സ്ഥലം സംഭാവന നൽകിയവെര വിസ്മരിച്ചു, തർക്കം: അംഗൻവാടി ഉദ്ഘാടനത്തിന് വന്ന എം.എൽ.എ അടക്കമുള്ളവർ മടങ്ങിപ്പോയി
text_fieldsഅന്തിക്കാട്: ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിലെ കല്ലിടവഴിയിലെ ഉഷസ് അംഗൻവാടിയുടെ പുതിയ കെട്ടിടോദ്ഘാടനവും, 2010 -2015 വർഷത്തെ ഭരണ സമിതി അംഗങ്ങളെ ആദരിക്കുന്ന ചടങ്ങും തർക്കത്തെ തുടർന്ന് മാറ്റിവെച്ചു.
ഉദ്ഘാടനത്തിനായി സി. മുകുന്ദൻ എം.എൽ.എയും പഞ്ചായത്ത് പ്രസിഡൻറ് ജ്യോതി രാമൻ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും, 2010 -2015 വർഷത്തെ മെംബർമാരും എത്തിയിട്ടും തർക്കത്തെ തുടർന്ന് ചടങ്ങ് നടത്താനാവാതെ എം.എൽ.എ അടക്കം മടങ്ങുകയായിരുന്നു. ഞായറാഴ്ച ഉച്ചക്ക് രണ്ടിനാണ് ഉദ്ഘാടനം നിശ്ചയിച്ചിരുന്നത്.
32 വർഷം മുമ്പേ അംഗൻവാടി കെട്ടിടം പണിയാനായി മൂന്ന് സെൻറ് സ്ഥലം സൗജന്യമായി കൊച്ചത്ത് ചാത്തു -പാറു എന്നിവരുടെ സ്മരണക്കു വേണ്ടിയായിരുന്നു നൽകിയത്.
ഇവിടെ നിലനിന്നിരുന്ന കെട്ടിടം 2018ലെ പ്രളയകാലത്ത് കേടുപാടുകൾ സംഭവിച്ചിരുന്നു. തുടർന്ന് പ്രളയബാധിത മേഖലയിലെ പുനരധിവാസത്തിനു വേണ്ടി എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 13,50,000 രൂപ ചെലവഴിച്ച് നിർമിതികേന്ദ്രം പണിത കെട്ടിടത്തിൽ കൊച്ചത്ത് ചാത്തു -പാറു സ്മരണക്ക് വേണ്ടി കൊച്ചത്ത് കൃഷ്ണൻ സംഭാവന ചെയ്ത സ്ഥലം എന്ന ശിലാഫലകം സ്ഥാപിക്കാത്തതിനാലാണ് ഉദ്ഘാടന ചടങ്ങ് നടത്താനാവാതെ എം.എൽ.എ അടക്കമുള്ളവർക്ക് മടങ്ങേണ്ടിവന്നത്.
സ്ഥലം സംഭാവന ചെയ്തവർ കഴിഞ്ഞ ദിവസങ്ങളിൽ ഇക്കാര്യം സൂചിപ്പിച്ചിരുന്നതായും അറിയുന്നു. ബന്ധപ്പെട്ടവരുടെ പിടിപ്പുകേടും തർക്കവുമാണ് സംഭവത്തിന് കാരണമായത്.
വിദ്യാലയങ്ങൾ തുറക്കനായി സർക്കാർ ഒരുക്കം നടത്തുന്ന സമയത്ത് അംഗൻവാടിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടായതിൽ അന്തിക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിക്ക് പ്രതിഷേധമുണ്ടെന്ന് മണ്ഡലം പ്രസിഡൻറ് വി.കെ. മോഹൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.