സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്തയാളുടെ ജന്മദിനത്തിലെ പാർലമെന്റ് ഉദ്ഘാടനം രക്തസാക്ഷികളെ അപമാനിക്കൽ -മന്ത്രി മുഹമ്മദ് റിയാസ്
text_fieldsകാസർകോട്: സ്വാതന്ത്ര്യ സമര പോരാട്ടത്തെ ഒറ്റുകൊടുത്തയാളുടെ ജന്മദിനത്തിലെ പാർലമെന്റ് ഉദ്ഘാടനം രക്തസാക്ഷികളെ അപമാനിക്കലാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കാസർകോട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സവർക്കറിന്റെ ജന്മദിനത്തിലാണ് പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം വെച്ചിരിക്കുന്നത്. 1883 മേയ് 28നാണ് സവർക്കർ ജനിച്ചത്. സവർക്കറെ പോലെയുള്ള രാജ്യത്തിന്റെ സ്വാതന്ത്ര്യ സമര പോരാട്ടത്തെ ഒറ്റുകൊടുത്ത ഒരു വ്യക്തിയുടെ ജന്മദിനത്തിലാണോ ഇന്ത്യൻ ജനാധിപത്യത്തിന്റെ എല്ലാമായ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം നടത്തേണ്ടത്?. 1913 നവംബർ 14ന് സവർക്കർ ബ്രിട്ടീഷുകാർക്ക് മാപ്പെഴുതിക്കൊടുത്ത ഒരു കത്തുണ്ട്. ഞാൻ തെറ്റായ പാതയിലൂടെയാണ് ഇത്രയും കാലം സഞ്ചരിച്ചത്. എന്റെ പാത സ്വീകരിച്ച ആയിരക്കണക്കിന് ചെറുപ്പക്കാർ വഴിതെറ്റി. അവരെയൊക്കെ ശരിയായി നടത്താമെന്നും ഇനിയുള്ള കാലം ഞങ്ങൾ ബ്രിട്ടീഷുകാർ ആഗ്രഹിക്കും പോലെ ബ്രിട്ടീഷ് സർക്കാരിന് അനുകൂലമായ പ്രചാരണം നടത്തി ജീവിച്ചുകൊള്ളാമെന്നും മാപ്പെഴുതിക്കൊടുത്ത കത്ത്. സവർക്കർ മാപ്പെഴുതിയ കത്തുകളിലെ ഏറ്റവും നാണക്കെട്ട കത്താണിത്. കണ്ണീരുകൊണ്ടെഴുതിയ സവർക്കറിന്റെ കത്താണിത്. രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരപോരാട്ടത്തോട് സഹകരിക്കാത്ത, ബ്രിട്ടീഷുകാർക്ക് മാപ്പെഴുതി, ബ്രിട്ടീഷുകാർക്ക് വേണ്ടി ജീവിക്കുമെന്ന് പറഞ്ഞ ഒരു വ്യക്തിയുടെ ജന്മദിനമാണോ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ദിനമായി തെരഞ്ഞെടുക്കേണ്ടത്. ഇത് ഇന്ത്യയിൽ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് ജീവൻ നഷ്ടപ്പെട്ട രക്തസാക്ഷികളെ അപമാനിക്കലാണെന്നും അദ്ദേഹം പറഞ്ഞു.
1923ൽ സവർക്കർ എഴുതിയ ഒരു പുസ്തകമുണ്ട് -ഹിന്ദുത്വ. അതിൽ പുണ്യഭൂമിയെയും പിതൃഭൂമിയെയും കുറിച്ച് പറയുന്നുണ്ട്. എല്ലാവരും സോദരരെ പോലെ ജീവിക്കുന്ന നാടാണ് ഇന്ത്യ. മുസ്‍ലിംകളും ക്രിസ്ത്യാനികളും ഇന്ത്യക്കാരല്ല, അവരുടെ പുണ്യഭൂമിയല്ല, അവരുടെ പിതൃഭൂമിയല്ല, അതുകൊണ്ട് ഇന്ത്യ അവരുടേതല്ല എന്നാണ് സവർക്കറുടെ ‘ഹിന്ദുത്വ’ എന്ന പുസ്തകത്തിൽ എഴുതിയിട്ടുള്ളത്. ആ സവർക്കറുടെ ജന്മദിനമാണോ ഇന്ത്യയുടെ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ദിനമായി തെരഞ്ഞെടുക്കേണ്ടത്?. ഇതേ സവർക്കറുടെ നേതൃത്വത്തിലാണ് 1937ൽ അഹമ്മദാബാദിൽ ചേർന്ന വിശ്വഹിന്ദു പരിഷത്ത് വേദിയിൽ ദ്വിരാഷ്ട്ര വാദം പ്രമേയമായി അവതരിപ്പിച്ചത്. അതിനുശേഷം മൂന്നു കൊല്ലം കഴിഞ്ഞാണ് മുസ്‍ലിം രാഷ്ട്ര വാദികൾ പ്രമേയം അവതരിപ്പിച്ചത്.
1930 ഒക്ടോബർ നാലിന് രാജ്യത്തിന് വേണ്ടി ജീവൻ നൽകിയ ഭഗത് സിംഗിന്റെ പിതാവിന്റെ ഒരു കത്തുണ്ട്. മകനോടുള്ള സ്നേഹത്തിന്റെ ഭാഗമായി രാഷ്ട്രത്തെ സ്നേഹിക്കുന്ന പിതാവ് മകന്റെ ജയിൽമോചനത്തിനായി കോടതിക്ക് മുമ്പാകെ ഒരു ദയാഹരജിയും ബ്രിട്ടീഷുകാരോട് മാപ്പ് നൽകണമെന്നും പറഞ്ഞുകൊണ്ടുള്ള കത്ത്. അതിനെതിരെ ശക്തമായ പ്രതികരണമാണ് ഭഗത് സിംഗ് നടത്തിയത്. ആ കത്ത് ഇപ്പോ ഒന്ന് വായിച്ചുനോക്കുന്നത് നല്ലതാണ്. അച്ഛന്റെ രാഷ്ട്രസ്നേഹം ഞാൻ മനസ്സിലാക്കുന്നു, പക്ഷെ, മകൻ എന്ന നിലയിൽ എനിക്ക് വേണ്ടി വികാരഭരിതനായി എഴുതിയ കത്ത് ശരിയായില്ല. ഇത് എന്നിൽ വേദന സൃഷ്ടിക്കുന്നു. പിന്നിൽ നിന്നും കുത്തുന്നതിന് തുല്യമാണ്. എനിക്ക് ഒരു മാപ്പും വേണ്ട എന്ന് എഴുതിയ ഭഗത് സിംഗിനെ പോലെയുള്ള രാജ്യത്തിന് വേണ്ടി പോരാട്ടം നടത്തി രക്തസാക്ഷികളായ നിരവധിപേരെ അപമാനിച്ചിരിക്കുകയാണ് സവർക്കറുടെ ജന്മദിനം ഇന്ത്യൻ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ദിനമായി തെരഞ്ഞെടുത്തതിലൂടെ. രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് രക്തസാക്ഷികളായവരെ മോദി സർക്കാർ അപമാനിക്കുകയാണ്. അപമാനിച്ച് ഇല്ലാതാക്കാനുള്ള ശ്രമമാണ് നടത്തുന്നത്. പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം എല്ലാ നിലയിലും വിവാദമായത് ദൗർഭാഗ്യകരമാണ്. പാർലമെന്റ് എന്ന് പറഞ്ഞാൽ രാജ്യസഭയും ലോക്സഭയും പ്രസിഡന്റും അടങ്ങിയതാണെന്ന് ഭരണഘടനയുടെ 79ാം ഭാഗം പറയുന്നു. എന്നാൽ, ആ പ്രസിഡന്റിനെ ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.