കാർയാത്രികരെ റാഞ്ചിയ സംഭവം; ദുരൂഹതകളേറെ; പ്രതികളെ കണ്ടെത്തിയില്ല
text_fieldsപയ്യോളി: ഡ്രൈവറെ ആക്രമിച്ച് കാർ യാത്രികരെ തട്ടിക്കൊണ്ടുപോയി വഴിയിലുപേക്ഷിച്ച സംഭവത്തിൽ ദുരൂഹതകളേറെ. ശനിയാഴ്ച പുലർച്ച മൂന്നോടെ ദേശീയപാതയിൽ പയ്യോളി ക്രിസ്ത്യൻ പള്ളിക്കു സമീപത്തു വെച്ചാണ് മലപ്പുറം സ്വദേശികളുൾപ്പെട്ട ഇന്നോവ കാറിൽ സഞ്ചരിച്ച അഞ്ചു പേരെ ഒരു സംഘം ആക്രമികൾ തടഞ്ഞുനിർത്തി ആക്രമിക്കുന്നത്.
തോക്കുപോലുള്ള ആയുധമുപയോഗിച്ച് കാറിന്റെ ഒരു വശത്തെ ഗ്ലാസ് തകർത്തശേഷം ഡ്രൈവറെ മർദിച്ച് അവശനാക്കുകയായിരുന്നു. കാറോടിച്ച മലപ്പുറം വേങ്ങര പുളിക്കൽ വിഷ്ണുവാണ് അക്രമത്തിനിരയായത്. ശേഷം കാർ തട്ടിയെടുത്ത് 10 കിലോമീറ്ററകലെ മുചുകുന്നിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് യാത്രക്കാർ കൊയിലാണ്ടി പൊലീസിൽ നൽകിയ പരാതി.
യാത്രക്കാരുടെ ദേഹപരിശോധനയും സഞ്ചരിച്ച വാഹനവും മുഴുവനായും അരിച്ചുപെറുക്കിയശേഷമാണ് ആക്രമികൾ കെ.എൽ 50 രജിസ്ട്രേഷൻ നമ്പറിൽ തുടങ്ങുന്ന ഇയോൺ കാറിൽ സ്ഥലംവിട്ടതെന്നും യാത്രക്കാർ പറയുന്നു. അക്രമസമയത്ത് ഇയോൺ കാറിനു പുറമെ ആക്രമികൾക്ക് ഒരു ബൈക്കുകൂടി ഉണ്ടായിരുന്നുവത്രെ.
എന്താണ് ആക്രമികൾ കാറിൽ പരിശോധിച്ചതെന്നോ പയ്യോളിയിൽവെച്ച് കാർ ആക്രമിക്കുന്ന സമയത്തോ തട്ടിക്കൊണ്ടുപോകുന്ന സമയത്തോ യാത്രക്കാരോട് ഇതു സംബന്ധിച്ച് ആക്രമികൾ എന്തെങ്കിലും ചോദ്യം ചോദിച്ചോയെന്നോ വല്ലതും ആവശ്യപ്പെട്ടോയെന്നോ ഒന്നും വ്യക്തമല്ല.
ഡ്രൈവറെ മർദിച്ച് പയ്യോളിയിൽ തള്ളിയശേഷം 10 കിലോമീറ്ററകലെ ദേശീയപാതയിൽനിന്ന് വിട്ടുമാറി മുചുകുന്ന് കൊയിലോത്തുംപടിയിലാണ് ബാക്കി യാത്രക്കാരെ വാഹനത്തോടൊപ്പം ഉപേക്ഷിച്ചത്.
ബാക്കിയാത്രക്കാരെ ആക്രമികൾ ഉപദ്രവിച്ചോ എന്ന് വ്യക്തമല്ലാത്തതും നാലു പേരിൽ ഒരാൾക്കുപോലും ആക്രമികളെ പ്രതിരോധിക്കാനോ ഫോണിലൂടെ മറ്റാരെയെങ്കിലും ബന്ധപ്പെടാനോ സാധിക്കാത്തതും സംശയമുണർത്തുന്നുണ്ട്. ആദ്യം തോക്ക് ചൂണ്ടിയാണ് കാർ ആക്രമിച്ചതെന്നും പിന്നീട് തോക്കുപോലുള്ള ആയുധമാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നും പറയുന്നുണ്ട്.
എന്നാൽ, സംഭവം സംബന്ധിച്ച് വഴിയോരങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കാൻ പൊലീസ് തയാറായിട്ടില്ല. ഒട്ടേറെ ദുരൂഹതകളുണർത്തുന്ന സംഭവത്തിനു പിന്നിൽ സ്വർണക്കടത്തുമായി ബന്ധമുള്ളതായാണ് സാഹചര്യ തെളിവുകൾ നൽകുന്ന സൂചന.
അതേസമയം, സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ആളുമാറി തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതാണോയെന്നും സംശയിക്കപ്പെടുന്നു. സംഭവസ്ഥലത്തുനിന്ന് കിട്ടിയ ആക്രമികളുടേതെന്ന് കരുതുന്ന ബ്ലൂടൂത്ത് ഉപകരണം മാത്രമാണ് ലഭിച്ച തെളിവ്. ബ്ലൂടൂത്ത് ഉപയോഗിച്ച ഫോൺ താമരശ്ശേരി ഭാഗത്താണ് ഉള്ളതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
കൂടാതെ, മണ്ണാർക്കാട് രജിസ്ട്രേഷൻ നമ്പറിലുള്ള കെ.എൽ 50ൽ തുടങ്ങുന്ന കാറുമാണ് മറ്റൊരു തെളിവായിട്ടുള്ളത്. കൂടുതൽ അന്വേഷണത്തിനായി പൊലീസ് മണ്ണാർക്കാട്ടേക്കു തിരിച്ചിട്ടുണ്ട്.
സമാന രീതിയിൽ മുമ്പും പയ്യോളി-പേരാമ്പ്ര റോഡിൽ വെച്ച് കാറിൽ വന്ന ഏഴംഗസംഘം യുവാവിനെ തട്ടിക്കൊണ്ടുപോവാൻ ശ്രമിച്ചിരുന്നു.
2021 മേയ് 27ന് വൈകീട്ട് അഞ്ചിന് കൊയിലാണ്ടി ഊരള്ളൂർ മേക്കുറികണ്ടി ഷംസാദിനെ (42) കത്തികാണിച്ച് ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചിരുന്നുവെങ്കിലും നാട്ടുകാരുടെ ഇടപെടലിൽ വിഫലമാവുകയായിരുന്നു. സംഭവത്തിൽ പ്രതികളായ ഏഴു പേർക്കെതിരെ കേസെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.