വൈദ്യുതി കണക്ഷൻ വിച്ഛേദിച്ച സംഭവം; ഇരുട്ടിലാക്കാൻ വ്യവസ്ഥയില്ല; നടപടി നിയമവിരുദ്ധം
text_fieldsതിരുവനന്തപുരം: തിരുവമ്പാടിയിൽ കെ.എസ്.ഇ.ബി ജീവനക്കാരെ മർദിക്കുകയും സെക്ഷൻ ഓഫിസ് അടിച്ചുതകർക്കുകയും ചെയ്തെന്ന പേരിൽ വീട്ടിലേക്കുള്ള വൈദ്യുതി കണക്ഷൻ വിച്ഛേദിച്ച നടപടി നിയമവിരുദ്ധം.
വൈദ്യുതിബന്ധം വിച്ഛേദിക്കുന്നതിന് വ്യക്തമായ മാർഗനിർദേശങ്ങൾ നേരത്തേ തന്നെ പുറപ്പെടുവിച്ചിട്ടുണ്ട്. റെഗുലേറ്ററി കമീഷൻ അംഗീകരിച്ച് കെ.എസ്.ഇ.ബി നടപ്പാക്കുന്ന സപ്ലൈ കോഡിലും വൈദ്യുതി കണക്ഷനുകൾ നൽകുന്നതിനും വിച്ഛേദിക്കുന്നതിനുമുള്ള വ്യവസ്ഥകൾ വിശദീകരിക്കുന്നുണ്ട്. എന്നാൽ ഇവയിലൊന്നും ‘പ്രതികാര’മായി ഉപഭോക്താവിനെ ഇരുട്ടിലാക്കാൻ അനുവാദം നൽകുന്നില്ല.
തിരുവമ്പാടിയിൽ കെ.എസ്.ഇ.ബി ജീവനക്കാർക്കും ഓഫിസിനും നേരെയുണ്ടായ ആക്രമണത്തിൽ നിയമനടപടികൾ സ്വീകരിക്കുകയാണ് കെ.എസ്.ഇ.ബിക്ക് മുന്നിലുള്ള വഴി. കണക്ഷൻ വിച്ഛേദിക്കാനും പുനഃസ്ഥാപിക്കാനും സുരക്ഷിതമായ സാഹചര്യമില്ലെങ്കിൽ പൊലീസ് സഹായവും തേടാം. ജീവനക്കാർക്ക് നേരെ അതിക്രമമുണ്ടായാൽ സർക്കാർ ജീവനക്കാരെ മർദിക്കൽ, കൃത്യനിർവഹണം തടസ്സപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം ശക്തമായ നടപടി പൊലീസിന് സ്വീകരിക്കാനുമാവും. ഓഫിസ് ആക്രമിക്കപ്പെട്ടാൽ പൊതുമുതൽ നശിപ്പിക്കൽ ഉൾപ്പെടെ ഗുരുതര കുറ്റങ്ങൾ ചുമത്തി കേസെടുക്കാനും നിയമമുണ്ട്. എന്നാൽ ജീവനക്കാരെ മർദിക്കുകയും ഓഫിസ് ആക്രമിക്കുകയും ചെയ്തതിന്റെ പേരിൽ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചതിന് നിയമ പരിരക്ഷയില്ലെന്ന് വ്യക്തമായിട്ടും ഇരുട്ടിലാക്കി ‘പ്രതികാരം’ തീർക്കുകയായിരുന്നു കെ.എസ്.ഇ.ബി. സെക്ഷൻ ഓഫിസിനുണ്ടായ നാശനഷ്ടമടക്കം ഈടാക്കിയാലേ വൈദ്യുതി പുനഃസ്ഥാപിക്കാനാവൂവെന്ന നിലപാടാണ് ആദ്യം കെ.എസ്.ഇ.ബി സ്വീകരിച്ചത്. സംഭവം വിവാദമായതോട നിലപാട് മാറ്റി ‘ജീവനക്കാരുടെ സംരക്ഷണം ഉറപ്പാക്കിയാൽ’ കണക്ഷൻ പുനഃസ്ഥാപിക്കാമെന്ന് തീരുമാനിക്കുകയുമായിരുന്നു. .
വൈദ്യുതി വിച്ഛേദിക്കൽ മാനദണ്ഡങ്ങൾ
ബിൽ തുക അടയ്ക്കാത്തത് മൂലമുള്ള വിച്ഛേദിക്കൽ ഒഴിവാക്കാൻ എസ്.എം.എസ്, ഇ-മെയിൽ വഴി ഉപഭോക്താക്കളെ ഓർമപ്പെടുത്തും.
വൈദ്യുതി വിച്ഛേദിക്കുന്നത് പ്രവൃത്തിദിവസങ്ങളിൽ ഉച്ചക്ക് ഒന്നുവരെ മാത്രമായിരിക്കും.
വൈദ്യുതി വിച്ഛേദിച്ചാൽ വിവരം രജിസ്റ്റർ ചെയ്ത ഫോൺ നമ്പർ വഴി ഉപഭോക്താവിനെ അറിയിക്കും.
വൈദ്യുതി വിച്ഛേദിച്ചശേഷം ബിൽ അടച്ചാൽ (അവധി ദിവസങ്ങളിൽ ഉൾപ്പെടെ) എത്രയുംവേഗം വൈദ്യുതി പുനഃസ്ഥാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.