പാണത്തൂർ അപകടം: ഏറ്റവും അടുത്ത ആശുപത്രിയിലേക്ക് 40 കി.മീ ദൂരം
text_fieldsകാസർകോട്: പിന്നാക്കമെന്ന് പറഞ്ഞു പഴകിയ ജില്ലയിൽ ജീവൻ രക്ഷാ സൗകര്യങ്ങളുടെ അപര്യാപ്തത വീണ്ടും ചർച്ചയാകുന്നു. മലയോരവാസികൾക്ക് അൽപമെങ്കിലും സൗകര്യമുള്ള ഏറ്റവും അടുത്ത ആശുപത്രി എന്നു പറയാവുന്നത് 40 കി.മീ ദൂരെയുള്ള കാഞ്ഞങ്ങാട് ജില്ല ആശുപത്രിയാണ്. ഗുരുതരമാണെങ്കിൽ മംഗളൂരു അല്ലെങ്കിൽ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് മാത്രമാണ് ആശ്രയം.
പുതുവർഷം പിറന്ന് മൂന്നാം നാൾ പാണത്തൂരിൽ നടന്ന ബസപകടത്തിൽ ഏഴു ജീവനുകളാണ് ജില്ലയുടെ റോഡിൽ പൊലിഞ്ഞത്. വിവാഹത്തിെൻറ സന്തോഷമെത്തേണ്ട വീടുകളിൽ മൃതദേഹങ്ങളാണെത്തിയത്. മലയോരത്ത് എവിടെ വലിയ അപകടം സംഭവിച്ചാലും ഇനിയും ഇത്തരം മരണനിരക്ക് കേൾക്കേണ്ടി വരുമെന്ന് പ്രദേശവാസികൾ പറയുന്നു.
കള്ളാർ, രാജപുരം, പനത്തടി, ബളാൽ ഉൾപ്പെടെ പഞ്ചായത്തുകളിൽ നിന്നും അതിവിദഗ്ധ വൈദ്യസഹായം തേടാൻ കിലോമീറ്ററുകൾ സഞ്ചരിക്കേണ്ട സ്ഥിതിയാണ്. ഞായറാഴ്ച ഭരണകൂടവും ഉദ്യോഗസ്ഥരും വളരെ വേഗം കാര്യങ്ങൾ നീക്കിയെങ്കിലും പൊലിഞ്ഞ ജീവനുകൾക്ക് പകരം കുടുംബങ്ങൾക്ക് എന്തു നൽകുമെന്ന ചോദ്യം ബാക്കിയാണ്.
ഇവിടങ്ങളിൽ നിന്നും കർണാടക ഭാഗത്തേക്ക് പോയിട്ടും കാര്യമില്ല. മികച്ച ചികിത്സ ലഭിക്കണമെങ്കിൽ ബംഗളൂരുവിലെത്തണം. മംഗളൂരുവിലേക്ക് പോകണമെങ്കിൽ കേരളം വഴി തന്നെ പോകണം. പൂടംകല്ല് താലൂക്ക് ആശുപത്രിയായി ഉയർത്തിയെങ്കിലും സൗകര്യങ്ങൾ അപര്യാപ്തമാണ്.
കർണാക പുത്തൂരിൽനിന്ന് കർണാടകയിലെ തന്നെ കരിക്കെയിലെക്ക് വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പാണത്തൂർ പരിയാരം വഴി പോകവെയാണ് ബസ് വീടിനു മുകളിലേക്ക് മറിഞ്ഞ് ഏഴു പേർ മരിച്ചത്. ഇറക്കത്തിൽ നിയന്ത്രണംവിട്ട് റോഡരികിലെ കമ്യൂണിറ്റി ഹാളിൽ ഇടിച്ചശേഷം തൊട്ടടുത്ത ആൾത്താമസമില്ലാത്ത വീടിന് മുകളിലേക്ക് പതിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.