അലക്ഷ്യമായ ഡ്യൂട്ടി കോവിഡ് രോഗികള്‍ വർധിക്കാനിടയാക്കിയെന്ന്; പൊലീസുകാർക്ക് മെമ്മോ
text_fieldsതിരുവനന്തപുരം: കോവിഡ് പോസിറ്റിവ് എണ്ണം കൂടിയാല്‍ അതത് സ്ഥലങ്ങളിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മെമ്മോ. തിരുവനന്തപുരം റൂറല്‍ പൊലീസ് സ്റ്റേഷനിലെ ചില പൊലീസ് ഉദ്യോഗസ്ഥര്‍ക്കാണ് മെമ്മോ ലഭിച്ചത്.
കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സ്ഥലത്തെ പൊലീസ് സ്റ്റേഷനുകളിലെ സ്റ്റേഷന് ഹൗസ് ഓഫിസര്‍മാര്‍ക്കാണ് മെമ്മോ ലഭിച്ചത്. ഇത് പൊലീസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ അമര്‍ഷമുണ്ടാക്കുന്നു. തിരുവനന്തപുരം റൂറലില്‍ അഞ്ചിലേറെ സ്റ്റേഷന് ഹൗസ് ഓഫിസര്‍മാര്‍ക്ക് രണ്ടു ദിവസത്തിനിടെ മെമ്മോ ലഭിച്ചുകഴിഞ്ഞു .
ജനങ്ങളെ നിയന്ത്രിക്കാന്‍ ചുമതയേൽപിക്കപ്പെട്ട പൊലീസുകാരുടെ അലക്ഷ്യമായ ഡ്യൂട്ടിയാണ് രോഗികള്‍ വർധിക്കാനിടയാക്കിയതെന്നും അതിനാല്‍ ഡ്യൂട്ടിയിൽ ക്യത്യവിലോപമുണ്ടായെന്നും കാണിച്ചാണ് പലര്‍ക്കും മെമ്മോ ലഭിച്ചത്. മൂന്നു ദിവസത്തിനുള്ളില്‍ കൃത്യമായ മറുപടി നല്‍കിയില്ലെങ്കില്‍ അച്ചടക്ക നടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്.
പൊലീസ് ഓഫിസര്‍മാരുടെ വാട്സ്ആപ് ഗ്രൂപ്പിലും മറ്റും മെമ്മോയെക്കുറിച്ച് ചര്‍ച്ച ചൂടായതോടെ പല ഉദ്യോഗസ്ഥരും അടക്കിവെച്ച അമര്‍ഷം പങ്കുവെക്കുന്നതായാണ് വിവരം.
മെമ്മോ ശിക്ഷയെ ഭയന്നാണ് പല പൊലീസ് സ്റ്റേഷനുകളിലെയും ഉദ്യോഗസ്ഥര്‍ കണ്ടെയ്ൻമെൻറ് സോണുകളായി പ്രഖ്യാപിക്കുന്ന സ്ഥലങ്ങളിലെ വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചിട്ടും മറ്റും നടപടി കര്‍ശനമാക്കുന്നത്.
നിശ്ചിത സമയത്തിലും നേരത്തേ കടയടപ്പിച്ചും വ്യാപാരസ്ഥാപനങ്ങള്‍ തുറക്കുന്നതില്‍ കര്‍ശന നിബന്ധനകള്‍ െവച്ചുമാണ് പൊലീസ് മെമ്മോ ലഭിക്കാതിരിക്കാന്‍ കിണഞ്ഞ് ശ്രമിക്കുന്നത്.
അതേ സമയം ഓണക്കാലമായതോടെ പൊലീസ് നിയന്ത്രണത്തിനെതിരെ പല പ്രദേശങ്ങളിലും ജനങ്ങള്‍ക്കിടയില്‍ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്.
ഒന്നാം തീയതി മുതല്‍ 15 തീയതി വരെയുള്ള പോസിറ്റിവ് രോഗികളുടെ എണ്ണം നോക്കിയാണ് ഇപ്പോള്‍ മെമ്മോ നല്കിക്കൊണ്ടിരിക്കുന്നത്. ആരോഗ്യമന്ത്രി പോലും സെപ്റ്റംബര്‍ മാസത്തില്‍ രോഗികളുടെ എണ്ണം കൂടുമെന്ന് കൃത്യമായി അറിയിക്കുമ്പോള്‍ രോഗത്തെ ചെറുത്തുനിര്‍ത്താന്‍ തങ്ങള്‍ക്കെങ്ങനെ കഴിയുമെന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ ചോദിക്കുന്നത്. മെമ്മോയെ കുറിച്ച് പരസ്യമായി പ്രതികരിക്കാന്‍ മെമ്മോ ലഭിച്ചവരാരും തയാറായിട്ടില്ല. താഴെക്കിടയിലെ ചില പൊലീസുകാര്‍ക്കിടയിലെ ചര്‍ച്ച വഴിയാണ് മെമ്മോ വിവരം പുറത്തായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.