാവും. ഒപ്പം, അണ്ണാമലൈ ട്രാൻസ്‍പോർട്ട് കമ്പനി പ്രതിനിധികൾ, മെക്കാനിക്കുകൾ എന്നിവരുമുണ്ടാവും.

രണ്ടുവീതം ക്രെയിനുകളും ആംബുലൻസുകളും അനുഗമിക്കുന്നുണ്ട്. പൊലീസ്, അഗ്നിരക്ഷാസേന, വനം, കെ.എസ്.ഇ.ബി, പൊതുമരാമത്ത് (ദേശീയപാത വിഭാഗം), മോട്ടോർ വാഹന വകുപ്പുകളിലെ ഉദ്യോഗസ്ഥരും ഒപ്പമുണ്ടാവും. വയനാട്ടിൽനിന്ന് ചുരമിറങ്ങാനും അടിവാരത്തുനിന്ന് മുകളിലേക്ക് കയറാനും വാഹനങ്ങൾക്ക് കർശന നിയന്ത്രണമേർപ്പെടുത്തിയിരുന്നു.

വ്യാഴാഴ്ച രാത്രി ഒമ്പതിനുശേഷം കല്‍പറ്റ, മേപ്പാടി, പടിഞ്ഞാറത്തറ ഭാഗങ്ങളില്‍നിന്ന് വൈത്തിരി വഴി കോഴിക്കോട് ഭാഗത്തേക്ക് ആംബുലന്‍സ് ഒഴികെ മറ്റൊരു വാഹനവും പോകാന്‍ അനുവദിച്ചില്ല. രാത്രി 11 മുതൽ വെള്ളിയാഴ്ച പുലർച്ച അഞ്ചുവരെ ചുരം കയറാനും നിരോധനം ഏർപ്പെടുത്തിയിരുന്നു.

പക്രന്തളം ചുരത്തിലൂടെയാണ് കോഴിക്കോട്ടേക്കും തിരിച്ചും വ്യാഴാഴ്ച രാത്രി വാഹനങ്ങൾ കടത്തിവിട്ടത്. ചുരംയാത്രക്ക് നിയന്ത്രണമേർപ്പെടുത്തിയതോടെ ബസുകളിൽ വ്യാഴാഴ്ച വൈകീട്ടു മുതൽ വൻതിരക്കാണ് അനുഭവപ്പെട്ടത്. നിയന്ത്രണങ്ങളിൽ കുടുങ്ങാതെ ചുരം കയറാനും ഇറങ്ങാനും സ്വകാര്യ വാഹനങ്ങളുടെ തിരക്കും അനുഭവപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad Newslorry
News Summary - In Wayanad, preparations were made for the passage of lorries
Next Story