'എത്ര നല്ല നടക്കാത്ത സ്വപ്നം': നിർജീവമായി ഭാരതപ്പുഴ പുനരുജ്ജീവന പദ്ധതി
text_fieldsഒറ്റപ്പാലം: നാശത്തിന്റെ വക്കിലുള്ള നിളയുടെ പഴയ പ്രതാപം വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെ തുടക്കമിട്ട ഭാരതപ്പുഴ പുനരുജ്ജീവന പദ്ധതി നിർജീവാവസ്ഥയിൽ.
പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനു ശേഷവും നടക്കാതെപോയ നിരവധി പുഴ സംരക്ഷണ പദ്ധതികൾക്കൊടുവിൽ ഏറെ പ്രതീക്ഷക്ക് വക നൽകിയ പദ്ധതിയായിരുന്നു ഇത്. ഏറെ ആഹ്ലാദകരമായ അന്തരീക്ഷത്തിൽ പദ്ധതിയുടെ പ്രഖ്യാപനം 2018 മേയ് 21ന് ഒറ്റപ്പാലത്ത് നിർവഹിച്ചത് മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു.
കേന്ദ്ര സർക്കാറിന് പദ്ധതി സമർപ്പിച്ചിട്ടുണ്ടെന്നും കേന്ദ്ര ഫണ്ട് ലഭ്യമായില്ലെങ്കിലും ഭാരതപ്പുഴ പുനരുജ്ജീവന പദ്ധതിയെ സംസ്ഥാന സർക്കാർ ഗൗരവമായി പരിഗണിക്കുമെന്നും മുഖ്യമന്ത്രി അന്ന് പ്രഖ്യാപന പ്രഭാഷണത്തിൽ ഉറപ്പ് നൽകിയിരുന്നു.
ഭാരതപ്പുഴയുടെയും നാട്ടിൻപുറങ്ങളിലെ തോടും കൈവഴികളും ഉൾപ്പെട്ട ജലസ്രോതസ്സുകളുടെയും മുഖച്ഛായ മാറ്റാൻ ഉതകുന്ന പദ്ധതിയായാണ് ഇതിനെ അധികാരികൾ പരിചയപ്പെടുത്തിയത്.
എന്നാൽ, പ്രഖ്യാപനം നടത്തി മൂന്നാം വർഷം പൂർത്തിയാകാനിരിക്കുമ്പോഴും പദ്ധതി കടലാസിലാണ്. മഴക്കുറവ് ഏറ്റവുമേറെ അനുഭവപ്പെടുന്ന ജില്ലയിൽ ജലലഭ്യതക്ക് കൂടുതൽ ആശ്രയിക്കേണ്ടി വരുന്ന നിളയെ സംരക്ഷിക്കുക എന്നതായിരുന്നു പദ്ധതിയുടെ മുഖ്യ ലക്ഷ്യം.
ജില്ലയിലെ ഏഴ് നഗരസഭകളും 85 പഞ്ചായത്തുകളും പദ്ധതിയുടെ പരിധിയിൽ വരും. പദ്ധതി നടപ്പാക്കുന്നതിെൻറ ഭാഗമായി അതത് തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിൽ വരുന്ന പുഴകളുടെ നീർത്തട സംരക്ഷണ പ്ലാൻ തയാറാക്കി നൽകാൻ ആവശ്യപ്പെട്ടിരുന്നതാണ്.
എന്നാൽ, നാളിതുവരെ പ്ലാനോ നീർത്തട അറ്റ്ലസ് തയാറാക്കലോ പൂർത്തീകരിച്ചിട്ടില്ലെന്നതാണ് വിവരം. മണ്ണ്, ജലം, ജൈവ സമ്പത്ത് എന്നിവ സംരക്ഷിക്കുന്നതോടൊപ്പം തോട്, ചിറ, കുളങ്ങൾ ഉൾെപ്പടെയുള്ള ജലസ്രോതസ്സുകളുടെ സുസ്ഥിരത ഉറപ്പാക്കാനും പദ്ധതി വിഭാവനം ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.