പഞ്ചായത്തുകളിൽ ഫണ്ടില്ല; ഗ്രാമസഭകൾ പ്രഹസനമാകുന്നു
text_fieldsകുട്ടനാട്: ജനങ്ങൾക്ക് ഭരണത്തിൽ നേരിട്ട് പങ്കാളിത്തം ഉറപ്പാക്കുന്ന ഗ്രാമസഭകൾ പ്രഹസനമാകുന്നു. ഗ്രാമസഭകളിലെ തീരുമാനം നടപ്പാക്കാൻ പഞ്ചായത്തുകൾക്ക് ഫണ്ടില്ല. ആസൂത്രണത്തിന്റെ അഭാവത്തിൽ ഗ്രാമസഭയിൽ ക്വാറം തികക്കാൻ ജനപ്രതിനിധികൾ നെട്ടോട്ടത്തിലാണ്. ഗ്രാമീണ മേഖലയിലെ പൊതുവികസനവും വ്യക്തിഗത ആനുകൂല്യങ്ങളും ജനങ്ങളിൽ നേരിട്ടെത്തിക്കാൻ പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ കൂടുന്ന ഗ്രാമസഭകളിലെ തുടർ നടപടിയാണ് ഇഴയുന്നത്.
നിരവധി പദ്ധതികളാണ് ഗ്രാമസഭകൾ വഴി ആസൂത്രണം ചെയ്യേണ്ടത്. പഞ്ചായത്തിലെ നികുതി പണം ഉപയോഗിച്ച് നടപ്പാക്കാൻ കഴിയാത്ത പദ്ധതികൾക്ക് കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ഫണ്ട് അനുവദിക്കുന്നുണ്ട്. സർക്കാർ ഫണ്ടിന്റെ അപര്യാപ്തത തുടങ്ങിയതോടെയാണ് പദ്ധതി നിർവഹണത്തിൽ പാളിച്ച തുടങ്ങിയത്. ഗുണഭോക്താക്കൾ ആവശ്യപ്പെടുന്ന പദ്ധതികളുടെ പ്രവർത്തനം ഇഴഞ്ഞതോടെ ഗ്രാമസഭയിലെ പങ്കാളിത്തവും കുറഞ്ഞു.
ക്വാറം ഒപ്പിക്കാൻ പാടുപെടൽ
ഗ്രാമസഭക്ക് ആളുകൾ എത്താതായതോടെ പത്ത് ശതമാനം ക്വാറം ഒപ്പിക്കാൻ വാർഡംഗങ്ങൾ പെടാപ്പാട് പെടുകയാണ്. മുൻ പദ്ധതികൾ പ്രാവർത്തികമായിട്ട് അടുത്ത ഗ്രാമസഭയിൽ പങ്കാളികളാകാമെന്നാണ് ജനങ്ങൾ അഭിപ്രായപ്പെടുന്നത്. പത്ത് ശതമാനം ക്വാറം തികയാത്ത സഭ പിരിച്ചുവിട്ടാൽ അടുത്ത സഭ വിളിച്ച് ചേർക്കുമ്പോൾ 50 ശതമാനം ഗുണഭോക്താക്കൾ ആവശ്യമെന്നിരിക്കെ നേരിട്ടും നോട്ടിസ് കൊടുത്തും വീടുകളിൽ കയറിയിറങ്ങേണ്ട ഗതികേടാണ് പഞ്ചായത്ത് അംഗങ്ങൾക്കുള്ളത്.
കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ഇടപെടൽ ആവശ്യം
ഗ്രാമസഭ വഴി പാസാക്കുന്ന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇടപെടണമെന്നാണ് പഞ്ചായത്ത് ജനപ്രതിനിധികളുടെ ആവശ്യം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ബജറ്റിൽ നീക്കിവെക്കാറുള്ള ഫണ്ട് അതാത് സാമ്പത്തിക വർഷത്തിൽ വിനിയോഗിക്കുകയാണെങ്കിൽ ഗ്രാമസഭയിൽ കൈകൊള്ളുന്ന തീരുമാനങ്ങൾ നടപ്പാക്കാൻ കഴിയും.
ഇതോടെ പ്രാദേശിക വികസന പ്രവർത്തനങ്ങളും വ്യക്തിഗത ആനുകൂല്യങ്ങളും ഗുണഭോക്താക്കളുടെ കൈകളിൽ എത്തും. വൻ പദ്ധതികൾക്കൊപ്പം ഗ്രാമീണ മേഖലയിലെ വികസനത്തിനും സർക്കാർ നടപടി സ്വീകരിച്ചില്ലെങ്കിൽ ഓരോ ഗ്രാമസഭകളും പ്രഹസനമായി തീരാനാണ് സാധ്യത.
നടപ്പാക്കുന്ന പദ്ധതികൾ നാമമാത്രം
തൊഴിലുറപ്പ് പദ്ധതി, ഹരിതകർമ സേനകളുടെ പ്രവർത്തനം, ശിശുപരിപാലനം, ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കുമുള്ള സേവനങ്ങൾ, കരകൃഷി വിത്ത് വിതരണം, വളർത്ത് കോഴികളുടെ വിതരണം എന്നിങ്ങനെ വിരലിൽ എണ്ണാവുന്ന പദ്ധതികൾ മാത്രമാണ് പഞ്ചായത്തുകൾ നടപ്പാക്കുന്നത്.
ഭൂവിനിയോഗം, ലൈഫ് മിഷൻ പദ്ധതി വഴിയുള്ള ഭവന നിർമാണം, ഗ്രാമീണ മേഖലയിലെ ശുദ്ധജല ലഭ്യത, പൊതുജലാശയങ്ങളുടെ സംരക്ഷണവും ജലപരിപാലനവും, പ്രാദേശിക സമൂഹത്തിന്റെ അതിജീവനത്തിനായുള്ള പദ്ധതികൾ, ഗ്രാമീണ റോഡുകളുടെയും പാലങ്ങളുടെയും നിർമാണം, ദുരന്തനിവാരണത്തിന് ആവശ്യമായ മുൻകരുതലുകൾ, ദാരിദ്ര്യ നിർമാർജനത്തിന് സഹായകമായ പദ്ധതികൾ, തരിശ് നിലങ്ങൾ കൃഷിയോഗ്യമാക്കാനുള്ള പദ്ധതി, ക്ഷീരകർഷകർക്കുള്ള കന്നുകാലി വിതരണം, കാലിത്തീറ്റ സബ്സിഡിയിൽ നൽകാനുള്ള നടപടി തുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങളാണ് നിലച്ചു കിടക്കുന്നത്. ഗ്രാമസഭ പാസാക്കുന്ന പദ്ധതികൾ പാർലമെന്റിന് പോലും മാറ്റാൻ അധികാരമില്ലെന്നിരിക്കെ ഓരോ ഗുണഭോക്താക്കളും വലിയ പ്രതീക്ഷയോട് കൂടിയാണ് ഗ്രാമസഭകളിൽ എത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.