രാമക്ഷേത്ര ഉദ്ഘാടനം: നിലപാട് പറയാതെ ഹൈകമാൻഡ്; വെട്ടിലായി സംസ്ഥാന കോൺഗ്രസ്
text_fieldsതിരുവനന്തപുരം: രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിലേക്ക് ദേശീയനേതൃത്വത്തിന് ലഭിച്ച ക്ഷണവും പിന്നാലെ ഹൈകമാൻഡ് നിലപാടിലെ ആശയക്കുഴപ്പവും സംസ്ഥാന കോൺഗ്രസ് നേതൃത്വത്തെ വെട്ടിലാക്കി.
ക്ഷണം കിട്ടിയതിന് പിന്നാലെ പങ്കെടുക്കാനില്ലെന്ന് സി.പി.എമ്മും സി.പി.ഐയും വ്യക്തമാക്കിയതോടെയാണ് കെ.പി.സി.സി പ്രതിരോധത്തിലായത്. ‘ബി.ജെ.പി അജണ്ടയിൽ വീഴരുതെന്ന്’ പരസ്യമായി ആവശ്യപ്പെട്ട് മുസ്ലിം ലീഗ് കൂടി രംഗത്തെത്തിയോടെ കോൺഗ്രസിനു മേൽ സമ്മർദം കനപ്പെടുകയാണ്. ലോക്സഭ തെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തിൽ വിശേഷിച്ചും. രാമക്ഷേത്ര വിഷയത്തിൽ സംസ്ഥാനത്ത് തങ്ങൾ അകപ്പെട്ട രാഷ്ട്രീയക്കുരുക്ക് ചൂണ്ടിക്കാട്ടിയും ആശങ്ക നിരത്തിയും മുതിർന്ന നേതാക്കൾ ഹൈകമാൻഡിനെ സമീപിച്ചിട്ടുണ്ട്. അനുകൂല സമീപനമാണ് കെ.പി.സി.സി പ്രതീക്ഷിക്കുന്നതും. ഇതിനെക്കുറിച്ച് ഉയരുന്ന ചോദ്യങ്ങളിൽനിന്ന് ഒഴിഞ്ഞുമാറുകയാണ് കോൺഗ്രസ് നേതാക്കൾ. ‘യഥാസമയം കൃത്യമായ മറുപടി കിട്ടുമെന്ന’ പ്രതികരണമാണ് കെ.സി. വേണുഗോപാലിൽനിന്നുണ്ടായത്. പല ചോദ്യങ്ങൾക്കും ഉത്തരം പറയാൻ താനില്ലെന്ന് കൂട്ടിച്ചേർത്ത് അദ്ദേഹം വേഗം പിന്മാറി.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കൃത്യമായ മറുപടിയില്ല. ‘തനിക്കറിയില്ല, താനീ വിവരം അറിഞ്ഞിട്ടില്ല. ദേശീയ തലത്തിലാണ് അതിനെക്കുറിച്ച് തീരുമാനം പറയേണ്ടതെന്ന്’ സതീശനും പറഞ്ഞൊഴിഞ്ഞു. രണ്ടിനും സാധ്യത കൽപിക്കും വിധമായിരുന്നു എ.ഐ.സി.സി അംഗം കൂടിയായ ശശി തരൂരിന്റെ പ്രതികരണം.
‘‘പാർട്ടിയിൽ നാലഞ്ചുപേരെയേ ക്ഷണിച്ചിട്ടുള്ളൂ. ക്ഷണിച്ചവർക്കേ പോകാനാകൂ. ആർക്കാണ് ക്ഷണം കിട്ടിയത് അവർ തീരുമാനിക്കട്ടെ. തനിക്ക് ക്ഷണം കിട്ടിയിട്ടില്ല.’’ തരൂരിന്റെ വാക്കുകളിലും ആശയക്കുഴപ്പം പ്രകടം. ഇതിനിടെ, ദേശീയ നേതാക്കൾ അനുകൂല നിലപാട് സ്വീകരിച്ചെന്നവിധം വാർത്തകൾ പ്രചരിക്കുന്നതും കെ.പി.സി.സിക്ക് തലവേദനയാകുന്നു. ഹമാസ് വിഷയത്തിൽ തരൂർ സ്വീകരിച്ച നിലപാടിന്റെ പേരിൽ ഉയർന്ന വിവാദങ്ങൾ കെട്ടടങ്ങും മുമ്പാണ് കോൺഗ്രസ് വീണ്ടും പ്രതിരോധത്തിലാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.