സി.പി.എം പ്രവർത്തകർക്ക് വെട്ടേറ്റ സംഭവം; അഞ്ചുപേര്‍ റിമാൻഡിൽ
text_fieldsമട്ടന്നൂര്‍: ഇടവേലിക്കലില് മൂന്നുസി.പി.എം പ്രവര്‍ത്തകരെ വെട്ടി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ എ.കെ. നിധിന്, വി.കെ. ദിജിന്, ഹരിലാല്‍, ശ്രീകുട്ടന്, ആദര്‍ശ് എന്നിവരെ റിമാൻഡ് ചെയ്തു. ആറു പേര് മട്ടന്നൂര്‍ പൊലീസ് കസ്റ്റഡിയിലുണ്ട്. കേസിലുള്‍പ്പെട്ട 11 പേരും ഇതോടെ പിടിയിലായി.
സംഭവത്തില്‍ രാഷ്ട്രീയമില്ലെന്ന് പൊലീസ് വ്യക്തമാക്കി. സി.പി.എം പ്രവര്‍ത്തകരായ ലതീഷ് (36), സുനോഭ് (35), റിജില്‍ (30) എന്നിവര്‍ക്കാണ് ഞായറാഴ്ച രാത്രി പത്തുമണിയോടെ ഇടവേലിക്കല്‍ ബസ് സ്റ്റോപ്പില്‍വെച്ച് വെട്ടേറ്റത്. ഇവരെ കണ്ണൂര്‍ എ.കെ.ജി സ്മാരക സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആര്.എസ്.എസ് പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് സി.പി.എം ആരോപിച്ചു. അക്രമി സംഘം വന്ന ഒരു ബൈക്ക് മറിഞ്ഞുവീണ നിലയിലായിരുന്നു. മറ്റൊരു ബൈക്കും കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വെട്ടേറ്റ റിജിലും അക്രമി സംഘത്തിലുണ്ടായിരുന്ന സുജിനും തമ്മില്‍ രാത്രി മട്ടന്നൂര്‍ ടൗണില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു.
സമീപത്തുണ്ടായിരുന്നവര്‍ ഇടപെട്ട് ഇരുവരെയും പിടിച്ചുമാറ്റുകയായിരുന്നു. തുടര്‍ന്നാണ് ഇടവേലിക്കല്‍ ബസ് സ്റ്റോപ്പില്‍ ഇരിക്കുകയായിരുന്ന ഇവരെ അക്രമി സംഘം ആയുധങ്ങളുമായെത്തി വെട്ടിപ്പരിക്കേല്‍പ്പിച്ചത്. മട്ടന്നൂര്‍ ടൗണിലുണ്ടായിരുന്ന ഏറ്റുമുട്ടലിന്റെ തുടര്‍ച്ചയായാണ് ഇടവേലിക്കലില് നടന്നതെന്നാണ് പൊലീസ് പറയുന്നത്.
വേട്ടേറ്റ ലതീഷിനെ 2018ല്‍ ഇരിട്ടി റോഡില്‍നിന്ന് വെട്ടിപ്പരിക്കേല്‍പ്പിച്ച പ്രതിയും കേസിലുണ്ടെന്ന് സി.പി.എം ആരോപിക്കുന്നു. ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മട്ടന്നൂരിലുണ്ടായ അക്രമ സംഭവത്തെ ഗൗരവത്തോടെയാണ് പൊലീസ് കാണുന്നത്. ചെറിയ ഇടവേളക്കുശേഷമാണ് മട്ടന്നൂര്‍ മേഖലയില്‍ വീണ്ടും രാഷ്ട്രീയ സംഘര്‍ഷം ഉടലെടുത്തിരിക്കുന്നത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് നെല്ലൂന്നി, ഇടവേലിക്കല്‍ ഭാഗങ്ങളില്‍ നിരന്തരം അക്രമ സംഭവങ്ങള്‍ ഉണ്ടായെങ്കിലും രാഷ്ട്രീയ നേതൃത്വങ്ങള്‍ ഇടപെട്ട് പ്രശ്നങ്ങള്‍ ഒഴിവാക്കുകയായിരുന്നു. കണ്ണൂര്‍ സിറ്റി പൊലീസ് കമീഷണര്‍ അജിത്ത് കുമാര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു. പ്രദേശത്ത് പൊലീസും സി.ആര്.പി.എഫും റൂട്ട് മാര്‍ച്ച് നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.